Featured Oddly News

ഭർത്താവിന്റെ ‘അവിഹിതം’ സമൂഹമാധ്യമത്തിൽ പരസ്യമാക്കി, ഭാര്യ മാപ്പു പറയണമെന്ന് കോടതി; അതും വൈറലായി!

ഭർത്താവിന്റെ വിവാഹേതര ബന്ധം സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയ ചൈനീസ് യുവതിക്ക് ഒടുവിൽ കോടതി ഉത്തരവ് പ്രകാരം പരസ്യമായി മാപ്പു പറയേണ്ടി വന്നു. പത്തു വർഷം മുൻപ് ഗാവോ ഫേ എന്നയാളെ വിവാഹം കഴിച്ച നിയു നാ എന്ന യുവതിയാണ് തന്റെ ഭർത്താവിന് സഹപ്രവർത്തകയുമായി അവിഹിത ബന്ധമുണ്ടെന്ന കാര്യം തെളിവുകൾ സഹിതം ടിക് ടോക്കിന്റെ ചൈനീസ് പതിപ്പായ ഡൂയിനിലൂടെ വെളിപ്പെടുത്തിയത്. കുടുംബത്തിനായി ചെലവാക്കേണ്ട പണം ഉപയോഗിച്ച് ഭർത്താവ് കാമുകിക്ക് സമ്മാനങ്ങൾ വാങ്ങിക്കൂട്ടുകയാണെന്നും തന്നെ ചതിക്കുകയാണെന്നും ആരോപിച്ച നിയു, ഭർത്താവിന്റെ ജോലിസ്ഥലവും പേരും ഉൾപ്പെടുത്തി അധിക്ഷേപകരമായ പരാമർശങ്ങളോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ഇത് വലിയ രീതിയിൽ വൈറലായതോടെ ഭർത്താവ് ഗാവോ ഭാര്യക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു.

വ്യക്തിപരമായ ധാർമികതയ്ക്ക് നിരക്കാത്ത കാര്യങ്ങൾ ചെയ്ത ഒരാളുടെ പോലും നിയമപരമായ അവകാശങ്ങൾ ലംഘിക്കാൻ മറ്റൊരാൾക്ക് അധികാരമില്ലെന്ന് നിരീക്ഷിച്ച കോടതി, നിയുവിനോട് 15 ദിവസം തുടർച്ചയായി സോഷ്യൽ മീഡിയയിലൂടെ മാപ്പു പറയാൻ ഉത്തരവിട്ടു. ഓരോ വീഡിയോയും കോടതിയുടെ മുൻകൂർ അനുമതിയോടെ വേണം പോസ്റ്റ് ചെയ്യാനെന്നും നിർദേശമുണ്ടായിരുന്നു. ജനുവരി 12 മുതൽ മാപ്പു പറഞ്ഞു തുടങ്ങിയ നിയു, തന്റെ വീഡിയോകളിൽ ഭർത്താവിനെ പരിഹസിച്ചതിനും ‘പന്നി’ എന്ന് വിളിച്ചതിനും ക്ഷമ ചോദിച്ചു. എന്നാൽ, ഈ ക്ഷമാപണ വീഡിയോകൾക്കിടയിലും ഭർത്താവിന്റെ ചാറ്റ് റെക്കോർഡുകളും കാമുകിയുടെ ഭർത്താവിൽ നിന്ന് ഗാവോയ്ക്ക് മർദനമേറ്റ ചിത്രങ്ങളും ഉൾപ്പെടുത്തി നിയു തന്റെ പ്രതിഷേധം പരോക്ഷമായി തുടർന്നു.

നിയുവിന്റെ ഈ ക്ഷമാപണ വീഡിയോകൾക്ക് സമൂഹമാധ്യമങ്ങളിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്. ദിവസങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സിനെ നേടിയ അവർ, വീഡിയോകളിൽ ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് ഉൽപ്പന്നങ്ങളും വിൽക്കാനും ലൈവ് സ്ട്രീമിംഗിലൂടെ തന്റെ ജന്മനാടിനെ പ്രമോട്ട് ചെയ്യാനും ഈ അവസരം ഉപയോഗിച്ചു. ഭർത്താവിന്റെ വഞ്ചന തന്റെ ആരോഗ്യത്തെ ബാധിച്ചുവെന്നും എന്നാൽ ജനങ്ങളുടെ പിന്തുണ തനിക്ക് കരുത്തു നൽകുന്നുണ്ടെന്നും നിയു പറയുന്നു. നിലവിൽ ഗാവോയും നിയുവും വേർപിരിഞ്ഞാണ് താമസമെങ്കിലും ഔദ്യോഗികമായി വിവാഹമോചനം നേടിയോ എന്ന കാര്യത്തിൽ വ്യക്തതയില്ല.