Featured Sports

റിങ്കു മടങ്ങി, സഞ്ജു റെഡി!; സിംബാബ്‌വെക്കെതിരെ ചെപ്പോക്കിൽ ‘സഞ്ജു ഷോ’ വരുന്നു?

ചെന്നൈ: ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പില്‍ സിംബാബ്‌വേയ്‌ക്കെതിരേ നാളെ മത്സരിക്കാനിരിക്കേ ഇന്ത്യന്‍ താരം റിങ്കു സിങ്‌ നാട്ടിലേക്കു മടങ്ങി. പിതാവിന്‌ അസുഖം കൂടുതലായതിനെ തുടര്‍ന്നാണു റിങ്കു മടങ്ങിയത്‌. സിംബാബ്‌വെക്കെതിരായ ജീവൻമരണ പോരാട്ടത്തിന് തൊട്ടുമുൻപാണ് റിങ്കു ടീം വിട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. താരത്തിനു കളിക്കാനായില്ലെങ്കില്‍ മലയാളി താരം സഞ്‌ജു സാംസണിനെയോ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെയോ കളിപ്പിക്കും.

ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, റിങ്കുവിന്റെ അച്ഛൻ സ്റ്റേജ് -4 ലിവർ ക്യാൻസറാണ്, നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തിലാണ്. ഈ നിർണായക സമയത്ത് കുടുംബത്തോടൊപ്പം കഴിയാൻ വേണ്ടിയാണ് അദ്ദേഹം മടങ്ങിയത്. എന്നാൽ അദ്ദേഹം വീണ്ടും ടീമിൽ ചേരുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. എട്ടാം നമ്പര്‍ ബാറ്ററയാണു റിങ്കു കളിച്ചിരുന്നത്‌. ആറ്‌, ഒന്ന്‌, 11, ആറ്‌ എന്നിങ്ങനെയാണു റിങ്കുവിന്റെ സ്‌കോര്‍. സഞ്‌ജുവും അക്ഷറും നെറ്റ്‌സില്‍ പരിശീലനം തുടങ്ങിയിരുന്നു.

റിങ്കുവിന് കളിക്കാൻ സാധിച്ചില്ലെങ്കിൽ, ഇന്ത്യയുടെ മുൻനിരയിലെ ഇടങ്കയ്യൻമാരുടെ ആധിക്യം കുറയ്ക്കാൻ സഞ്ജു സാംസണെ ടീമിലേക്ക് തിരികെ കൊണ്ടുവന്നേക്കാം. മൂന്നാം നമ്പറിൽ സൂര്യകുമാർ യാദവിനും സാധ്യതയുണ്ട്. ചെപ്പോക്കിലെ പരിശീലനത്തിൽ സഞ്ജു സാംസൺ ദീർഘനേരം ബാറ്റിംഗിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. ഗൗതം ഗംഭീറിന്റെ മേൽനോട്ടത്തിൽ ഇഷാൻ കിഷനോടൊപ്പം നെറ്റ്‌സിൽ ബാറ്റ് ചെയ്ത സഞ്ജു, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ് എന്നിവരുടെ ഷോർട്ട് പിച്ച് പന്തുകളെ മികച്ച രീതിയിൽ പുൾ ഷോട്ടുകളിലൂടെ നേരിട്ടു.

എങ്കിലും അർഷ്ദീപിന്റെ ഗുഡ് ലെങ്ത് പന്തുകളിൽ കാലുകൾ ചലിപ്പിക്കാതെ ഡ്രൈവ് ചെയ്യാൻ ശ്രമിച്ച സഞ്ജു ചിലയിടങ്ങളിൽ പതറുകയും ചെയ്തു. മുൻപ് ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ജേക്കബ് ഡഫി, മാറ്റ് ഹെൻറി എന്നിവരുടെ പന്തുകളിലും സഞ്ജു സമാനമായ ബുദ്ധിമുട്ട് നേരിട്ടിരുന്നു. എന്നാൽ സ്പിന്നർമാരെ നേരിടുന്നതിൽ സഞ്ജു ആത്മവിശ്വാസം പ്രകടിപ്പിച്ചു; വരുൺ ചക്രവർത്തിയുടെ പന്തിൽ തകർപ്പൻ സിക്സർ നേടിയ സഞ്ജു, ടി. ദിലീപിന് കീഴിൽ വിക്കറ്റ് കീപ്പിംഗ് പരിശീലനവും റയാൻ ടെൻ ഡോഷെറ്റിന് കീഴിൽ പ്രത്യേക ബാറ്റിംഗ് സെഷനും പൂർത്തിയാക്കി.

ഇന്ത്യൻ മുൻനിരയിലെ ഇടങ്കയ്യൻമാരെ നേരിടാൻ എതിരാളികൾ ഓഫ് സ്പിന്നർമാരെ നിയോഗിക്കുന്നത് പതിവായ സാഹചര്യത്തിൽ സഞ്ജുവിന്റെ സാന്നിധ്യം ടീമിന് കരുത്താകും. സിക്കന്ദർ റാസയുടെ പന്തുകളെ നേരിടാൻ വാഷിംഗ്ടൺ സുന്ദറിനെയും റാസയുടെ ബൗളിംഗ് ശൈലിയുള്ള പ്രാദേശിക ബൗളറെയും നെറ്റ്‌സിൽ കളിച്ച് കിഷനും അഭിഷേക് ശർമ്മയും തയ്യാറെടുത്തു. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ പുറത്തിരുന്ന അക്സർ പട്ടേൽ പരിശീലനത്തിൽ സജീവമായിരുന്നു.

അഫ്ഗാനിസ്ഥാൻ-ന്യൂസിലൻഡ് മത്സരത്തിന് ഉപയോഗിച്ച കറുത്ത മണ്ണുള്ള പിച്ചിൽ സ്പിന്നർമാർക്ക് ഗ്രിപ്പ് ലഭിക്കാൻ സാധ്യതയുള്ളതിനാൽ അക്സർ ടീമിൽ തിരിച്ചെത്തിയേക്കാം. സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിന് ശേഷം മാർച്ച് ഒന്നിന് കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. സെമിഫൈനലിൽ പ്രവേശിച്ചാൽ അത് മാർച്ച് 5-ന് മുംബൈയിൽ നടക്കും, എന്നാൽ എതിരാളികൾ പാകിസ്ഥാനാണെങ്കിൽ മത്സരം മാർച്ച് 4-ന് കൊളംബോയിലായിരിക്കും.

-3.800 എന്ന റണ്‍റേറ്റ്‌ മെച്ചപ്പെടുത്തി ജയിക്കുകയാണ്‌ ഇന്ത്യയുടെ ലക്ഷ്യം. ദക്ഷിണാഫ്രിക്കയോട്‌ 76 റണ്ണിനു തോറ്റതോടെയാണ്‌ റണ്‍റേറ്റ്‌ മൈനസിലെത്തിയത്‌. ഇന്ത്യ ആദ്യം ബാറ്റ്‌ ചെയ്യുകയാണെങ്കില്‍ 220 റണ്ണിന്‌ അടുത്തെടുക്കണം. 80 റണ്ണിനടുത്തു ജയിച്ചാല്‍ റണ്‍റേറ്റ്‌ ഉയരും. വെസ്‌റ്റിന്‍ഡീസ്‌ (5.350), ദക്ഷിണാഫ്രിക്ക (3.800) എന്നിവര്‍ ഇന്ത്യക്ക്‌ മുന്നിലാണ്‌.

സൂപ്പര്‍ എട്ട്‌ ഗ്രൂപ്പ്‌ ഒന്നിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോടു തോറ്റതോടെ സിംബാബ്‌വേയ്‌ക്കെതിരായ മത്സരം നിര്‍ണായകമായി. തോറ്റാല്‍ നിലവിലെ ചാമ്പ്യനായ ഇന്ത്യ സെമി ഫൈനല്‍ കാണാതെ മടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *