Celebrity

അറിയാതെ പറ്റിപ്പോയതെന്ന് മഞ്ജു വാരിയരെ കയറിപ്പിടിച്ച് ചുംബിച്ച ആരാധിക; മറുപടിയുമായി നടി

നടി മഞ്ജു വാര്യരെ വേദിയിൽ വെച്ച് കെട്ടിപ്പിടിച്ച് ചുംബിച്ച സംഭവത്തിൽ വിശദീകരണവുമായി ആരാധിക തന്നെ രംഗത്തെത്തി. താൻ ചെയ്തത് തെറ്റായിപ്പോയെന്ന് വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് യുവതിയുടെ പ്രതികരണം. കുട്ടിക്കാലം മുതലുള്ള വലിയ ആഗ്രഹം നേരിട്ട് കണ്ടപ്പോൾ അറിയാതെ സംഭവിച്ചുപോയതാണെന്നും ആ സ്നേഹക്കൂടുതൽ കൊണ്ടാണ് അങ്ങനെ ചെയ്തതെന്നും യുവതി സമൂഹമാധ്യമത്തിൽ കുറിച്ചു. നേരിട്ട് കാണുമ്പോൾ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണമെന്ന് താൻ സുഹൃത്തുക്കളോടും ബന്ധുക്കളോടും എപ്പോഴും പറയാറുണ്ടായിരുന്നുവെന്നും അത് സത്യമായപ്പോൾ നിയന്ത്രിക്കാനായില്ലെന്നും അവർ വ്യക്തമാക്കി.

യുവതിയുടെ കുറിപ്പ് ശ്രദ്ധയിൽപ്പെട്ട മഞ്ജു വാര്യരും മറുപടിയുമായി എത്തിയിട്ടുണ്ട്. “ഒരുപാട് സ്നേഹം, നന്ദി” എന്നാണ് നടി ഇതിന് മറുപടി നൽകിയത്. പാലക്കാട് ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു ആരാധകരുടെ വലിയ തിരക്കിനിടയിൽ ഈ സംഭവം നടന്നത്. സ്റ്റേജിൽ നിൽക്കുകയായിരുന്ന മഞ്ജുവിനെ സുരക്ഷാ ഉദ്യോഗസ്ഥരെയും അവതാരകയെയും മറികടന്ന് ഓടിയെത്തിയ യുവതി കടന്നുപിടിച്ച് ചുംബിക്കുകയായിരുന്നു.

അപ്രതീക്ഷിതമായ ഈ നീക്കത്തിൽ ചുറ്റുമുള്ളവർ അമ്പരന്നെങ്കിലും മഞ്ജു വാര്യർ വളരെ സംയമനത്തോടെയാണ് പെരുമാറിയത്. ബൗൺസേഴ്സ് അവരെ മാറ്റാൻ ശ്രമിച്ചപ്പോൾ മഞ്ജു തന്നെ ഇടപെട്ട് യുവതിയെ കൈപിടിച്ച് ആശ്വസിപ്പിച്ചു. പിന്നീട് അവർക്കൊപ്പം സെൽഫി എടുക്കാനും നടി തയ്യാറായി. എന്നാൽ, പൊതുവേദികളിലെ ഇത്തരം പെരുമാറ്റം ശരിയല്ലെന്ന രീതിയിൽ അവതാരക അവിടെ വെച്ച് തന്നെ പ്രതികരിച്ചിരുന്നു.

ഈ സംഭവത്തിന്റെ വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള ചർച്ചകളാണ് നടന്നത്. താരങ്ങളുടെ സുരക്ഷയിൽ വലിയ വീഴ്ചയുണ്ടായെന്നും ഇത്തരം സാഹചര്യങ്ങളിൽ കൂടുതൽ ജാഗ്രത വേണമെന്നും ആരാധകർ അഭിപ്രായപ്പെട്ടു. നിലവിൽ ‘എമ്പുരാൻ’, ‘മിസ്റ്റർ എക്സ്’ തുടങ്ങിയ വൻ സിനിമകളുടെ തിരക്കിലാണ് താരം. ഇതിനിടയിലാണ് സോഷ്യൽ മീഡിയയിൽ ഈ പഴയ വീഡിയോയും അതിനുള്ള മറുപടിയും വീണ്ടും ശ്രദ്ധ നേടുന്നത്.