മിലാനോ കൊര്ടീന ശൈത്യകാല ഒളിംപിക്സ് വില്ലേജിൽ കോണ്ടം ക്ഷാമം നേരിടുന്നു എന്ന വാർത്ത കായിക ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. വില്ലേജിലെ 2900 അത്ലീറ്റുകൾക്കായി സംഘാടകർ 10,000 കോണ്ടം എത്തിച്ചിരുന്നെങ്കിലും മത്സരങ്ങൾ ആരംഭിച്ച് മൂന്നാം ദിവസം തന്നെ ഇവ തീർന്നുപോയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്രവേഗം സ്റ്റോക്ക് തീരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്നും സംഘാടകർ അറിയിച്ചെങ്കിലും, പുതിയ ബാച്ച് എന്ന് എത്തുമെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുന്നു.
ആയിരക്കണക്കിന് കായികതാരങ്ങൾ ആഴ്ചകളോളം ഒന്നിച്ച് താമസിക്കുന്ന ഇടമെന്ന നിലയിലാണ് ഇത്രയധികം കോണ്ടം കരുതിയിരുന്നത്. എന്നാൽ പ്ലാനിംഗിലുണ്ടായ പാളിച്ചയാണ് ഇത്രവേഗം ക്ഷാമമുണ്ടാകാൻ കാരണമെന്ന ആക്ഷേപം ശക്തമാണ്. കഴിഞ്ഞ ഒളിംപിക്സുകളിലെ വിതരണവുമായി താരതമ്യം ചെയ്യുമ്പോൾ മിലാനിലെ കണക്കുകൾ വളരെ കുറവാണെന്ന് കാണാം.
2024-ലെ പാരിസ് ഒളിംപിക്സിൽ 10,500 താരങ്ങൾക്കായി ഏകദേശം 200,000 കോണ്ടമാണ് വിതരണം ചെയ്തത്. മുൻപ് നടന്ന മറ്റൊരു ഒളിംപിക്സിലാകട്ടെ ഇത് 300,000 വരെയായിരുന്നു. എന്നാൽ ഇത്തവണ 10,000 എണ്ണം മാത്രമാണ് ലഭ്യമാക്കിയത്. കോവിഡ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന 2021-ലെ ടോക്കിയോ ഒളിംപിക്സിൽ താരങ്ങൾ അടുത്തിടപഴകുന്നതിന് വിലക്കുണ്ടായിരുന്നെങ്കിലും സുരക്ഷിത ലൈംഗികത മുൻനിർത്തി അവിടെയും വിതരണം നടന്നിരുന്നു.
ഒളിംപിക്സ് വില്ലേജുകളിൽ കോണ്ടം വിതരണം ചെയ്യുന്നത് കാലങ്ങളായി തുടരുന്ന ഒരു രീതിയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കായികതാരങ്ങൾ ഒരു ചെറിയ പ്രദേശത്ത് ഒത്തുചേരുമ്പോൾ ലൈംഗികാരോഗ്യം സംരക്ഷിക്കുന്നതിനും സുരക്ഷിതമായ ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണിത്. കടുത്ത മത്സരസമ്മർദത്തിനിടയിൽ അത്ലീറ്റുകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തുന്നതിൽ ഇത്തരം കാര്യങ്ങൾക്ക് പ്രാധാന്യമുണ്ടെന്ന് സംഘാടകർ വ്യക്തമാക്കുന്നു.
കൊർട്ടീന ദംപെസോയിൽ മൊഡ്യൂലാർ യൂണിറ്റുകൾ ഉപയോഗിച്ച് താൽക്കാലികമായാണ് ഇത്തവണ ഒളിംപിക്സ് വില്ലേജ് സജ്ജീകരിച്ചിരിക്കുന്നത്. വ്യക്തിപരമായ സ്വകാര്യത കുറവാണെങ്കിലും വിശാലമായ പൊതു ഇടങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. കായിക മാമാങ്കത്തിന്റെ തുടക്കത്തിൽ തന്നെ ഉണ്ടായ ഈ വിതരണ പ്രതിസന്ധി സംഘാടന മികവിനെ ചോദ്യം ചെയ്യുന്ന തരത്തിൽ വലിയ മാധ്യമശ്രദ്ധ നേടിക്കഴിഞ്ഞു.




