ദളിത് യുവതി ബിന്ദുവിനെ മാല മോഷ്‌ടാവാക്കിയത് പോലീസിന്റെ കള്ളക്കഥ തന്നെ. മാലമോഷണക്കേസില്‍ വഴിത്തിരിവാകുകയാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്.
പേരൂര്‍ക്കടയിലെ അമ്പലമുക്കിലുള്ള വീട്ടില്‍നിന്ന് മാലമോഷണം പോയിട്ടില്ലെന്നും വീട്ടുജോലിക്കാരിയായ പനവൂര്‍ പനയമുട്ടം സ്വദേശിനി ആര്‍. ബിന്ദുവിനെ കുടുക്കാന്‍ പോലീസ് കഥ മെനഞ്ഞെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. മറവി പ്രശ്‌നമുള്ള വീട്ടുടമ അമ്പലമുക്ക് സ്വദേശി ഓമന ദാനിയല്‍ മാല വീട്ടിലെ സോഫയ്‌ക്കു താഴെവച്ചു മറക്കുകയായിരുന്നു. ഓമനയാണ് പോലീസില്‍ പരാതി നല്‍കിയതെങ്കിലും മാല പിന്നീട് കണ്ടെത്തിയ കാര്യം അവര്‍ പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ അതു പറയേണ്ടെന്ന നിര്‍ദേശമാണ് പേരൂര്‍ക്കടയിലെ പോലീസ് നല്‍കിയത്.
മാല വീടിനു പിന്നിലെ ചവറുകൂനയില്‍നിന്നു കണ്ടെത്തിയെന്നായിരുന്നു പേരൂര്‍ക്കട പോലീസിന്റെ തിരക്കഥ. ഇത് പൊളിക്കുന്നതാണ് പുതിയ അന്വേഷണ റിപ്പോര്‍ട്ട്. ബിന്ദുവിനെ അന്യായമായി കസ്‌റ്റഡിയില്‍ എടുത്തത് ന്യായീകരിക്കാനാണ് ഈ വാദം പോലീസ് ഉയര്‍ത്തിയത്.
പേരൂര്‍ക്കട എസ്.എച്ച്.ഒ. ശിവകുമാര്‍, ഓമന ഡാനിയല്‍ എന്നിവര്‍ക്കെതിരേ നടപടി വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്. പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വിദ്യാധരന്റെ കണ്ടെത്തലാണ് നിര്‍ണായകമാകുന്നത്.
മാല നഷ്‌ടപ്പെട്ടത് 2025 ഏപ്രില്‍ 18നാണെങ്കിലും പരാതി നല്‍കിയത് 23നായിരുന്നു. നാലു ദിവസം മുമ്പ് മാത്രം വീട്ടു ജോലിക്കെത്തിയ ബിന്ദുവിനെ വീട്ടില്‍ അറിയിക്കാതെ ഒരു രാത്രി മുഴുവന്‍ പോലീസ് സ്‌റ്റേഷനില്‍ ഇരുത്തി ക്രൂരമായി ചോദ്യം ചെയ്യുകയും പിറ്റേന്ന് ഉച്ചയ്‌ക്ക് 12 വരെ അനധികൃതമായി കസ്‌റ്റഡിയില്‍ വയ്‌ക്കുകയും ചെയ്‌തു.
മാല കിട്ടിയപ്പോള്‍ പറഞ്ഞുവിട്ടെങ്കിലും ചവറുകൂനയില്‍നിന്നാണ് കണ്ടെത്തിയതെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു. പരാതിക്കാരുടെ വാക്ക് മാത്രം വിശ്വസിച്ച പോലീസ് അവരുടെ വീട് പരിശോധിക്കാന്‍ പോലും കൂട്ടാക്കിയില്ല. സ്‌ത്രീകളെ രാത്രിയില്‍ കസ്‌റ്റഡിയില്‍ വയ്‌ക്കരുതെന്ന ചട്ടം ലംഘിച്ച പോലീസ് ബിന്ദുവിനു ഭക്ഷണംപോലും നിഷേധിച്ചു. ബിന്ദുവിനെ അന്യായമായി സ്‌റ്റേഷനില്‍ തടഞ്ഞുവച്ചത് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ശിവകുമാറും അറിഞ്ഞിരുന്നെന്നും രാത്രിയില്‍ ശിവകുമാര്‍ ബിന്ദുവിനെ ചോദ്യം ചെയ്‌തത് സി.സി.ടിവിയില്‍ വ്യക്‌തമെന്നും അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു.
ഓമന ദാനിയല്‍ മാല സ്വന്തം വീട്ടിലെ സോഫയ്‌ക്കു താഴെവച്ചു മറന്നെന്നു പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. സാധാരണ കിടക്കയ്‌ക്ക് അടിയിലാണ് ഓമന മാല വയ്‌ക്കുന്നത്. സംഭവം നടന്നദിവസം സോഫയുടെ അടിയിലാണ് വച്ചത്. മാല കാണാത്തതിനെ തുടര്‍ന്ന് ഓമന പോലീസിനെ വിവരം അറിയിച്ചു. പിന്നീട് വീട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ സോഫയ്‌ക്ക് അടിയില്‍നിന്നു മാല കണ്ടെത്തിയെന്ന് ഓമനയുടെ മകള്‍ പോലീസിനോടു സമ്മതിച്ചു.




