Featured Oddly News

60,000 വിഷപ്പാമ്പുകൾക്കൊപ്പം ഒരു പെൺകുട്ടി; സമ്പാദ്യം കോടികൾ! പാമ്പിൻ വിഷം വിറ്റ് അതിസാഹസിക ബിസിനസ്

ചൈനയിൽ നഗരജീവിതം ഉപേക്ഷിച്ച് നാട്ടിലെത്തി വിഷപ്പാമ്പുകളെ വളർത്തി കോടികൾ സമ്പാദിക്കുന്ന യുവതിയുടെ കഥ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. ഗുവാങ്‌സി പ്രവിശ്യയിലെ ഗ്വിലിൻ സ്വദേശിയായ ക്വിൻ (29) ആണ് പിതാവിൻ്റെ പാമ്പ് വളർത്തൽ കേന്ദ്രത്തെ വലിയൊരു ബിസിനസ് സാമ്രാജ്യമാക്കി മാറ്റിയത്. നിലവിൽ അറുപതിനായിരത്തോളം വിഷപ്പാമ്പുകളാണ് ഇവരുടെ ഫാമിലുള്ളത്. ഇതിൽ പതിനായിരത്തോളം മൂർഖൻ പാമ്പുകളും അമ്പതിനായിരത്തോളം ‘ഫൈവ് സ്റ്റെപ്പ്’ എന്നറിയപ്പെടുന്ന മാരക വിഷമുള്ള പിറ്റ് വൈപ്പർ പാമ്പുകളും ഉൾപ്പെടുന്നു.

ആദ്യം മകൾ ഈ അപകടകരമായ ജോലിയിലേക്ക് വരുന്നതിനെ പിതാവ് എതിർത്തിരുന്നെങ്കിലും, ഫാമിലെ ജോലികൾ വർദ്ധിച്ചതോടെ ക്വിൻ സജീവമായി രംഗത്തിറങ്ങുകയായിരുന്നു. പാമ്പുകൾക്ക് ഭക്ഷണം നൽകുന്നതും അവയെ പരിചരിക്കുന്നതും ഇപ്പോൾ ക്വിന്റെ നേതൃത്വത്തിലാണ്. പാമ്പുകളുടെ ഉണക്കിയ ഇറച്ചി, പിത്തസഞ്ചി, പാമ്പ് നെയ്യ് എന്നിവ പരമ്പരാഗത മരുന്നുകൾക്കായി വിൽക്കുന്നുണ്ട്. കൂടാതെ, വൈദ്യശാസ്ത്ര ഗവേഷണങ്ങൾക്കായി പാമ്പിൻ വിഷവും ഇവിടെ നിന്ന് വിൽക്കുന്നു. ഒരു ഗ്രാം വിഷത്തിന് ഗുണനിലവാരമനുസരിച്ച് 40 മുതൽ 200 യുവാൻ വരെയാണ് വില ലഭിക്കുന്നത്.

തൊഴിലാളികളുടെ ശമ്പളവും മറ്റു ചിലവുകളും കഴിഞ്ഞ് വർഷം തോറും ഒരു മില്യൺ യുവാനിലധികം (ഏകദേശം 1.35 കോടി രൂപ) താൻ സമ്പാദിക്കുന്നുണ്ടെന്ന് ക്വിൻ പറയുന്നു. ‘പാമ്പിൻ വിഷം ശേഖരിക്കുന്ന പെൺകുട്ടി’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ സജീവമായ ഇവർക്ക് നിരവധി ഫോളോവേഴ്‌സുണ്ട്. പാമ്പ് വളർത്തലിലെ വെല്ലുവിളികളെക്കുറിച്ചും പാമ്പ് കടിയേറ്റാലുണ്ടാകുന്ന ഭയാനകമായ വേദനയെക്കുറിച്ചും അവർ തന്റെ വീഡിയോകളിലൂടെ തുറന്നുപറയാറുണ്ട്. ഫൈവ് സ്റ്റെപ്പ് പാമ്പിന്റെ കടിയേറ്റാൽ മരണം വരെ മറക്കാത്ത അത്രയും വലിയ വേദനയായിരിക്കുമെന്ന് ക്വിൻ മുന്നറിയിപ്പ് നൽകുന്നു.

ഒരിക്കൽ പാമ്പ് കടിയേറ്റാൽ ശരീരം മുഴുവൻ ആ വേദന പടരുമെന്നും, ആ വേദന അനുഭവിക്കുന്നതിലും നല്ലത് കടിയേറ്റ ഭാഗം മുറിച്ചുമാറ്റുന്നതാണെന്ന് പോലും ചിലർ പറയാറുണ്ടെന്നും ക്വിൻ ഓർമ്മിപ്പിക്കുന്നു. അതിസാഹസികമായ ഈ തൊഴിലിലൂടെ വലിയ വരുമാനം നേടുന്ന ക്വിന്നിനെ സോഷ്യൽ മീഡിയയിൽ നിരവധിപ്പേരാണ് പ്രശംസിക്കുന്നത്. ഈ ജോലി ചെയ്യാൻ വലിയ ധൈര്യം വേണമെന്നും എല്ലാവർക്കും ചെയ്യാൻ കഴിയുന്ന ഒന്നല്ല ഇതെന്നുമാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.