ന്യൂഡല്‍ഹി: കൈക്കൂലി വാങ്ങുന്നതിനിടെ കൈയോടെ പിടിക്കപ്പെട്ട അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ വിജിലന്‍സ് നല്‍കിയ പണം വായുവിലേക്ക് എറിഞ്ഞു. അന്തരീക്ഷത്തില്‍ പറന്നുനടന്ന നോട്ടുകള്‍ കൈക്കലാക്കി 5000 രൂപയുമായി നാട്ടുകാര്‍ പോയി. ഹൗസ് ഖാസി സ്റ്റേഷനില്‍ ജോലി ചെയ്യുന്ന എഎസ്‌ഐ രാകേഷ് കുമാറാണ് പെട്ടത്.
ഒരു വ്യക്തിയില്‍ നിന്ന് 15,000 രൂപ കൈക്കൂലി വാങ്ങിയപ്പോഴാണ് സംഭവം. പരാതിക്കാരനായ ഹൗസ് ഖാസിയിലെ ബസാര്‍ സീതാറാം പ്രദേശവാസി ദില്ലി പോലീസിന് വിവരം കൈമാറുകയും ഇദ്ദേഹത്തെ കൈയോടെ പിടികൂടാന്‍ അവര്‍ ഒരു കെണിയൊരുക്കുകയും ആയിരുന്നു. 2025 സെപ്റ്റംബര്‍ 9-ന് പരാതിക്കാരന്‍ വിജിലന്‍സ് ബ്രാഞ്ചിനെ സമീപിക്കുകയും എ.എസ്.ഐ. കുമാറിനെതിരെ രേഖാമൂലം പരാതി നല്‍കുകയും ചെയ്തു. ഉച്ചയ്ക്ക് 12:30-ന് കൈക്കൂലിപ്പണവുമായി പോലീസ് സ്റ്റേഷനിലെത്താന്‍ പ്രതിയോട് ആവശ്യപ്പെട്ടു. വിജിലന്‍സ് കെണിയൊരുക്കുന്നതിനായി 500 രൂപയുടെ 30 നോട്ടുകളായി ആവശ്യപ്പെട്ട തുക നല്‍കി.
ഉച്ചതിരിഞ്ഞ് പരാതിക്കാരന്‍ ആവശ്യപ്പെട്ട തുകയുമായി പോലീസ് സ്റ്റേഷനില്‍ പ്രവേശിച്ചു. എ.എസ്.ഐ. സ്റ്റേഷനിലേക്ക് വരുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പരാതിക്കാരന്‍ സമീപത്ത് നിലയുറപ്പിച്ചിരുന്ന വിജിലന്‍സ് ടീമിന് മുന്‍കൂട്ടി നിശ്ചയിച്ച സൂചന നല്‍കി.
പ്രതി കൈക്കൂലി സ്വീകരിച്ചയുടന്‍ സംഘം ഇദ്ദേഹത്തെ പിടികൂടാന്‍ സ്റ്റേഷനില്‍ റെയ്ഡ് നടത്തി. റെയ്ഡ് നടക്കുന്നതായി മനസ്സിലാക്കിയ എ.എസ്.ഐ. അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ പണക്കെട്ട് വായുവിലേക്ക് എറിഞ്ഞു. നോട്ടുകള്‍ അന്തരീക്ഷത്തില്‍ പറന്നുനടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വഴിയാത്രക്കാര്‍ നോട്ടുകള്‍ ശേഖരിക്കാന്‍ ഓടിക്കൂടി, ഏകദേശം 5,000 രൂപയുമായി രക്ഷപ്പെട്ടു.
വിജിലന്‍സ് ടീം ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കുകയും സ്ഥലത്ത് നിന്ന് 10,000 രൂപ തിരികെ കണ്ടെത്തുകയും ചെയ്തു. എ.എസ്.ഐ. കുമാറിനെ അറസ്റ്റ് ചെയ്യുകയും അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുകയും ചെയ്തു.




