Oddly News

ഇന്ത്യക്കാരുടെ അടുക്കളകളിലെ ഏറ്റവും സാധാരണക്കാരനായ വെണ്ടയ്ക്ക അമേരിക്കയിൽ ചെന്നപ്പോൾ ലുക്കും വിലയും മാറി വലിയൊരു ‘പ്രീമിയം സ്നാക്കായി’ മാറിയിരിക്കുകയാണ്. അമേരിക്കയിലെ ഒരു സൂപ്പർമാർക്കറ്റിൽ വെണ്ടയ്ക്ക വറുത്ത് മസാല ചേർത്തത് ചെറിയ പാക്കറ്റിലാക്കി വൻ വിലയ്ക്ക് വിൽക്കുന്നത് കണ്ട് അമ്പരന്നിരിക്കുകയാണ് ഇന്ത്യൻ വംശജനായ ആശിഷ് അഹൂജ എന്ന യുവാവ്.

ഇൻസ്റ്റാഗ്രാമിൽ ഇദ്ദേഹം പങ്കുവെച്ച വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൻതോതിൽ വൈറലാവുകയാണ്. നമ്മൾ നിത്യേന കറിവെക്കാൻ ഉപയോഗിക്കുന്ന വെണ്ടയ്ക്ക തന്നെയാണ് കുറഞ്ഞ അളവിൽ വലിയ വിലയ്ക്ക് വിൽക്കുന്നതെന്ന് ആശിഷ് വീഡിയോയിലൂടെ ചൂണ്ടിക്കാണിക്കുന്നു. വെറും 85 ഗ്രാം മാത്രം തൂക്കമുള്ള ഈ വെണ്ടയ്ക്കാ സ്നാക്ക് പാക്കറ്റിന് 6.50 യുഎസ് ഡോളറാണ് അവിടെ വില ഈടാക്കുന്നത്. അതായത് ഇന്ത്യൻ രൂപയിൽ കണക്കാക്കുമ്പോൾ ഇത് ഏകദേശം 600 രൂപയോളം വരും!



ഈ കണക്ക് വെച്ച് നോക്കിയാൽ ഒരു കിലോഗ്രാം വെണ്ടയ്ക്കാ സ്നാക്ക് വാങ്ങണമെങ്കിൽ ഏകദേശം 7,250 രൂപയോളം നൽകേണ്ടി വരുമെന്ന് ആശിഷ് കണക്കുകൂട്ടുന്നു. വിപണിയിലെ മറ്റ് പ്രമുഖ ചിപ്സ് ബ്രാൻഡുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ വിലയുടെ വലിപ്പം മനസ്സിലാകുക.

അമേരിക്കയിൽ ലെയ്സിന്‍റെ വലിയൊരു പാക്കറ്റിന് വെറും 2.50 ഡോളർ അതായത് ഏകദേശം 200 രൂപ മാത്രമാണ് വില വരുന്നത്. അവിടെയുള്ള ഭൂരിഭാഗം സാധാരണ സ്നാക്കുകളും 2 മുതൽ 4 ഡോളർ വരെയുള്ള നിരക്കിൽ ലഭിക്കുമ്പോഴാണ് ഈ ചെറിയ വെണ്ടയ്ക്കാ പാക്കറ്റിന് 6.50 ഡോളർ ഈടാക്കുന്നത്. അമേരിക്കയിൽ വെണ്ടയ്ക്ക അധികം വിളയാത്തത് കൊണ്ടാകാം ഇത്രയും അമിത വില ഈടാക്കുന്നതെന്നും ആശിഷ് വീഡിയോയിൽ പറയുന്നുണ്ട്.

ഇന്ത്യയിൽ ഇത് വെറുമൊരു സാധാരണ പച്ചക്കറി മാത്രമാണ്, എന്നാൽ അമേരിക്കയിൽ ഇതിനെ വറുത്ത് പാക്കറ്റിലാക്കിയപ്പോൾ ഇതൊരു ആഡംബര സ്നാക്ക്സായി മാറിയെന്നും, ആരെങ്കിലും 7,200 രൂപയ്ക്ക് വെണ്ടയ്ക്ക വാങ്ങുമോ അതോ അത്രയും പൈസയ്ക്ക് ഫ്രിഡ്ജ് നിറയെ സാധനങ്ങൾ വാങ്ങുമോ എന്ന കുറിപ്പോടെയാണ് ആശിഷ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ പുറത്തുവന്നതോടെ കൗതുകകരവും രസകരവുമായ കമന്‍റുകളുമായി നിരവധി ഇന്ത്യക്കാരാണ് രംഗത്തെത്തിയത്.

വെണ്ടയ്ക്കയ്ക്ക് എൻആർഐ പദവി കിട്ടിയപ്പോൾ അത് സ്വന്തം വേരുകൾ മറന്നുപോയി എന്നായിരുന്നു ഒരാളുടെ പരിഹാസം. ഇന്ത്യൻ മാതാപിതാക്കൾ ഈ വില കണ്ടാൽ ബോധംകെട്ടു വീഴുമെന്നും, നമ്മളേക്കാൾ നന്നായി വിദേശത്ത് ചെന്ന് രക്ഷപ്പെട്ടത് വെണ്ടയ്ക്കയാണെന്നും തുടങ്ങി നിരവധി ട്രോളുകളാണ് ഈ വീഡിയോയ്ക്ക് താഴെ ഇപ്പോൾ നിറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *