Oddly News

വിവാഹവേദിയിൽ മദ്യപിച്ച് ‘റിലേ പോയി’ വരൻ; മൂന്നുപേർക്കു മാലയിട്ടു: കരണത്തടിച്ച് വധു

വിവാഹം വളരെ ആഡംബരപൂര്‍ണമാക്കാന്‍ പല തരത്തിലുള്ള ആഘോഷങ്ങളും ഒരുക്കുന്നത് പതിവാണ്. എന്നാല്‍ ആഘോഷം കൈവിട്ട് പോയാല്‍ സംഭവിയ്ക്കാവുന്ന പ്രശ്‌നങ്ങളാണ് ഇപ്പോള്‍ വാര്‍ത്തയായിരിയ്ക്കുന്നത്. വിവാഹവേദിയില്‍ മദ്യപിച്ച് ബോധമില്ലാതെ എത്തിയ വരന്‍ ആളുമാറി വരണമാല്യം അണിയിച്ച സംഭവമാണ് ഇപ്പോള്‍ പുറത്ത് വന്നിരിയ്ക്കുന്നത്. സുഹൃത്തുക്കളുടെ വാക്കുകേട്ടാണ് വരന്‍ വിവാഹവേദിയില്‍ മദ്യപിച്ച് എത്തിയത്. ഉത്തര്‍പ്രദേശിലെ ബറേലിയിലാണു സംഭവം. രവീന്ദ്ര കുമാര്‍ എന്ന യുവാവാണ് ഇത്തരത്തില്‍ എത്തിയത്.

ബോധമില്ലാതെ എത്തിയ വരന്‍ ആളുമാറി മൂന്നുപേര്‍ക്കാണ് മാലയിട്ടത്. തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. രവീന്ദ്ര കുമാര്‍ വിവാഹ വേദിയില്‍ എത്തിയതു തന്നെ സമയം വൈകിയാണ്. മണ്ഡപത്തിലേക്കു പ്രവേശിക്കുന്നതിന് പകരം സുഹൃത്തുകള്‍ക്കൊപ്പം പോയി മദ്യപിക്കുകയാണ് അയാള്‍ ആദ്യം ചെയ്തത്. അതിനുശേഷം മണ്ഡപത്തിലെത്തിയ രവീന്ദ്ര കുമാര്‍ മാലയിട്ടപ്പോള്‍ വധു മാറിപോയി.

വധുവിന്റെ കൂട്ടുകാരിക്കാണ് ആദ്യം മാല ചാര്‍ത്തിയത്. പെണ്ണ് മാറിപ്പോയെന്ന് മനസ്സിലാക്കിയതോടെ മാല ഊരിയെടുത്തെങ്കിലും പിന്നീട് മാലയിട്ടത് അയാളുടെ തന്നെ ഒരു കൂട്ടുകാരന്റെ കഴുത്തിലായിരുന്നു. അവിടം കൊണ്ടു തീര്‍ന്നില്ല, മാല കൂട്ടുകാരന്റെ കഴുത്തില്‍ നിന്ന് ഊരിയശേഷം വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പ്രായമായ ഒരു സ്ത്രീയുടെ കഴുത്തിലും മാല ഇടുകയായിരുന്നു.

500-ല്‍ അധികം അതിഥികളാണ് വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നത്. ഇവരെ സാക്ഷിയാക്കിയാണ് വരന്‍ ഈ കോപ്രായങ്ങളൊക്കെ കാട്ടിക്കൂട്ടിയത്. ഇതോടെ വധു രാധാദേവി വിവാഹത്തില്‍ നിന്ന് പിന്‍മാറി. ഇരുവീട്ടുകാരെയും സാക്ഷിയാക്കി വരന്റെ മുഖത്ത് ആഞ്ഞടിച്ച ശേഷം വിവാഹത്തില്‍ നിന്ന് പിന്‍മാറുകയാണെന്നും രാധാദേവി അറിയിച്ചു. ഇതിനുശേഷം വേദിയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു.

വിവാഹം മുടങ്ങിയതിനെ തുടര്‍ന്ന് ഇരുവീട്ടുകാരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. പൊലീസ് സ്ഥലത്തെത്തിയാണ് സംഘര്‍ഷാവസ്ഥ പരിഹരിച്ചത്. വിവാഹത്തിനായി വധുവിന്റെ വീട്ടുകാര്‍ക്ക് 10 ലക്ഷം രൂപ ചെലവായി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് വധുവിന്റെ സഹോദരന്‍ പൊലീസില്‍ പരാതിയും നല്‍കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *