Crime

കോടികളുടെ തട്ടിപ്പ്‌ നടത്തി, ഭീഷണിയില്‍ ഡിജിറ്റല്‍ അറസ്‌റ്റ്‌: 20.5 ലക്ഷം രൂപ തട്ടിയ കേസില്‍ യുവതി അറസ്‌റ്റില്‍

ചെങ്ങന്നൂര്‍: ഡിജിറ്റല്‍ അറസ്‌റ്റ്‌ തട്ടിപ്പിലൂടെ സ്വകാര്യ കമ്പനി ജീവനക്കാരനില്‍നിന്ന്‌ 20,50,800 രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്‌റ്റില്‍. കര്‍ണാടക, മൈസുരു സ്വദേശി ചന്ദ്രിക(21)യേയാണ്‌ ആലപ്പുഴ സൈബര്‍ ക്രൈം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

നേഹ ശര്‍മ്മ എന്ന പേരിലാണ്‌ പരാതിക്കാരനെ വാട്‌സ്‌ആപ്‌ കോളില്‍ ബന്ധപ്പെട്ടത്‌. മുംബൈ പോലീസ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍നിന്നാണ്‌ വിളിക്കുന്നതെന്നും പരാതിക്കാരന്റെ പേരില്‍ ആരോ വ്യാജ ബാങ്ക്‌ അക്കൗണ്ടിലൂടെ കോടികളുടെ തട്ടിപ്പ്‌ നടത്തിയെന്നും അറിയിച്ചു. തുടര്‍ന്ന്‌, ഡിജിറ്റല്‍ അറസ്‌റ്റ്‌ നടത്തുകയാണെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്‌. വിശ്വാസ്യതയ്‌ക്കായി പരാതിക്കാരന്റെ പേരിലുള്ള വ്യാജ ബാങ്ക്‌ അക്കൗണ്ട്‌ സ്‌റ്റേറ്റ്‌മെന്റും എ.ടി.എം. കാര്‍ഡിന്റെ ഫോട്ടോയും മറ്റും അയച്ചുകൊടുത്തു. മറ്റ്‌ ബാങ്ക്‌ അക്കൗണ്ടുകളില്‍ പണമുണ്ടെങ്കില്‍ ഉടന്‍ അവര്‍ പറയുന്ന അക്കൗണ്ടുകളിലേക്ക്‌ മാറ്റണമെന്നും പരിശോധനയ്‌ക്കുശേഷം തിരികെനല്‍കുമെന്നും അറിയിച്ചു.

ഇതുപ്രകാരം തട്ടിപ്പുകാര്‍ നല്‍കിയ രണ്ട്‌ ബാങ്ക്‌അക്കൗണ്ടുകളിലേക്ക്‌ 20.5 ലക്ഷം രൂപ അയച്ചുകൊടുത്തു. പിന്നീട്‌ പ്രതികരണമുണ്ടാകാതിരുന്നതോടെയാണ്‌ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ്‌ പോര്‍ട്ടലില്‍ പരാതി രജിസ്‌റ്റര്‍ ചെയ്‌തത്‌. ആലപ്പുഴ ജില്ലാ പോലീസ്‌ മേധാവി എം.പി. മോഹനചന്ദ്രന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞമാസം നാലിന്‌ ആലപ്പുഴ സൈബര്‍ ക്രൈം പോലീസ്‌ കേസെടുത്തു. പരാതിക്കാരനില്‍നിന്നു 11.5 ലക്ഷം രൂപ സ്വീകരിച്ച ബാങ്ക്‌ അക്കൗണ്ട്‌ ഉടമയാണ്‌ അറസ്‌റ്റിലായ ചന്ദ്രിക. മൈസൂര്‍ അശോകപുരത്തെ ഇവരുടെ വീട്ടിലെത്തി പോലീസ്‌ നോട്ടീസ്‌ നല്‍കിയിരുന്നു. എന്നിട്ടും ഹാജരാകാത്തതിനേത്തുടര്‍ന്ന്‌ അവിടെയെത്തി അറസ്‌റ്റ്‌ ചെയ്‌തു. പശ്‌ചിമബംഗാള്‍ സ്വദേശിയായ കൂട്ടുപ്രതി സുരോജിത്‌ ഹല്‍ദറിനെക്കുറിച്ചും അന്വേഷിച്ചുവരുന്നു. പണം സ്വീകരിച്ച മറ്റൊരു പ്രതി ആന്ധ്രാപ്രദേശില്‍ ഉള്ളതായും സൂചന ലഭിച്ചു.

ആലപ്പുഴ ഡി.സി.ആര്‍.ബി: ഡിവൈ.എസ്‌.പി: എം.എസ്‌. സന്തോഷിന്റെ മേല്‍നോട്ടത്തില്‍ സൈബര്‍ ൈക്രം പോലീസ്‌ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ ഏലിയാസ്‌ പി. ജോര്‍ജ്‌, എസ്‌.ഐ: വി.എസ്‌. ശരത്‌ചന്ദ്രന്‍, സി.പി.ഒമാരായ കെ. റികാസ്‌, ഒ.കെ. വിദ്യ, കെ.യു. ആരതി എന്നിവരുള്‍പ്പെട്ട സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌. പ്രതിയെ മൈസുരുവില്‍നിന്ന്‌ ട്രാന്‍സിറ്റ്‌ വാറന്റ്‌ സഹിതം ആലപ്പുഴ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ എന്‍. രഞ്‌ജിത്ത്‌ കൃഷ്‌ണന്‍ മുമ്പാകെ ഹാജരാക്കി.