മുംബൈ∙ പ്രണയബന്ധത്തിന്റെ പേരിൽ മകളുടെ കാമുകനെ ജാതിയുടെ പേരില്‍ ക്രൂരമായി വെടിവച്ച് കൊന്ന് വീട്ടുകാർ. മഹാരാഷ്ട്രയിലെ നാന്ദേഡിലാണ് ക്രൂരമായ കൊലപാതകം നടന്നത്. സാക്ഷം ടേറ്റിനെയാണ് (20) കാമുകിയായ അഞ്ചലിന്റെ പിതാവും സഹോദരന്‍മാരും ചേര്‍ന്നാണ് വെടിവച്ചും കല്ലുകൊണ്ട് തലയ്ക്കിടിച്ചും കൊലപ്പെടുത്തിയത്. ശവസംസ്കാര ചടങ്ങിനെത്തിയ ആഞ്ചൽ, സാക്ഷം ടേറ്റിന്റെ മൃതദേഹത്തിൽ മാല ചാർത്തി. ഇനിയുള്ള കാലം ടേറ്റിന്റെ വീട്ടിൽ മരുമകളായി ജീവിക്കുമെന്നും പ്രഖ്യാപിച്ചു.
സാക്ഷത്തിന്റെ ശവസംസ്‌കാരത്തിനെത്തിയ അഞ്ചല്‍ മൃതദേഹത്തില്‍ മഞ്ഞള്‍ പുരട്ടി കുങ്കുമം തൊട്ട് ഇയാളെ വിവാഹം ചെയ്തതായി പ്രഖ്യാപിച്ചു. ജീവിതകാലം മുഴുവന്‍ സാക്ഷമിന്റെ വീട്ടില്‍ അയാളുടെ ഭാര്യയായി കഴിയുമെന്നും പെണ്‍കുട്ടി പറഞ്ഞു. സാക്ഷമിന്റെ കൊലപാതകികള്‍ ആരായാലും അവര്‍ക്ക് വധശിക്ഷ നല്‍കണമെന്നും അഞ്ചല്‍ ആവശ്യപ്പെട്ടു.
അഞ്ചലിന്റെ സഹോദരന്മാര്‍ വഴിയാണ് ഇരുവരും തമ്മില്‍ പരിചയത്തിലാകുന്നത്. പിന്നീട് ഇടയ്ക്കിടെ കാണുന്നതിലൂടെ ഇരുവരും സുഹൃത്തുക്കളാവുകയും പ്രണയത്തിലാവുകയും ചെയ്തു. മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ജാതിയുടെ പേരില്‍ വീട്ടില്‍ നിന്നും എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. എന്നാല്‍, ഭീഷണിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നെങ്കിലും അഞ്ചല്‍ അവളുടെ പ്രണയത്തില്‍ ഉറച്ചുനിന്നു.
‘‘ സാക്ഷം മരിച്ചെങ്കിലും ഞങ്ങളുടെ സ്നേഹം വിജയിച്ചു, എന്റെ അച്ഛനും സഹോദരങ്ങൾക്കും തോൽവി സംഭവിച്ചു’’– ആഞ്ചൽ മാധ്യമങ്ങളോട് പറഞ്ഞു. ടേറ്റ് മരിച്ചെങ്കിലും തങ്ങളുടെ സ്നേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും അതിനാലാണ് അവനെ വിവാഹം കഴിച്ചതെന്നും ആഞ്ചൽ പറഞ്ഞു. വിവിധ വകുപ്പുകൾ പ്രകാരം ആറ് പ്രതികൾക്കെതിരെ കേസെടുത്ത പൊലീസ് അവരെ അറസ്റ്റ് ചെയ്തു.




