സിംഗപ്പൂരിലെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ഇന്ത്യയിൽ ലളിതമായ ജീവിതം നയിക്കാൻ തീരുമാനിച്ച ദമ്പതികളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വീഡിയോയില്‍ സ്ഥലം കേരളമാണെന്ന് വ്യക്തമാണ്.
ഷർമിള എന്ന ഉപയോക്താവ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഈ ക്ലിപ്പ്, അവരുടെ സമാധാനപരമായ പുതിയ ജീവിതത്തിലേയ്ക്കുള്ള നേർക്കാഴ്ചയാണ് . തുറസ്സായ സ്ഥലങ്ങളില്‍ പൂച്ചക്കുട്ടിക്കൊപ്പം കളിക്കുന്ന കുട്ടികൾ , പച്ചപ്പു നിറഞ്ഞ വയലുകള്‍, മുറിച്ചുവച്ച ചക്ക കൊത്തിത്തിന്നുന്ന നാടന്‍ കോഴികള്‍, കുന്നുകൾക്ക് സമീപം സ്ഥിതി ചെയ്യുന്ന ശാന്തസുന്ദരമായ വീട്. അവർ ഉപേക്ഷിച്ചുപോന്ന വേഗതയേറിയ നഗരജീവിതത്തിൽ നിന്ന് ഇത് തികച്ചും വ്യത്യസ്തമാണ്. മൂന്ന് വർഷം മുമ്പ്, സ്വാതന്ത്ര്യം തിരഞ്ഞെടുക്കാനുള്ള ധീരമായ ആ തീരുമാനമെടുത്ത് തങ്ങളുടെ കൊച്ചു മകളുമായി ഇന്ത്യയിലേക്ക് മടങ്ങിയതായി യുവതി വെളിപ്പെടുത്തി.
മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ ഒരു വലിയ തീരുമാനമെടുത്തു – ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച്, ഇന്ത്യയിലേക്ക് മടങ്ങി, തിരക്കുകൾക്ക് പകരം സ്വാതന്ത്ര്യം തിരഞ്ഞെടുത്തു. ജോലിയെക്കാൾ ജീവിതത്തിനും സന്തോഷത്തിനും മുൻഗണന നൽകാനുള്ള നിശബ്ദമായ തീരുമാനം,” അവർ പോസ്റ്റിന്റെ അടിക്കുറിപ്പിൽ എഴുതി.
തിരക്കേറിയ ജീവിതവും നീണ്ട ജോലി സമയവും തനിക്ക് മടുത്തുവെന്നും അതിനാൽ സമാധാനപരവുമായ ജീവിതം കെട്ടിപ്പടുക്കാൻ അവർ തീരുമാനിച്ചുവെന്നും ശർമ്മിള വെളിപ്പെടുത്തി. ഇപ്പോൾ, അവർ ഒരു വെർച്വൽ അസിസ്റ്റന്റായി ജോലി ചെയ്യുകയും ഈ മേഖലയിൽ താൽപ്പര്യമുള്ള മറ്റുള്ളവരെ മെന്റർ ആക്കുകയും ചെയ്യുന്നു.




