Sports

പോകുന്ന ലീഗിലെല്ലാം ഗോളടിച്ചു കൂട്ടുന്നു ; സൗദി പ്രോ ലീഗില്‍ ക്രിസ്ത്യാനോ റയലിലെ റെക്കോഡ് തകര്‍ക്കുമോ?

പോകുന്ന ലീഗിലെല്ലാം ഗോളടിച്ചു കൂട്ടുന്നതാണ് ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ പതിവ്. നാലു രാജ്യത്തെ ലീഗുകളില്‍ കളിച്ച താരം അവിടെയെല്ലാം മികവ് കാട്ടുകയും ചെയ്തു. നിലവില്‍ താരം കളിക്കുന്ന സൗദി പ്രോ ലീഗിലും കാര്യങ്ങള്‍ വ്യത്യസ്തമല്ല. ഗംഭീര പ്രകടനം നടത്തുന്ന താരം സ്പാനിഷ് ക്ലബ്ബ് റയലില്‍ കളിച്ചിരുന്നപ്പോഴത്തെ റെക്കോഡ് സ്‌കോറിംഗ് നടത്തുമോ എന്നാണ് അറിയേണ്ടത്.

ഈ സീസണില്‍ എല്ലാ മത്സരങ്ങളിലുമായി 47 മത്സരങ്ങളില്‍ നിന്ന് സീസണിലെ 48-ാം ഗോള്‍ നേടിയ റൊണാള്‍ഡോ സെന്‍സേഷണല്‍ ഫോമിലാണ്. 2015-16 സീസണില്‍ റയല്‍ മാഡ്രിഡിനൊപ്പം 51 ഗോളുകള്‍ നേടിയതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ഏറ്റവും മികച്ച നേട്ടമാണിത്. മെയ് 31 ന് നടക്കാന്‍ സാധ്യതയുള്ള ബദ്ധവൈരികളായ അല്‍-ഹിലാലിനെതിരെ മൂന്ന് ലീഗ് മത്സരങ്ങളും നിര്‍ണായകമായ കിംഗ് കപ്പ് ഓഫ് ചാമ്പ്യന്‍സ് ഫൈനലും ബാക്കിയുള്ളതിനാല്‍ 39 കാരനായ താരത്തിന് തന്റെ നേട്ടം ഇനിയും വര്‍ദ്ധിപ്പിക്കാനാകും.

റയല്‍മാഡ്രിഡിന്റെ 51 ഗോള്‍ റെക്കോഡ് സൗദിയില്‍ ക്രിസ്ത്യാനോ മറികടക്കുമോ എന്നറിയാനാണ് ഇപ്പോള്‍ ആരാധകര്‍ക്ക് കൗതുകം. വ്യാഴാഴ്ച രാത്രി സൗദി പ്രോ ലീഗ് ലീഗില്‍ അല്‍ നാസര്‍ 3-2 ന് അല്‍ അഖ്ദൂദിനെ പരാജയപ്പെടുത്തിയപ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലീഗിലെ തന്റെ 33-ാം ഗോളായിരുന്നു നേടിയത്. അല്‍ വെഹ്ദയെ 6-0 ന് തകര്‍ത്ത മത്സരത്തില്‍ പോര്‍ച്ചുഗല്‍ ഫോര്‍വേഡ് ഹാട്രിക്ക് നേടിയിരുന്നു.