Featured Oddly News

കറുത്ത പുകമഞ്ഞ് പെയ്തു, സൂര്യന്റെ ‘രക്തം പോലെ ചുവന്നു, വായുവിന് ചെളിയുടെ നിറം; ഡിട്രോയിറ്റില്‍ വിചിത്രമായ ഇരുട്ട് പരന്നദിവസം !

ശാസ്ത്രം വലിയ പുരോഗതി കൈവരിച്ചിട്ടും വിശദീകരണം കിട്ടാത്ത അനേകം ചോദ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഉത്തരം കിട്ടാതെ നിലനില്‍ക്കുന്ന നിഗൂഢതയിലാണ് 1762 ഒക്ടോബര്‍ 19-ന് മിഷിഗണിലെ ഡിട്രോയിറ്റില്‍ വിചിത്രമായ ഇരുട്ട് പരന്നദിവസത്തെ കണക്കാക്കുന്നത്. ചുറ്റുപാടു മുഴുവന്‍ ഇരുട്ട് പരത്തി കറുത്ത പുകമഞ്ഞ് പെയ്ത ഈ ദിവസം പോലെ പിന്നീട് ഉണ്ടായിട്ടുമില്ല.

ആ ദിവസത്തെക്കുറിച്ച് വിശദീകരിക്കുന്ന ഒരു കത്തില്‍ വ്യാപാരിയായ ജെയിംസ് സ്റ്റെര്‍ലിംഗ്, സൂര്യന്റെ നിറം ‘രക്തം പോലെ ചുവപ്പും, സാധാരണത്തേക്കാള്‍ മൂന്നിരട്ടി വലുപ്പമുള്ളതും’ ആയിരുന്നു എന്ന് വിശേഷിപ്പിച്ചു. അത്ര ഇരുട്ടായിരുന്നതിനാല്‍ മെഴുകുതിരികള്‍ കത്തിക്കേണ്ടിവന്നു, വായുവിന് ‘ചെളിയുടെ നിറമുള്ള മഞ്ഞകലര്‍ന്ന പച്ച നിറം’ ആയിരുന്നു. ഇതിലെല്ലാം ഏറ്റവും അസാധാരണമായ കാര്യം, ഒരു കഷണം കടലാസ് പുറത്തേക്ക് പിടിച്ചപ്പോള്‍ അത് കറുത്ത നിറമായി മാറിയതാണ്.

മറ്റൊരു വ്യാപാരിയായ ജോണ്‍ പോര്‍ട്ടിയൂസ്, ഇരുട്ട് വളരെ കട്ടിയുള്ളതിനാല്‍ ’10 വാര അകലത്തില്‍ നില്‍ക്കുന്ന ഒരാളെ ആണോ പെണ്ണോ എന്ന് തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല’ എന്ന് റിപ്പോര്‍ട്ട് ചെയ്തു. ഈ കറുത്ത മഴ ‘പുതിയ മഷി പോലെ വെളുത്ത കടലാസില്‍ കാണപ്പെട്ടു’ എന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തി കടന്ന് കാനഡയിലും ഇതേ വിചിത്രമായ കാലാവസ്ഥ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ പ്രതിഭാസത്തിന് ഫ്രഞ്ചില്‍ ‘പ്ലൂയി ഡി സൂയി’ (പുകമഞ്ഞ് മഴ) എന്ന് പേരിട്ടു.

ഇതുവരെ, ഈ ഇരുട്ടിനും കറുത്ത മഴയ്ക്കും കൃത്യമായ ശാസ്ത്രീയ വിശദീകരണം ലഭിച്ചിട്ടില്ല. പര്യവേക്ഷകനായ ജോനാഥന്‍ കാര്‍വര്‍ അടുത്ത വര്‍ഷം വസന്തകാലത്ത് ആരംഭിച്ച പോണ്ടിയാക്കിന്റെ കലാപത്തിന് മുന്നോടിയായുള്ള ഒരു ദുശ്ശകുനമായിട്ടാണ് ഇതിനെ കണ്ടത്. സ്റ്റെര്‍ലിംഗ് തന്റെ കത്തില്‍ പല സിദ്ധാന്തങ്ങളും രേഖപ്പെടുത്തിയിരുന്നു.

ഇംഗ്ലീഷുകാര്‍ കൊണ്ടുവന്ന ഒരു മഹാമാരി, ഒരു വനത്തിലെ തീപിടുത്തം, അല്ലെങ്കില്‍ (അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍) ‘ഏതെങ്കിലും അഗ്‌നിപര്‍വ തത്തിന്റെ പൊട്ടിത്തെറിയോ ഭൂഗര്‍ഭ തീപിടുത്തമോ’ ആണ് ഇതിന് കാരണം. അവയില്‍ നിന്നുള്ള സള്‍ഫര്‍ അടങ്ങിയ വസ്തുക്കള്‍ ‘ജലത്തുള്ളിക ളുമായി ചേര്‍ന്ന് മഴയോടൊപ്പം താഴേക്ക് പതിച്ചു.’ എന്നും അദ്ദേഹം പറഞ്ഞു.