Oddly News

ബലാത്സംഗം, പുരുഷന്മാരുടെ ജനനേന്ദ്രിയ ഛേദനം; യുക്രെയ്നിൽ ലൈംഗിക അതിക്രമങ്ങൾ യുദ്ധായുധമാക്കി റഷ്യ, യുഎൻ റിപ്പോർട്ട് പുറത്ത്

റഷ്യൻ സൈന്യം യുക്രെയ്നിലെ തടവുകാർക്കെതിരെ ലൈംഗിക അതിക്രമങ്ങൾ ഒരു ‘യുദ്ധായുധമായി’ ഉപയോഗിക്കുന്നുവെന്ന് ദ വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട്. യുക്രെയ്നിലെ വനിതകളും പുരുഷന്മാരുമായ സൈനികരെയും സാധാരണക്കാരെയും ലൈംഗികമായി പീഡിപ്പിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതിലൂടെ അവരുടെ മനോവീര്യം തകർക്കുകയാണ് റഷ്യ ലക്ഷ്യമിടുന്നത്. അതിജീവിച്ചവർ, യുക്രേനിയൻ പ്രോസിക്യൂട്ടർമാർ, ഐക്യരാഷ്ട്രസഭയുടെ അന്വേഷകർ എന്നിവരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 2022-ൽ അധിനിവേശം ആരംഭിച്ചതുമുതൽ പ്രധാനമായും പുരുഷ തടവുകാർക്ക് നേരെയാണ് റഷ്യൻ സൈന്യം ഇത്തരം പീഡനങ്ങൾ പ്രയോഗിക്കുന്നത്.

2022-ൽ റഷ്യൻ സൈന്യത്തിന്റെ പിടിയിലായ സെർഹി ബോയ്ചുക് (33) എന്ന മുൻ തടവുകാരൻ, താൻ അനുഭവിച്ച ക്രൂരമായ ശാരീരിക-ലൈംഗിക പീഡനങ്ങളെക്കുറിച്ച് വെളിപ്പെടുത്തി. തടവുകാരെ മാനസികമായി തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പീഡനങ്ങളെന്നും 2024 ഒക്ടോബറിലെ തടവുകാരുടെ കൈമാറ്റത്തിലാണ് തനിക്ക് മോചനം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പല മുൻ യുദ്ധത്തടവുകാരും സമാനമായ പീഡനാനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

ഐക്യരാഷ്ട്രസഭയുടെയും യുക്രേനിയൻ രഹസ്യാന്വേഷണ ഏജൻസികളുടെയും അന്വേഷണ കണ്ടെത്തലുകളുമായി ഈ മൊഴികൾ ചേർന്നുപോകുന്നുണ്ട്. റഷ്യൻ ഉന്നത ഉദ്യോഗസ്ഥരുടെ പ്രോത്സാഹനത്തോടെയാണ് യുദ്ധത്തടവുകാർക്കും സാധാരണക്കാർക്കുമെതിരെ ഇത്തരം അതിക്രമങ്ങൾ നടക്കുന്നതെന്നാണ് സൂചന. സാധാരണയായി യുദ്ധങ്ങളിൽ സ്ത്രീകളും കുട്ടികളുമാണ് ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകാറുള്ളത്. അധിനിവേശത്തിന്റെ തുടക്കത്തിൽ റഷ്യൻ സൈന്യം യുക്രേനിയൻ സ്ത്രീകളെ ലക്ഷ്യമിട്ടിരുന്നെങ്കിലും, പിന്നീട് യുദ്ധക്കളത്തിൽ നിന്ന് പിടിയിലാകുന്ന പുരുഷ സൈനികർക്ക് നേരെ പീഡനം വർധിക്കുകയായിരുന്നു.

ഐക്യരാഷ്ട്രസഭ അന്വേഷിക്കുന്ന 310 ലൈംഗികാതിക്രമ കേസുകളിൽ 280 എണ്ണത്തിലും ഇരകൾ പുരുഷന്മാരാണ്. കൂട്ടമാനഭംഗം, ലൈംഗികാവയവങ്ങളിൽ വൈദ്യുതാഘാതമേൽപ്പിക്കൽ, മർദ്ദനം, വടികളും കുപ്പികളും ഉപയോഗിച്ചുള്ള പീഡനം എന്നിവ റഷ്യൻ സൈന്യം നടത്തുന്നതായി ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നു. ഇനി കുട്ടികളുണ്ടാകില്ലെന്ന് ഭീഷണിപ്പെടുത്തിയതായും തടവുകാർ വെളിപ്പെടുത്തി.

എന്നാൽ ഈ ആരോപണങ്ങളോട് റഷ്യൻ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. മുൻകാലങ്ങളിൽ ഇത്തരത്തിലുള്ള ആരോപണങ്ങൾ റഷ്യ തള്ളിക്കളയുകയും ഇവ രാഷ്ട്രീയ പ്രേരിതമാണെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. കൂടാതെ, ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന യുക്രെയിനിലെ റഷ്യൻ അധിനിവേശ മേഖലകളിലേക്ക് കടക്കാൻ ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥർക്ക് റഷ്യ അനുമതി നൽകിയിട്ടുമില്ല.

അതേസമയം, റഷ്യൻ അധിനിവേശ പ്രദേശങ്ങളിൽ നടക്കുന്ന യഥാർത്ഥ പീഡനങ്ങളുടെ അളവ് ഇതിലും വളരെ വലുതാണെന്ന് യുക്രേനിയൻ അന്വേഷകർ വിശ്വസിക്കുന്നു. പ്രതികാര ഭയവും അപമാനഭയവും കാരണം പല ഇരകളും വിവരങ്ങൾ പുറത്തുപറയാൻ മടിക്കുകയാണ്. ലൈംഗികാതിക്രമങ്ങൾ എന്നത് യുദ്ധം ചെയ്യാനുള്ള ഏറ്റവും ചെലവുകുറഞ്ഞ മാർഗ്ഗമാണെന്ന് യുക്രേനിയൻ പ്രോസിക്യൂട്ടറായ അന്നാ സോസോൺസ്ക അഭിപ്രായപ്പെട്ടു. യുക്രെയ്ൻ പ്രോസിക്യൂട്ടർ ഓഫീസ് നിലവിൽ ഇത്തരത്തിലുള്ള നാനൂറോളം കേസുകളാണ് അന്വേഷിക്കുന്നത്. ഇതിൽ 148 എണ്ണത്തിലും ഇരകൾ പുരുഷന്മാരാണ്.

Leave a Reply

Your email address will not be published. Required fields are marked *