Featured Oddly News

കുരങ്ങുശല്യം കൊണ്ട് പൊറുതിമുട്ടി ; വിളകള്‍ സംരക്ഷിക്കാന്‍ കരടി വേഷത്തിൽ കർഷകന്റെ ‘സർജിക്കൽ സ്ട്രൈക്ക്’

ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലുള്ള ഫിറോസ്പൂര്‍ ഗ്രാമത്തിലെ കര്‍ഷകര്‍ കുരങ്ങുകളുടെ ശല്യത്തില്‍ നിന്ന് തങ്ങളുടെ കൃഷി സംരക്ഷിക്കാന്‍ തികച്ചും വ്യത്യസ്തമായ ഒരു വഴി സ്വീകരിച്ചിരിക്കുകയാണ്. കുരങ്ങുകളെ പേടിപ്പിക്കാനായി കരടിയുടെ വേഷം ധരിച്ച് പാടത്തിലൂടെ നടക്കുകയാണ് കര്‍ഷകര്‍. പ്രദേശത്തെ ഉരുളക്കിഴങ്ങ്, സ്‌ട്രോബെറി കൃഷികള്‍ കുരങ്ങുകള്‍ വ്യാപകമായി നശിപ്പിക്കുന്നത് തങ്ങളുടെ ഉപജീവനത്തെ ബാധിക്കുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.

‘കുരങ്ങുകള്‍ വലിയ ശല്യമാണ് ഉണ്ടാക്കുന്നത്, അവ പാടത്തെ ഉരുളക്കിഴങ്ങും സ്‌ട്രോബെറിയും തിന്നു തീര്‍ക്കുന്നു. ഇവിടെ നൂറിലധികം കുരങ്ങുകളുണ്ട്. എല്ലാ ദിവസവും ഇത് തുടരുന്നു. കരടിയുടെ വേഷം കെട്ടുന്നത് കാണുമ്പോള്‍ അവ ഓടിപ്പോകുന്നുണ്ട്. ഇതിനൊരു ശാശ്വത പരിഹാരം വേണം. ഞങ്ങളില്‍ രണ്ട് മൂന്ന് പേര്‍ ഇപ്പോള്‍ ഇങ്ങനെയൊക്കെയാണ് ചെയ്യുന്നത്.’- കര്‍ഷകനായ ധരംബീര്‍ പ്രമുഖ ദേശീയ മാധ്യമത്തോട് വ്യക്തമാക്കി.

കരടി വേഷം കെട്ടുന്നത് താല്‍ക്കാലികമായി ഫലം നല്‍കുമെങ്കിലും ഇതൊരു സ്ഥിരമായ പരിഹാരമല്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ‘ഇക്കാര്യത്തെക്കുറിച്ച് എനിക്ക് പൂര്‍ണ്ണമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെങ്കിലും സംഭവം അറിഞ്ഞിട്ടുണ്ട്. കുരങ്ങുകള്‍ ഓടിപ്പോകുമെങ്കിലും ഇതൊരു ശാശ്വത പരിഹാരമല്ല. ഒരിടത്ത് നിന്ന് ഓടിച്ചാല്‍ അവ മറ്റൊരിടത്തേക്ക് പോകും. കുരങ്ങുകളെ പിടിച്ച് കാട്ടില്‍ വിടാനുള്ള കൃത്യമായ നടപടികള്‍ സ്വീകരിക്കണം. വനംവകുപ്പ് ഇതിനായി എല്ലാ ശ്രമങ്ങളും നടത്തും.’- വനംവകുപ്പ് റേഞ്ചര്‍ മനോജ് കുമാര്‍ വ്യക്തമാക്കി.

ഈ വാര്‍ത്തയ്ക്ക് വലിയ പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ‘ഇത് ഒരേസമയം തമാശയായും സങ്കടകരമായും തോന്നുന്നു. വിളകള്‍ സംരക്ഷിക്കാന്‍ കര്‍ഷകര്‍ക്ക് അഭിനയിക്കേണ്ടി വരുന്നത് കഷ്ടമാണ്,’ ഒരാള്‍ കുറിച്ചു. ‘ഗ്രാമപ്രദേശങ്ങളില്‍ കുരങ്ങ് ശല്യം എത്രത്തോളം രൂക്ഷമാണെന്ന് ഇത് കാണിക്കുന്നു,’ മറ്റൊരാള്‍ കമന്റ് ചയ്തു. ‘അധികാരികള്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണം,’ എന്നും ആളുകള്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *