രണ്ടാം ഭാര്യയ്ക്ക് വിലപിടിപ്പുള്ള സമ്മാനം നൽകാൻ പണമില്ലാതെ വന്നതോടെ, ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തി ലക്ഷങ്ങൾ കവർന്ന യുവാവ് പിടിയിൽ. ചിക്കമംഗളൂരു ബിരൂർ സ്വദേശിയായ ഷാഫിയാണ് സുഹൃത്തായ പുട്ടരാജുവിനെ ക്രൂരമായി കൊലപ്പെടുത്തിയത്.
ഫെബ്രുവരി 19-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. സ്വർണ്ണ ലേലത്തിൽ പങ്കെടുത്തു ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് പുട്ടരാജുവിനെ ഷാഫി വിളിച്ചുവരുത്തുകയായിരുന്നു. ഇതനുസരിച്ച് 2.5 ലക്ഷം രൂപയുമായി വീട്ടിൽ നിന്നിറങ്ങിയ പുട്ടരാജുവിനെ ഷാഫി ബൈക്കിൽ കയറ്റി ഹോന്നവള്ളിക്ക് സമീപമുള്ള വനപ്രദേശത്ത് എത്തിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കൃത്യം നടന്നതിന് പിറ്റേദിവസം ഇതുവഴി വന്ന പാൽവിൽപ്പനക്കാരനാണ് വനപാതയിൽ മൃതദേഹം കിടക്കുന്നത് കണ്ട് പോലീസിനെ വിവരമറിയിച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് മരിച്ചത് പുട്ടരാജുവാണെന്നും കൊലയാളി ഷാഫിയാണെന്നും പോലീസ് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ പ്രതിയെ പോലീസ് വലയിലാക്കി.
കൊല്ലപ്പെട്ട സുഹൃത്തിൽ നിന്നും കവർന്ന പണവുമായി ഷാഫി തന്റെ പിണങ്ങിപ്പോയ രണ്ടാം ഭാര്യയെ ഒരു ലോഡ്ജിൽ പോയി കണ്ടതായും പുതിയ ടെലിവിഷൻ വാങ്ങാൻ അവർക്ക് 60,000 രൂപ നൽകിയതായും പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.




