കൊച്ചി: വധശ്രമക്കേസില്‍ തടവിനു ശിക്ഷിക്കപ്പെട്ട പിതാവിന്, മകള്‍ അഭിഭാഷകയായി എൻറോൾ ചെയ്യുന്നതിനു സാക്ഷിയാകാന്‍ ഹൈക്കോടതി അഞ്ചു ദിവസത്തെ പരോള്‍ അനുവദിച്ചു. മലപ്പുറം സ്വദേശിയായ അന്‍പതുകാരനാണു ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്‍ താത്കാലിക പരോള്‍ അനുവദിച്ചത്.
എൻറോൾ ചെയ്യുമ്പോള്‍ പിതാവിന്റെ സാന്നിധ്യമുണ്ടാകണമെന്ന മകളുടെ ആഗ്രഹം പരിഗണിച്ച ഹൈക്കോടതി, പ്രത്യേക സാഹചര്യം കണക്കിലെടുത്താണു പരോള്‍ അനുവദിക്കുന്നതെന്നു വ്യക്തമാക്കി. പരോള്‍ എല്ലാ സാഹചര്യങ്ങളിലും അനുവദിക്കാനാവില്ലെന്നും പരോളിനു പ്രഥമദൃഷ്ട്യാ ഹര്‍ജിക്കാരന്‍ അര്‍ഹനല്ലെന്നും കോടതി പറഞ്ഞു.
‘മകളുടെ കണ്ണിലൂടെയാണു കോടതി വിഷയം പരിഗണിക്കുന്നത്. ഹര്‍ജിക്കാരന്‍ ശിക്ഷ അനുഭവിക്കുന്ന തടവുകാരനാണ്. എല്ലാവരും ക്രിമിനലായി കാണുന്ന ആളുമാകാം. എന്നാല്‍, എല്ലാ കുട്ടികള്‍ക്കും അച്ഛന്‍ ഹീറോ ആയിരിക്കും. ഒരു മകളുടെ വികാരത്തിനു മുന്നില്‍ കോടതിക്കു കണ്ണടയക്കക്കാനാകില്ല. പരോള്‍ അനുവദിക്കുന്നതു സവിശേഷ സാഹചര്യം കണക്കിലെടുത്താണ്. കീഴ്വഴക്കമായി കാണരുത്’-കോടതി പറഞ്ഞു.
പരോള്‍ അപേക്ഷ ജയില്‍ അധികൃതര്‍ നിരസിച്ചതിനെത്തുടര്‍ന്നാണു ഹര്‍ജി നല്‍കിയത്. നാളെയും മറ്റന്നാളും നടക്കുന്ന എന്റോള്‍മെന്റ് ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഇന്നു മുതല്‍ 14 വരെയാണു പരോള്‍ അനുവദിച്ചത്.




