ആരാണ് ന്യൂയോർക്കിന്റെ അടുത്ത പ്രഥമ വനിതയായ തെരഞ്ഞെടുക്കപ്പെട്ട രാമ ദുവാജി ? അവര്‍ അറിയപ്പെടുന്ന ഫാഷന്‍ ഡിസൈനറാണ്. രാമയുടെ ഇൻസ്റ്റാഗ്രാം പേജ് അതിന് തെളിവാണ്. തൊഴിൽപരമായി ഒരു കലാകാരിയായ അവർ, തന്റെ കലാരൂപത്തിൽ ആക്ടിവിസം ഉൾപ്പെടുത്തുന്നതിൽ പ്രശസ്തയായ ഒരു ഇല്ലസ്ട്രേറ്ററും ആനിമേറ്ററുമാണ്. സോഹ്റാൻ മംദാനിയുടെ സ്റ്റൈലിഷ് ഭാര്യ ന്യൂയോർക്കിന്റെ പുതിയ ഫാഷൻ എന്ന നിലയില്‍ ചർച്ചാവിഷയമായിരിക്കുകയാണ്.
ഈ 28-കാരിക്ക് സ്റ്റേറ്റ്മെന്റ് നെക്പീസുകളോടും, മോതിരങ്ങളോടും പ്രത്യേക താൽപ്പര്യമുണ്ട്. കാഷ്വൽ വസ്ത്രങ്ങൾക്കൊപ്പം ലെയറുകളുള്ള ചെയിനുകളും, വലിയ ഹൂപ് കമ്മലുകളും അണിഞ്ഞാണ് അവരെ കാണാറുള്ളത്. ഈ Gen-Z പ്രഥമ വനിതയ്ക്ക് കറുപ്പ് നിറത്തോട് പ്രത്യേക അടുപ്പമുണ്ട്. ഇൻസ്റ്റാഗ്രാം പോസ്റ്റുകളിൽ കൂടുതലും കറുത്ത വസ്ത്രങ്ങളിലാണ് അവർ പ്രത്യക്ഷപ്പെടുന്നത്. ഭർത്താവ് സോഹ്റാൻ മംദാനിയോടൊപ്പം ആദ്യമായി പൊതുവേദിയിൽ വന്നപ്പോൾ, പലസ്തീനിയൻ നാടോടിക്കഥകൾ, കലാപം, അറബ് ഫ്യൂച്ചറിസം എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്ന പലസ്തീനിയൻ-ജോർദാനിയൻ ഡിസൈനറായ സൈദ് ഹിജാസിയുടെ മനോഹരമായ എംബ്രോയ്ഡറി ചെയ്ത ടോപ്പാണ് അവർ തിരഞ്ഞെടുത്തത്.
സിറിയൻ വംശജരായ കുടുംബത്തിൽ ടെക്സസിലെ ഹ്യൂസ്റ്റണിലാണ് രാമ ദുവാജി ജനിച്ചത്. അവർക്ക് 9 വയസ്സുള്ളപ്പോൾ കുടുംബം ദുബായിലേക്ക് താമസം മാറി. ഖത്തറിലെ വിർജീനിയ കോമൺവെൽത്ത് യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ആർട്സിലാണ് അവർ വിദ്യാഭ്യാസം നേടിയത്. ന്യൂയോർക്കിലെ സ്കൂൾ ഓഫ് വിഷ്വൽ ആർട്സിൽ നിന്ന് ഇല്ലസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കി. വോഗ്, ബിബിസി, വാഷിംഗ്ടൺ പോസ്റ്റ് തുടങ്ങി നിരവധി പ്രശസ്ത പ്രസിദ്ധീകരണങ്ങളിൽ ദുവാജിയുടെ സൃഷ്ടികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മിഡിൽ ഈസ്റ്റേൺ സ്ത്രീകളെ ചുറ്റിപ്പറ്റിയുള്ള വിഷയങ്ങളാണ് അവരുടെ കലാസൃഷ്ടികളിൽ പ്രധാനമായും അവതരിപ്പിക്കുന്നത്.
ഓൺലൈൻ ഡേറ്റിംഗ് പ്ലാറ്റ്ഫോമായ ഹിഞ്ചിലൂടെയാണ് സോഹ്റാനും രാമയും കണ്ടുമുട്ടിയതും പ്രണയത്തിലായതും. ഈ വർഷം ആദ്യം ന്യൂയോർക്ക് സിറ്റിയിൽ വെച്ച് നടന്ന ചടങ്ങിൽ അവർ വിവാഹിതരായി. സിവിൽ ചടങ്ങിനായി, രാമ ബൂട്ടുകളോടുകൂടിയ വെള്ള, മുട്ടുവരെ നീളമുള്ള വസ്ത്രമാണ് ധരിച്ചത്. സബ്വേയിലും തെരുവുകളിലുമായിരുന്നു വിവാഹ ഫോട്ടോകൾ എടുത്തത് .
പല ‘ആദ്യങ്ങൾക്കും’ ഉടമയായ ഒരു മേയറാണ് സോഹ്റാൻ. ന്യൂയോർക്ക് സിറ്റിയിലെ ആദ്യത്തെ മുസ്ലീം, ഇന്ത്യൻ വംശജൻ, ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്നീ നിലകളിൽ അദ്ദേഹം ചരിത്രം സൃഷ്ടിച്ചു. അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തിൽ സംഭവിച്ച തലമുറ മാറ്റത്തിനുള്ള തെളിവാണ് അദ്ദേഹത്തിന്റെ വിജയം. പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര സംവിധായിക മീരാ നായരുടെ മകനാണ് സോഹ്റാൻ. മീരാ നായർ ഇന്തോ-ഉഗാണ്ടൻ രാഷ്ട്രതന്ത്രജ്ഞനായ മഹമൂദ് മംദാനിയെയാണ് വിവാഹം കഴിച്ചത്.