Crime

ജീവനൊടുക്കും മുമ്പ് പിതാവ് കൊലപ്പെടുത്തിയ മകൾ ലൈംഗിക പീഡനത്തിനിരയായി; പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി: എളമക്കരയിൽ ആത്മഹത്യ ചെയ്യും മുമ്പ് പിതാവ് കൊലപ്പെടുത്തിയ മകൾ പീഡനത്തിനിരയിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തിനു മണിക്കൂറുകൾക്ക് മുൻപും പീഡനം നടന്നിരുന്നതായി പോസ്റ്റ്മോർട്ടത്തിൽ പറയുന്നു. എന്നാല്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ച് അറിയില്ലെന്നാണ് അമ്മയുടെ മൊഴി. 

കഴിഞ്ഞ ഒരു വർഷത്തോളമായി കുട്ടി പീഡനത്തിനിരയായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത്. മരണത്തിന് മണിക്കൂറുകൾക്കു മുൻപും പീഡനം നടന്നിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനു പിന്നാലെ എളമക്കര പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ആരാണ് പീഡിപ്പിച്ചതെന്നതിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ആദ്യഘട്ടത്തിൽ ഒരു സൂചനയും ഇല്ലായിരുന്നുവെന്നും, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൂടുതൽ കുറ്റകൃത്യത്തിന്റെ സൂചനകൾ ഉണ്ടെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞമാസം 16നാണ് പിതാവിനെയും മകളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. പിതാവ് ലഹരിക്കടിമയിരുന്നുണെന്നാണ് വിവരം. ജനുവരി 15ന് രാത്രി 11.30യ്ക്കും 16ന് രാവിലെ 11നും ഇടയിലാണ് മരണം സംഭവിച്ചതെന്നാണ് സൂചന. ഭാര്യ ജോലിക്കു പോയി തിരിച്ചെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് ഇവര്‍ പുറത്തുപോയെന്ന് കരുതി പെണ്‍കുട്ടിയുടെ അമ്മ ബന്ധുവിന്റെ വീട്ടിലെത്തി. ഏറെ നേരം കഴിഞ്ഞിട്ടും ഇരുവരേയും കാണാതായതോടെയാണ് പൊലീസ് സ്റ്റേഷനിലെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *