Crime

കാമുകനും കൂട്ടുകാരനും മകളെ കാഴ്ചവച്ച് അമ്മ! കൂട്ടബലാത്സംഗം; 13 കാരിയെ കൊണ്ടുവന്നത് ഔട്ടിംഗിനെന്ന് പറഞ്ഞ്

ഹരിദ്വാറില്‍ പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ കാമുകനും മറ്റൊരു പുരുഷ കൂട്ടാളിക്കും ബലാത്സംഗം ചെയ്യാന്‍ മാതാവ് തന്നെ ഇട്ടുകൊടുത്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു. ഔട്ടിംഗിനെന്ന് പറഞ്ഞ് മകളെ പുറത്ത് കൊണ്ടുപോയി ഒരു സ്‌റ്റേഡിയത്തില്‍ വെച്ചായിരുന്നു അമ്മ തന്നെ കാമുകനും കൂട്ടുകാരനും കാഴ്ചവെച്ചതെന്നാണ് സംഭവത്തില്‍ പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം.

ആദ്യ ബലാത്സംഗത്തിന് ശേഷം അമ്മയുടെ കാമുകനും കൂട്ടാളിയും പലയിടത്തുമായി കൊണ്ടുപോയി എട്ടു തവണയാണ് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. പെണ്‍കുട്ടി പോലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ബിജെപി മഹിളാ മോര്‍ച്ചയുടെ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയായ അമ്മയെയും കാമുകനെയും അറസ്റ്റ് ചെയ്തു. ജനുവരി മുതല്‍ മാര്‍ച്ച് വരെ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി.

കടുത്ത ദാമ്പത്യ തര്‍ക്കത്തില്‍ നിന്നും ഉടലെടുത്ത കേസാണ് ഇതെന്നാണ് സൂചനകള്‍. തര്‍ക്കം കാരണം അനാമിക ശര്‍മ്മ ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 13 വയസ്സുള്ള മകള്‍ കഴിഞ്ഞ ഒരു മാസമായി പിതാവിനൊപ്പമാണ് താമസം. മകളുടെ കടുത്ത വിഷാദവും ഒന്നിലും താല്‍പ്പര്യമില്ലായ്മയും വിഷമത്തോടെയുള്ളതുമായ പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ട പിതാവ് അവളോട് സംസാരിച്ചു, അമ്മയും അമ്മയുടെ കാമുകന്‍ സുമിതും ചേര്‍ന്ന് നടത്തിയ ലൈംഗികാതിക്രമത്തിന്റെ ഭയാനകമായ കൃത്യം കുട്ടി അച്ഛനോട് വെളിപ്പെടുത്തി.

ഉടന്‍ തന്നെ പിതാവ് റാണിപൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും പോലീസ് ദ്രുതഗതിയില്‍ നടപടി സ്വീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലും ഇരയുടെ വൈദ്യപരിശോധനയിലും ലൈംഗികാതിക്രമം സ്ഥിരീകരിച്ചു. ജൂണ്‍ 4 ബുധനാഴ്ച, സുമിത് പാട്ടത്തിനെടുത്ത വസ്തുവായ ശിവമൂര്‍ത്തി ചൗക്കിന് സമീപമുള്ള യുഗ് റെസിഡന്‍സി ഹോട്ടലില്‍ നിന്നാണ് അനാമിക ശര്‍മ്മയെ അറസ്റ്റ ചെയ്തത്. ബഹദ്രാബാദിലെ ന്യൂ കനാല്‍ കോളനിയില്‍ താമസിക്കുന്ന സുമിത് പട്വാളിനെയും പോലീസ് പൊക്കി.

പെണ്‍കുട്ടിയുടെ രഹസ്യമൊഴിയെ തുടര്‍ന്ന് ഹരിദ്വാര്‍ പൊലീസ് ഉടന്‍ അന്വേഷണം ആരംഭിച്ചു. അനാമിക ശര്‍മ്മയുടെയും സുമിത് പട്വാളിന്റെയും അറസ്റ്റിലേക്ക് നയിച്ച ആദ്യ കണ്ടെത്തലുകള്‍ ആരോപണങ്ങളെ ശരിവെക്കുന്നതായി റിപ്പോര്‍ട്ട്. കുറ്റകൃത്യത്തില്‍ പങ്കുള്ള മറ്റ് വ്യക്തികള്‍ക്കായി പോലീസ് ഇപ്പോള്‍ ഊര്‍ജിതമായി തിരച്ചില്‍ നടത്തുകയാണ്.

2025 ജനുവരിയില്‍ അമ്മ സുമിത് പട്വാളും സുഹൃത്ത് ശുഭമും ചേര്‍ന്ന് തന്നെ ഔട്ടിങ്ങിന്റെ പേരില്‍ ഭെല്‍ സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോയി എന്ന് ഇര മൊഴിയില്‍ വെളിപ്പെടുത്തിയതായി പോലീസ് പറയുന്നു. അവിടെവെച്ച് മദ്യലഹരിയിലും അമ്മയുടെ സമ്മതത്തോടെയും രണ്ടുപേരും ചേര്‍ന്ന് അവളെ കൂട്ടബലാത്സംഗം ചെയ്തു. ഹരിദ്വാര്‍, ആഗ്ര, വൃന്ദാവന്‍ എന്നിവിടങ്ങളിലെ ഹോട്ടലുകള്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ പീഡനം തുടര്‍ന്നു. പീഡനവിവരം പുറത്ത് പറഞ്ഞാല്‍ അവളെയും പിതാവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.