73 ലക്ഷം രൂപ വാർഷിക ശമ്പളമുള്ള മകന് വേണ്ടി ‘കരിയർ ഇല്ലാത്ത’ ഭാര്യയെ തേടുന്ന ഒരു ദക്ഷിണ ഡൽഹി സ്വദേശിനിയുടെ വിചിത്രമായ ആവശ്യം ചർച്ചയാവുകയാണ്. ഒരു മാട്രിമോണിയൽ ആപ്പിന്റെ സിഇഒ പങ്കുവെച്ച ഈ കുറിപ്പ്, ആധുനികമെന്ന് തോന്നിപ്പിക്കുന്ന കുടുംബങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്ന പഴയകാല ചിന്താഗതികളെയാണ് തുറന്നുകാട്ടുന്നത്.
“ഡിഗ്രിയുള്ള ഒരു വീട്ടുജോലിക്കാരിയെയാണോ നിങ്ങൾ തേടുന്നത്?”
‘നോട്ട് ഡേറ്റിംഗ്’ എന്ന മാട്രിമോണിയൽ ആപ്പിന്റെ സിഇഒ ആയ ജസ്വീർ സിംഗ് ആണ് എക്സ് (X) പ്ലാറ്റ്ഫോമിലൂടെ ഈ അനുഭവം പങ്കുവെച്ചത്. തന്റെ ഓഫീസിലെ ഒരു റിലേഷൻഷിപ്പ് മാനേജരും ഒരു പെൺകുട്ടിയുടെ അമ്മയും തമ്മിലുള്ള സംഭാഷണം കേട്ട കാര്യമാണ് അദ്ദേഹം കുറിച്ചത്.
സംഭവം ഇങ്ങനെ: മകന് 73 ലക്ഷം രൂപ വാർഷിക ശമ്പളമുണ്ട്, ഒരു പ്രമുഖ കമ്പനിയിൽ ജോലി ചെയ്യുന്നു. മകന് വേണ്ടി പെൺകുട്ടിയെ തേടുന്ന അമ്മയുടെ ഡിമാൻഡുകൾ ഇതൊക്കെയായിരുന്നു: “പെൺകുട്ടി ഉയരമുള്ളവളും വെളുത്തവളും നല്ല കുടുംബത്തിൽ നിന്നുള്ളവളും ആയിരിക്കണം. ഒപ്പം സൗമ്യമായി സംസാരിക്കുന്നവളും വീട്ടുകാര്യങ്ങൾ നോക്കുന്നവളും ആയിരിക്കണം.”
ഇതുവരെ കാര്യങ്ങൾ സാധാരണപോലെ തോന്നിച്ചെങ്കിലും അടുത്ത നിബന്ധന റിലേഷൻഷിപ്പ് മാനേജരെ ഞെട്ടിച്ചു. “ഞങ്ങളുടേത് ഒരു ബിസിനസ് കുടുംബമാണ്. വിവാഹശേഷം മരുമകൾ ജോലിക്ക് പോകുന്നത് എനിക്ക് ഇഷ്ടമല്ല,” എന്ന് ആ അമ്മ തറപ്പിച്ചു പറഞ്ഞു.
റിലേഷൻഷിപ്പ് മാനേജർ തിരിച്ചു ചോദിച്ചു, “പക്ഷേ നിങ്ങളുടെ മകൻ ജോലി ചെയ്യുന്നുണ്ടല്ലോ?”. അതിന് ആ അമ്മ നൽകിയ മറുപടി ഇതായിരുന്നു: “അത് കുഴപ്പമില്ല, അവന് ജോലി ചെയ്യാം. പക്ഷേ മരുമകൾ ജോലി ചെയ്യുന്നത് എനിക്ക് താല്പര്യമില്ല.”
കൂടുതൽ വിരോധാഭാസം എന്തെന്നാൽ, കരിയറിൽ താല്പര്യമില്ലാത്ത പെൺകുട്ടിയെ നോക്കാമെന്ന് ഓഫീസ് സംഘം പറഞ്ഞപ്പോൾ അതിനും ആ അമ്മ സമ്മതിച്ചില്ല. പെൺകുട്ടി ഉയർന്ന വിദ്യാഭ്യാസമള്ളവളും മികച്ച കോളേജിൽ നിന്ന് പഠിച്ചിറങ്ങിയവളും സ്മാർട്ടും ആയിരിക്കണം എന്നതായിരുന്നു അവരുടെ വാശി. പക്ഷേ വിവാഹശേഷം ജോലി പാടില്ല!
സിഇഒയുടെ രൂക്ഷവിമർശനം
ഈ ഇരട്ടത്താപ്പിനെ ജസ്വീർ സിംഗ് രൂക്ഷമായി വിമർശിച്ചു. അദ്ദേഹം കുറിച്ചു:
“നിങ്ങൾ മകന് വേണ്ടി ഒരു പങ്കാളിയെയല്ല തിരയുന്നത്. മറിച്ച് ബിരുദമുള്ള, കാണാൻ കൊള്ളാവുന്ന ഒരു വീട്ടുജോലിക്കാരിയെയാണ്. കോർപ്പറേറ്റ് തലത്തിൽ തിളങ്ങാൻ കെൽപ്പുള്ള ഒരു റെസ്യൂമെയും എന്നാൽ 1950-കളിലെപ്പോലെ അനുസരണയുമുള്ള ഒരു പെൺകുട്ടിയെയാണ് ഇവർക്ക് വേണ്ടത്.”
വിവാഹങ്ങൾ ആധുനികമാകുന്നുണ്ടെങ്കിലും ആളുകളുടെ മനോഭാവം ഇപ്പോഴും പഴയപടിയാണെന്ന് ഈ സംഭവം തെളിയിക്കുന്നു. “പ്രശ്നം ആൺകുട്ടികളുടേതല്ല, അവർക്ക് കുടുംബം നൽകുന്ന തെറ്റായ ബ്ലൂപ്രിന്റുകളുടേതാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റ് വലിയൊരു ചർച്ചയ്ക്കാണ് ഇപ്പോൾ തുടക്കമിട്ടിരിക്കുന്നത്.




