Featured Spotlight

ഒരാൾ എങ്ങനെ 389 പേരുടെ അച്ഛനാവും? ബംഗാളില്‍ SIR ന്റെ ആവശ്യകത വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി ∙ എസ്ഐആർ നടപടികളുടെ ഭാഗമായി ബംഗാളിൽ വോട്ടർപട്ടിക പരിഷ്കരിക്കുന്ന വേളയിൽ കണ്ടെത്തിയത് ഗുരുതരമായ പിഴവുകൾ. തിങ്കളാഴ്ച സുപ്രീംകോടതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഹാജരാക്കിയ രേഖകളിലാണ് പിഴവുകളെ കുറിച്ചുള്ള വിവരങ്ങളുള്ളത്. ഒരേ മണ്ഡലത്തിൽ നൂറുകണക്കിന് വോട്ടർമാർ അച്ഛന്റെ പേരായി ഉൾപ്പെടുത്തിയത് ഒരേ പേരാണെന്നും കണ്ടെത്തി. കഴിഞ്ഞ കുറച്ചു തിരഞ്ഞെടുപ്പുകളിൽ പിഴവുകൾ നിറഞ്ഞ ഈ വോട്ടർ പട്ടികയാണ് ഉപയോഗിച്ചിരുന്നത്. 

അസൻസോളിലെ ബരാബനി മണ്ഡലത്തിലാണ് 389 വോട്ടർമാരുടെ അച്ഛന്റെ കോളത്തിൽ ഒരാളുടെ പേരു കണ്ടെത്തിയത്. സമാനമായ പൊരുത്തക്കേടുകൾ മറ്റു മണ്ഡ‍ലങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. ഹൗറ ജില്ലയിലെ ബാലിയിലും 310 വോട്ടർമാരുടെ പിതാവായി ഒരാളുടെ പേരാണുള്ളത്. ഇതുപോലെ പൊരുത്തക്കേടുകൾ ഒട്ടേറെ കണ്ടെത്തിയെന്നും ഇവരോടു രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുപ്രീം കോടതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷനുവേണ്ടി ഹാജരായ അഭിഭാഷകൻ രാകേഷ് ദ്വിവേദി പറഞ്ഞു.

ബംഗാളിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി ഹിയറിങ്ങിന് ഹാജരാകാൻ നോട്ടിസ് ലഭിച്ച വ്യക്തി സമ്മർദത്തെ തുടർന്നു മരിച്ചെന്നു പരാതി. മുർഷിദാബാദ് ജില്ലയിലെ നാദപാറ ഗ്രാമത്തിലുള്ള അക്ഷത് അലി മണ്ഡൽ ആണു മരിച്ചത്. മണ്ഡലിന്റെ 5 മക്കളിൽ 4 പേർ കേരളത്തിലും ഒരാൾ സൗദി അറേബ്യയിലും ആണ് ജോലി ചെയ്യുന്നത്. ഇവരെയെല്ലാം ഹാജരാക്കാനാണു നോട്ടിസ് കിട്ടിയത്.