മാംസത്തില്‍ നിന്നുള്ള ഭക്ഷ്യവിഷബാധയ്ക്കു പ്രധാന കാരണങ്ങളിലൊന്ന് അത് പാകം ചെയ്യുമ്പോള്‍ മാംസത്തിന്റെ പുറംഭാഗം മാത്രം വേവുകയും ഉൾവശം വേവാതിരിക്കുകയും ചെയ്യുന്നതാണ്. നന്നായിട്ട് വേവാത്ത ഭാഗത്ത് രോഗാണുകള്‍ പെരുകുന്നു. ഇറച്ചി വാങ്ങുമ്പോള്‍ മുതല്‍ കരുതലും ആവശ്യമാണ്.
ഇറച്ചിയുടെ നിറം, മണം, കാഠിന്യം, എല്ലുകളുടെ അവസ്ഥ ഇവയെല്ലാം ശ്രദ്ധിച്ചാല്‍ മാംസത്തിന്റെ ഗുണവും നിലവാരവും തിരിച്ചറിയാം. ഇളംറോസ് നിറവും ഉറപ്പുള്ള പേശികളും മാംസം നല്ലതാണെന്ന് സൂചിപ്പിക്കുന്നു. മാംസം കഴുകി വൃത്തിയാക്കി വെള്ളമയം ഇല്ലാതെ പോളിത്തീന്‍ കവറുകളിലാക്കി വേണം സൂക്ഷിക്കാന്‍. ഒരു മാംസവും 5 ദിവസത്തിലധികം ഫ്രീസ് ചെയ്യരുത്. ഫ്രിജിൽ നിന്നെടുത്ത് തണുപ്പുമാറ്റിയ മാംസം വീണ്ടും ഫ്രീസ് ചെയ്യുന്നത് രോഗാണുക്കള്‍ പെരുകാന്‍ കാരണമാകുന്നു. വയറുവേദന, വയറുകത്തല്‍, ഛര്‍ദി എന്നിവ മാംസാഹാരത്തില്‍ നിന്നുള്ള വിഷബാധയുടെ ലക്ഷണങ്ങളാണ്.
കേടാകാത്ത മത്സ്യത്തിന്റെ മാംസം തിളക്കവുള്ളതായിരിക്കും. മാംസം അടര്‍ന്നുപോകുന്നത് പഴക്കം കൊണ്ടാണ്. മത്സ്യത്തിന് അമോണിയ, ഫോർമലിൻ തുടങ്ങിയ രാസവസ്തുക്കളുടെ മണവുമുണ്ടാകരുത്. ഇവയുടെ അമിത സാന്നിധ്യം ഉദരപ്രശ്നങ്ങള്‍ക്ക് കാരണമാകും.
മുട്ടയൊരു സമ്പൂര്‍ണ ഭക്ഷണമാണ്. പഴകിയ മുട്ട ജലനിരപ്പിലേക്കു പൊങ്ങിവരും. മുട്ട പുഴുങ്ങി കഴിക്കുന്നതാണ് നല്ലത്.
പലപ്പോഴും വിഷക്കൂണുക്കളെ വിഷമില്ലാത്തവയില്‍നിന്ന് നിറംകൊണ്ടോ ഘടന കൊണ്ടോ തിരിച്ചറിയാനായി കഴിയില്ല. തിരിച്ചറിഞ്ഞിട്ടുള്ള ഒരു ലക്ഷത്തില്‍പ്പരം കൂണിനങ്ങളില്‍ ആറോളം ഇനങ്ങളാണ് ആരോഗ്യത്തിന് ഹാനികരം . ഇതില്‍ അമാനിറ്റ ഫാലോയിഡ്‌സ് ആണ് മാരകം. കൂണുകളിലെ ഭക്ഷ്യവിഷബാധയില്‍ 6 മുതല്‍ 12 മണിക്കൂറിനുള്ളില്‍ പ്രാരംഭ ലക്ഷണമായ ഛര്‍ദി ഉണ്ടാകുന്നു. രക്തത്തിലെ പഞ്ചസാരയുടെ നില മിതമായി താഴുന്നതിനൊപ്പം കരളിന്റെ പ്രവര്‍ത്തനവും തകരാറിലാക്കും.
പാല്‍ ദീര്‍ഘനാള്‍ കേടാകാതെയിരിക്കാനായി സോഡിയം കാര്‍ബണേറ്റ് സോഡിയം ബൈ കാര്‍ബണേറ്റ് തുടങ്ങിയ ന്യുട്രലൈസറുകള്‍ ചേര്‍ക്കാറുണ്ട്. ശരീരത്തിനും ഹാനികരമാണ്. ഭക്ഷണം കേട് കൂടാതെ സംരക്ഷിക്കാനായി ചേര്‍ക്കുന്ന പല ഘടകങ്ങളും അളവിനേക്കാള്‍ കൂടുമ്പോള്‍ അവ ആഹാരം വിഷമയമാക്കുന്നു. സോര്‍ബേറ്റ്‌സ്, നൈട്രേറ്റ്‌സ്, സള്‍ഫേറ്റ്‌സ്, ബെന്‍സോയേറ്റ്‌സ് തുടങ്ങിയ വസ്തുക്കളാണ് ഇത്തരത്തില്‍ ഉപയോഗിക്കുന്നത്.