Fitness

വേനല്‍ക്കാലമാണ്, സുരക്ഷിതമായി വ്യായാമം ചെയ്യാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം

എല്ലാ ദിവസവും വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഏതെങ്കിലും തരത്തിലുള്ള വ്യായാമത്തില്‍ ഏര്‍പ്പെട്ടു കൊണ്ട് ദിവസം ആരംഭിക്കാന്‍ ശ്രമിക്കുക. വേഗത്തിലുള്ള നടത്തം, യോഗ, അല്ലെങ്കില്‍ പെട്ടെന്നുള്ള വ്യായാമ ദിനചര്യ എന്നിവയെല്ലാം ആരോഗ്യത്തിന് ഏറെ സഹായിക്കും. രാവിലെ 15-30 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യാന്‍ ശ്രമിക്കുക. ശരീരത്തിന് ഊര്‍ജം പകരുകയും വരാനിരിക്കുന്ന ദിവസത്തിന് പോസിറ്റീവ് ടോണ്‍ സജ്ജമാക്കുകയും ചെയ്യാന്‍ ഇത് സഹായിക്കും. എന്നാല്‍ ഓരോ ദിവസം കൂടുംതോറും വേനല്‍ ചൂട് കൂടി കൂടി വരികയാണ്. ഈ സമയത്ത് വ്യായാമം ചെയ്യുന്നവര്‍ ചില കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണം.

വളരെയധികം വ്യായാമം ചെയ്യുന്നത് വിയര്‍പ്പും ചൂടും ഉണ്ടാക്കുന്നത് മൂലം ഹൃദയാഘാതം, ഓക്കാനം, തലവേദന, നിര്‍ജ്ജലീകരണം എന്നിവയ്ക്ക് കാരണമാകും. നിങ്ങള്‍ കൂടുതല്‍ നേരം ചൂടത്ത് സമയം ചിലവഴിക്കുകയാണെങ്കില്‍, നിങ്ങളുടെ ശരീരത്തിന്റെ സ്വാഭാവിക തണുപ്പിക്കല്‍ സംവിധാനം പരാജയപ്പെടാന്‍ തുടങ്ങും. നിങ്ങളുടെ ശരീരത്തിന് വ്യായാമ സമയത്ത് ജലാംശം നഷ്ടപ്പെടുക മാത്രമല്ല, വിയര്‍പ്പിലൂടെ ഇലക്ട്രോലൈറ്റുകളും ഉപ്പും നഷ്ടപ്പെടുന്നതിനാല്‍, ധാരാളം വെള്ളം കുടിക്കുന്നത് കൊണ്ട് മാത്രം ശരീരത്തിന് മതിയാകില്ല. വേനല്‍ക്കാലത്ത് സുരക്ഷിതമായി വ്യായാമം ചെയ്യാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം….

  • ശരീരത്തിന്റെ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക – നിങ്ങള്‍ക്ക് തലകറക്കം, ക്ഷീണം, ഓക്കാനം എന്നിവ അനുഭവപ്പെടാന്‍ തുടങ്ങുമ്പോള്‍ വ്യായാമം ചെയ്യരുത്. നിങ്ങളുടെ ശരീരം ശ്രദ്ധിക്കുക, അത്തരം ലക്ഷണങ്ങളും അടയാളങ്ങളും അനുഭവപ്പെടുകയാണെങ്കില്‍ വ്യായാമം ചെയ്യുന്നത് ഉടന്‍ നിര്‍ത്തുക. വേഗത്തിലുള്ള ഹൃദയമിടിപ്പ്, നേരിയ തലവേദന, ബലഹീനത, തലകറക്കം, തലവേദന, പേശിവേദന, ഛര്‍ദ്ദി എന്നിവ അവഗണിക്കരുത്. ഇത് സംഭവിക്കുകയാണെങ്കില്‍, ഇരിക്കുക, വെള്ളം കുടിക്കുക, പോഷിപ്പിക്കുന്ന പഴങ്ങളോ ലഘുഭക്ഷണമോ കഴിക്കുക.
  • ഈ സമയത്ത് വ്യായാമം വേണ്ട – ദിവസത്തിലെ ഏറ്റവും ചൂടേറിയ സമയമായ രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ വ്യായാമം ചെയ്യുന്നത് ഒഴിവാക്കുക. വേനല്‍ക്കാലത്ത് വ്യായാമത്തിന് ഏറ്റവും അനുയോജ്യമായ സമയം അതിരാവിലെ ആണ്. നിങ്ങള്‍ക്ക് നേരത്തെ എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ലെങ്കില്‍, സൂര്യാസ്തമയത്തിനു ശേഷം നിങ്ങള്‍ക്ക് വ്യായാമം ചെയ്യാം. കാലാവസ്ഥാ പ്രവചനങ്ങള്‍ പരിശോധിക്കുന്നത് ഉറപ്പാക്കുക, ഉയര്‍ന്ന താപനില, വായു മലിനീകരണം എന്നിവ പ്രവചിക്കപ്പെടുന്നുണ്ടെങ്കില്‍, വീടിനുള്ളില്‍ തന്നെ വ്യായാമം ചെയ്യുന്നതാണ് നല്ലത്.
  • ഒരു വാട്ടര്‍ ബോട്ടില്‍ കൈയ്യില്‍ കരുതുക – വ്യായാമത്തിന് പുറപ്പെടുന്നതിന് മുമ്പ് കുറഞ്ഞത് രണ്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. നിങ്ങളുടെ കൈയ്യില്‍ ഒരു വാട്ടര്‍ ബോട്ടില്‍ കൂടെ കരുതുകയും, നിങ്ങളുടെ വ്യായാമ സമയത്ത് വെള്ളം കുടിക്കുന്നത് തുടരുകയും ചെയ്യുക. നിങ്ങളുടെ വ്യായാമം പൂര്‍ത്തിയാക്കിയ ശേഷം കൂടുതല്‍ വെള്ളം കുടിക്കുക. കലോറി നിറച്ച സ്‌പോര്‍ട്‌സ് ഡ്രിങ്കുകളല്ല, പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് ഇലക്ട്രോലൈറ്റുകള്‍ നിറഞ്ഞ ജ്യൂസുകള്‍ കുടിക്കുക.
  • സണ്‍സ്‌ക്രീന്‍ പുരട്ടുക – വേനല്‍ക്കാലമോ ശൈത്യകാലമോ തെളിഞ്ഞ കാലാവസ്ഥയോ ഏതുമാകട്ടെ, നിങ്ങള്‍ പുറത്ത് വ്യായാമം ചെയ്യുകയാണെങ്കില്‍, എപ്പോഴും എസ്പിഎഫ് 30 അല്ലെങ്കില്‍ ഉയര്‍ന്ന അളവിലുള്ള സണ്‍സ്‌ക്രീന്‍ പുരട്ടുക. സണ്‍സ്‌ക്രീന്‍ പ്രയോഗിക്കാതിരുന്നാല്‍ അത് സൂര്യതാപത്തിന് ഇടയാക്കും. ഇത് നിങ്ങളില്‍ അകാല വാര്‍ദ്ധക്യത്തിനും ചര്‍മ്മ കാന്‍സറിനുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. സൂര്യപ്രകാശം ഏല്‍ക്കുന്നത് കുറയ്ക്കുന്നതിന് ദേഹം പൂര്‍ണ്ണമായി മൂടുന്ന വസ്ത്രം ധരിക്കുക.
  • അയഞ്ഞ വസ്ത്രങ്ങള്‍ – ഇരുണ്ട നിറങ്ങള്‍ ചൂട് ആഗിരണം ചെയ്യുന്നു, ഇളം നിറമുള്ള വസ്ത്രങ്ങള്‍ ചൂടിനെ പ്രതിഫലിപ്പിക്കുന്നു. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് നിങ്ങളുടെ ശരീരത്തെ ചൂടാക്കുകയും അസ്വസ്ഥത ഉണ്ടാക്കുകയും വായുവിന്റെ കടന്നു പോക്കിനെ നിയന്ത്രിക്കുകയും ചെയ്യും. ചര്‍മ്മത്തിന് മുകളിലൂടെ കൂടുതല്‍ വായു സഞ്ചരിക്കാനും സ്വയം തണുപ്പിക്കാനും അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക. നിങ്ങളുടെ വിയര്‍പ്പ് നന്നായി ആഗിരണം ചെയ്യുന്നതിനാല്‍ നിങ്ങള്‍ പുറത്ത് പോയി വ്യായാമം ചെയ്യുകയാണെങ്കില്‍ തിരഞ്ഞെടുക്കാന്‍ ഏറ്റവും മികച്ച തുണിത്തരമാണ് കോട്ടണ്‍.