Sports

നിരന്തരം തോല്‍വികള്‍ ഏറ്റുവാങ്ങേണ്ടി വരുന്നു; ഇത്തവണ ബ്രസീല്‍ ഇല്ലാതെ 2026 ലോകകപ്പ് ?

ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് ജയിച്ച ബ്രസീല്‍ ഇതുവരെ നടന്ന എല്ലാ ലോകകപ്പുകളിലും കളിച്ചിട്ടുളള ഏക ടീമാണ്. അവര്‍ക്ക് കേരളം ഉള്‍പ്പെടെ ലോകത്തുടനീളമായി അനേകം ആരാധകരുണ്ട്. എന്നാല്‍ ഇത്തവണ അമേരിക്ക മെക്‌സിക്കോ, കാനഡ രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പ് മഞ്ഞക്കിളികള്‍ ഇല്ലാതെ നടക്കേണ്ടി വരുമോ എന്ന് ആരാധകര്‍ക്ക് സംശയം തോന്നിത്തുടങ്ങിയിട്ടുണ്ട്. ഫിഫ ലോകകപ്പ് 2026 ലാറ്റിനമേരിക്കന്‍ യോഗ്യതാ മത്സരങ്ങളുടെ ആദ്യറൗണ്ട് പട്ടിക പുറത്തുവരുമ്പോള്‍ ബ്രസീല്‍ ഏറെ പിന്നിലാണെന്നതാണ് ആശങ്കയ്ക്ക് കാരണമായിരിക്കുന്നത്.

കഴിഞ്ഞ ദിവസം അര്‍ജന്റീനയോടും അവര്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ പട്ടിയികല്‍ ആറാം സ്ഥാനത്താണ് ബ്രസീല്‍. ആറു ടീമുകള്‍ക്കാണ് സാധ്യതയെന്നിരിക്കെ ബ്രസീലിന്റെ കാര്യം നിലവില്‍ പരുങ്ങലിലാണ്. എന്നിരുന്നാലും ഇനിയും മത്സരങ്ങള്‍ ബാക്കിയുള്ളതിനാല്‍ അവര്‍ തിരിച്ചുവരുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. അര്‍ജന്റീനയോട് തോല്‍ക്കുന്നതിന് മുമ്പ്, കൊളംബിയയോടും ഉറുഗ്വായോടും തോല്‍വി ഏറ്റുവാങ്ങിയത് ബ്രസീലിന്റെ യോഗ്യതാ രംഗം അല്‍പ്പം വെല്ലുവിളി നിറഞ്ഞതാക്കി.

ഇതുവരെ, ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് വിജയങ്ങളുടെയും ഒരു സമനിലയുടെയും സഹായത്തോടെ ഏഴ് പോയിന്റ് നേടാന്‍ ബ്രസീലിന് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം 23 പോയിന്റുള്ള കൊളംബിയ ആറാം സ്ഥാനത്തായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ലോകകപ്പില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ ബ്രസീലിന് 20 പോയിന്റെങ്കിലും ആവശ്യമാണ്. ലോകഫുട്‌ബോളിലെ വമ്പന്മാരായ ഇറ്റലി ഇല്ലാതെയായിരുന്നു കഴിഞ്ഞ ഖത്തര്‍ ലോകകപ്പ് നടന്നത്. ഖത്തറിലേക്ക് യൂറോപ്പില്‍ നിന്നും ഇറ്റലിക്ക് യോഗ്യത നേടാന്‍ കഴിഞ്ഞിരുന്നില്ല.

യോഗ്യതാ മത്സരങ്ങളില്‍ വമ്പന്‍ തോല്‍വികള്‍ ഏറ്റുവാങ്ങിയതായിരുന്നു അവര്‍ക്ക് അന്ന് തിരിച്ചടിയായത്. ബ്രസീലും ഈ നിലയിലേക്ക് പോകുമോ എന്നാണ് ആശങ്ക. അതേസമയം ഇതിനേക്കാള്‍ മോശമായ അവസ്ഥയില്‍ നിന്നും മത്സരങ്ങള്‍ ജയിച്ചു കയറിവന്ന് ലോകകപ്പില്‍ മികച്ച പ്രകടനം നടത്തി കപ്പും കൊണ്ടുപോയ ചരിത്രം ടീമിനുണ്ട്.