കെ.ജെ.ഷൈനിനെതിരായ സൈബർ ആക്രമണക്കേസിലെ രണ്ടാം പ്രതി കെ.എം.ഷാജഹാന് ജാമ്യം. എറണാകുളം സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട് ആള്‍ ജാമ്യത്തിലും 25,000 രൂപയുടെ ബോണ്ടിലുമാണ് ഷാജഹാന് ജാമ്യം അനുവദിച്ചത്. സമാനമായ കുറ്റകൃത്യം ആവര്‍ത്തിക്കരുതെന്ന് നിര്‍ദേശിച്ചു.
ഷാജഹാന്റെ ജാമ്യ ഹർജി പരിഗണിക്കുന്നതിനിടെ പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉയർത്തിയത്. റിമാൻഡ് റിപ്പോർട്ടിൽ ലൈംഗികച്ചുവയുളള ഒരു വാക്ക് കാണിക്കാമോ എന്ന് കോടതി പൊലീസിനോട് ചോദിച്ചു. കേസെടുത്തതിന് പിന്നാലെ എങ്ങനെയാണ് വേഗത്തിൽ അറസ്റ്റ് ചെയ്തതെന്നും കോടതി ചോദിച്ചു. മൂന്ന് മണിക്കൂര്‍ കൊണ്ട് എറണാകുളത്തുനിന്ന് എങ്ങനെ തിരുവനന്തപുരത്ത് എത്തിയെന്നും കോടതി ചോദിച്ചു.
കേസെടുത്ത് മൂന്ന് മണിക്കൂറിനുള്ളില്‍ അറസ്റ്റുണ്ടായെന്ന് കോടതി പറഞ്ഞു. ചെങ്ങമനാട് നിന്ന് പൊലീസ് എങ്ങനെ തിരുവനന്തപുരത്തെത്തിയെന്നും ചെങ്ങമനാട് എസ്ഐക്ക് അറസ്റ്റിനുള്ള അധികാരം ആര് നല്‍കിയെന്നും എറണാകുളം സിജെഎം കോടതി ചോദിച്ചു. സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ ഭാഗമാണ് എസ്ഐ എന്നും അതുകൊണ്ടാണ് അദ്ദേഹം അറസ്റ്റ് ചെയ്തതെന്നുമാണ് പൊലീസ് മറുപടി നൽകിയത്. ഇതോടെ എസ്‌ഐടി ഓര്‍ഡര്‍ ഹാജരാക്കാന്‍ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു.
ഷാജഹാന്‍ തുടര്‍ച്ചയായി കുറ്റം ആവര്‍ത്തിക്കുയാണ് എന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ട് എന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇന്നലെയാണ് കെ.എം ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തത്.




