Sports

സഞ്‌ജുവിന്‌ അവസരങ്ങള്‍ നല്‍കിയെന്ന്‌ സൂര്യകുമാര്‍

കട്ടക്ക്‌: അടുത്ത വര്‍ഷം ആരംഭിക്കുന്ന ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പ്‌ മുന്നോടിയായുള്ള മത്സരങ്ങളാണു നടക്കുന്നതെന്ന്‌ ഇന്ത്യന്‍ ടീം നായകന്‍ സൂര്യകുമാര്‍ യാദവ്‌. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്നു നടക്കുന്ന അഞ്ച്‌ ട്വന്റി20 കളുടെ പരമ്പരയ്‌ക്കു മുന്നോടിയായുള്ള കൂടിക്കാഴ്‌ചയിലാണു സൂര്യകുമാര്‍ യാദവ്‌ നയം വ്യക്‌തമാക്കിയത്‌. പരുക്കിനെ തുടര്‍ന്നു വിശ്രമത്തിലായിരുന്ന ശുഭ്‌മന്‍ ഗില്ലും ഹാര്‍ദിക്‌ പാണ്ഡ്യയും തിരിച്ചെത്തിയതോടെ ടീമില്‍ അധികം പരീക്ഷണങ്ങള്‍ക്കു സാധ്യതയില്ലെന്നും സൂര്യ പറഞ്ഞു.

മലയാളി വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണിന്‌ പകരം ഗില്‍ കളിക്കാന്‍ കാരണം അദ്ദേഹം ആ സ്‌ഥാനം അര്‍ഹിച്ചിരുന്നതിലാണെന്ന്‌ സൂര്യകുമാര്‍ പറഞ്ഞു. സഞ്‌ജുവിന്‌ അവസരങ്ങള്‍ ലഭ്യമാക്കി. ഓപ്പണര്‍ എന്ന നിലയില്‍ സഞ്‌ജു മികച്ച പ്രകടനമാണ്‌ കാഴ്‌ചവച്ചത്‌. ഗില്ലും സഞ്‌ജുവും ടീമിന്റെ പദ്ധതികളുടെ ഭാഗമാണ്‌.

രണ്ടു പേര്‍ക്കും ഒന്നിലധികം റോളുകള്‍ ചെയ്യാന്‍ കഴിയും. നിലവില്‍ സഞ്‌ജു മൂന്നാം നമ്പറിലോ അഞ്ചാം നമ്പറിലോ ആണ്‌ ബാറ്റ്‌ ചെയ്യുന്നത്‌. ഏത്‌ നമ്പറില്‍ ബാറ്റ്‌ ചെയ്യാനും അദ്ദേഹം തയാറാണ്‌. ട്വന്റി20 യില്‍ മൂന്ന്‌ മുതല്‍ ഏഴ്‌ വരെയുള്ള സ്‌ഥാനങ്ങളില്‍ ബാറ്റ്‌ ചെയ്യുന്നവര്‍ക്ക്‌ നിശ്‌ചിത സ്‌ഥാനമില്ല. സയിദ്‌ മുഷ്‌താഖ്‌ അലി ട്വന്റി20യില്‍ സഞ്‌ജു കേരളത്തിനായി മികച്ച പ്രകടനം നടത്തിയിരുന്നു. സഞ്‌ജുവിന്‌ പരമ്പരയില്‍ കളിക്കാന്‍ അവസരം ലഭിക്കുമെന്നതില്‍ ഉറപ്പില്ല. അഭിഷേക്‌ ശര്‍മയ്‌ക്കൊപ്പം ഗില്‍ തന്നെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. മൂന്നാം സ്‌ഥാനത്ത്‌ സൂര്യകുമാറും നാലാമതായി തിലക്‌ വര്‍മയും എത്തും. വിക്കറ്റ്‌ കീപ്പറായി ജിതേഷ്‌ ശര്‍മയും ടീമിലുള്ളതിനാല്‍ സഞ്‌ജുവിന്‌ അവസരം ലഭിക്കാന്‍ സാധ്യത കുറവാണെന്നാണ്‌ വിലയിരുത്തല്‍.