ശരിയായ രീതിയില്‍ ഇരുന്നില്ലെങ്കില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ യാതൊരു സംശയമില്ല. തുടര്‍ച്ചയായി ഇരിക്കുന്നത് ദഹനപ്രക്രിയയെ ബാധിക്കുന്നതോടൊപ്പം ഉറക്കക്കുറവ്, ഓര്‍മക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകാം. നടുവു നിവര്‍ത്താതെ വളഞ്ഞുകൂടിയുള്ള ഇരിപ്പ്, നടുവിന്റെ താഴ്ഭാഗത്ത് താങ്ങ് നല്‍കാത്ത കസേരയുടെ ഉപയോഗം എന്നിവയൊക്കെ നട്ടെല്ലിന്റെ പേശികള്‍ക്കും കഴുത്തിനും ആയാസമുണ്ടാക്കും.
ഇരിപ്പിന്റെ പ്രശ്‌നങ്ങള്‍
- നീണ്ട ഇരിപ്പ് ഒരു പ്രശ്‌നക്കാരനാണ്.
- ഇടവേളയില്ലാത്ത ഇരിപ്പ് ആരോഗ്യത്തിനു ദോഷകരമാണ്.
- വ്യായാമമില്ലാത്ത ഇരിപ്പ് അപകടകാരിയാണ്.
- തെറ്റായ ഇരിപ്പ് ആരോഗ്യം നഷ്ടപ്പെടുത്തും. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തുടര്‍ച്ചയായി എട്ടുമണിക്കൂര്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് അതിന്റെ പാര്‍ശ്വഫലങ്ങള്‍ തടയാന്‍ അരമണിക്കൂര്‍ വ്യായാമം മതിയാകില്ല എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതുകൊണ്ട് മൂന്ന് മണിക്കൂറില്‍ കുടുതല്‍ തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യരുത്.
- തുടര്‍ച്ചയായുള്ള ഇരിപ്പ് ഒഴിവാക്കാന്‍ ജോലിക്കിടെ ഇരിപ്പിനു ഇടവേളകള്‍ നല്‍കാം. 45 മിനിറ്റില്‍ കൂടുതല്‍ തുടര്‍ച്ചയായി ഇരിക്കരുത്. ഇടയ്ക്ക് സീറ്റില്‍ നിന്നെഴുന്നേറ്റ് രണ്ടു മിനിറ്റു നേരം ശരീരം മുഴുവന്‍ സ്‌ട്രെച്ച് ചെയ്യുക.
- ഇരുന്നു ജോലി ചെയ്യുന്നവര്‍ ഇടയക്ക് എഴുന്നേറ്റ് നില്‍ക്കാനും നടക്കാനുമുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കണം. ഓരോ അരമണിക്കൂറിലും എഴുന്നേറ്റ് നടുവു നിവര്‍ത്താനും അല്‍പദൂരം നടക്കാനും ശ്രമിക്കുക.
- എത്ര അനുയോജ്യമായിട്ടുള്ള കസേരയാണ് ഉപയോഗിക്കുന്നതെങ്കിലും തുടര്‍ച്ചയായുള്ള ഇരിപ്പ് രോഗിയാക്കി മാറ്റും. നടുവു നിവര്‍ത്തി, ഉരം മുന്നോട്ട് ആയാതെ നിതംബം കസേരയുടെ ചാരില്‍ ചേര്‍ന്നിരിക്കുന്ന തരത്തില്‍ വേണം ഇരിക്കാന്‍.
- നടുവിന്റെ സ്വാഭാവിക വടിവ് നിലനിര്‍ത്തുന്ന രീതിയില്‍ ഇരിക്കുന്നതാണ് അഭികാമ്യം.
രണ്ട് ഇടുപ്പിലും ഒരുപോലെ ഭാരം താങ്ങുന്ന നിലയില്‍ വേണം ഇരിക്കാന്‍. അതായത് ഒരു വശത്തേക്ക് മാത്രം ഭാരം നല്‍കുന്ന തരത്തില്‍ ഇരിക്കരുത്. - നടുവിന്റെ താഴത്തെ ഭാഗത്തുള്ള സ്വാഭാവിക വടിവ് നിലനിര്‍ത്താന്‍ വേണ്ടി ഒരു സപ്പോര്‍ട്ട് നല്‍കാവുന്നതാണ് (ലംബാര്‍ സപ്പോര്‍ട്ട്). വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ സീറ്റ് മുന്നോട്ട് നീക്കാന്‍ ശ്രദ്ധിക്കണം. പലപ്പോഴും പുറകിലേക്ക് നീക്കി സീറ്റ് ക്രമീകരിക്കാറുണ്ട്. മുന്നോട്ട് നീക്കുന്നതാണ് നടുവിനും നല്ല ഇരിപ്പിനും ഉചിതം.
- കമ്പ്യൂട്ടര്‍ സ്‌ക്രീനിന്റെ മുന്നില്‍ ഇരുന്നു ജോലി ചെയ്യുന്നവര്‍, ഒരു കൈ അകലെ ദൂരത്തിലെങ്കിലും സ്‌ക്രീനുകള്‍ ക്രമീകരിക്കാന്‍ ശ്രമിക്കണം. കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ സ്‌ക്രീന്‍ കണ്ണിന്റെ അതേ നിരപ്പില്‍ വയ്ക്കുക. തല വല്ലാതെ കുനിക്കുകയോ ഉയര്‍ത്തുകയോ ചെയ്യേണ്ടി വരുന്ന ഇരിപ്പ് സുഖകരമല്ല. ഇടുപ്പു സന്ധിയും മുട്ടു സന്ധിയും ഒരേ നിരപ്പിലാകാന്‍ ശ്രദ്ധിക്കുക. ഇതിനായി കാല്‍ തറയില്‍ നിന്ന് അല്‍പം ഉയര്‍ത്തി വയ്ക്കുക. ഫുട്ട് റെസ്റ്റുകള്‍ ഇതിനായി ഉപയോഗിക്കാം. ദീര്‍ഘദൂരം വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ നടുവിന് താങ്ങുലഭിക്കുന്ന വിധം കുഷ്യന്‍ സീറ്റ് ഉപയോഗിക്കാവുന്നതാണ്.
- ഇരുന്നു ജോലി ചെയ്യുന്നവര്‍ ലിഫ്റ്റിനു പകരം പടികള്‍ കയറിയിറങ്ങാന്‍ ശ്രമിക്കുക.
- കംപ്യൂട്ടറിനു മുന്നില്‍ ഇരുന്നു ജോലി ചെയ്യുന്നവര്‍ മൗസും കീബോര്‍ഡും ഉപയോഗിക്കുന്നതിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. തെറ്റായുള്ള മൗസ് – കീബോര്‍ഡ് ഉപയോഗം കൈപ്പത്തിക്കും വിരലുകള്‍ക്കും വേദനയുണ്ടാക്കാം. മൗസ് ഉപയോഗിക്കുമ്പോള്‍ മണിബന്ധത്തിലെ ഞരമ്പുകള്‍ക്ക് ഞെരുക്കം ഉണ്ടാകാതെ ശ്രദ്ധിക്കണം. ഓരോ മണിക്കൂറിലും അഞ്ചു മിനിറ്റ് കൈകള്‍ക്ക് ഇടവേള നല്‍കാം.




