മഴയെത്തുടർന്ന് കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ കയറിയ പോത്തിനെ ഹൈഡ്രോളിക് ക്രെയിൻ ഉപയോഗിച്ച് നാടകീയമായി രക്ഷപ്പെടുത്തി. മധ്യപ്രദേശിലെ സിംഗ്രോളി ജില്ലയിൽ പോത്തിനെ രക്ഷപ്പെടുത്തിയ സംഭവം പ്രദേശവാസികൾക്കിടയിൽ ചിരിയും ആശ്വാസവും പടർത്തി.
കനത്ത മഴയെത്തുടർന്ന് ഒരു വീടിന്റെ പടികൾ കയറി മേൽക്കൂരയിലെത്തിയ പോത്ത് അവിടെ കുടുങ്ങുകയായിരുന്നു. മണിക്കൂറുകൾക്ക് ശേഷം പോത്തിനെ മേൽക്കൂരയിൽ നിന്ന് രക്ഷിക്കാൻ ഒരു ഹൈഡ്രോളിക് ക്രെയിൻ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തി. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നെറ്റിസൺസിൽ നിന്ന് നിരവധി പ്രതികരണങ്ങൾ ലഭിച്ചു.
സിംഗ്രോളിയിലെ ദാദർ ഗ്രാമത്തിൽ രാം സൂരത് യാദവിന്റെ വീടിന്റെ മേൽക്കൂരയിൽ മഴയിൽ നിന്ന് രക്ഷപ്പെടാൻ കയറിയ പോത്തിന് സ്വയം താഴെയിറങ്ങാൻ കഴിഞ്ഞില്ല, ഇതേത്തുടർന്നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
പെരുമഴയും വെള്ളം കയറിയ തെരുവുകളും ഒഴിവാക്കാനുള്ള തീവ്രമായ ശ്രമത്തിന്റെ ഭാഗമായിട്ടാണ് പോത്ത് പടികൾ കയറിയതെന്ന് കരുതപ്പെടുന്നു. എന്നാൽ, മേൽക്കൂരയിലെത്തിയപ്പോൾ അത് അവിടെ കുടുങ്ങുകയും താഴെയിറങ്ങാൻ കഴിയാതെ വരികയുമായിരുന്നു. പോത്ത് താഴെയിറങ്ങാൻ പാടുപെടുകയും രാത്രിയിൽ മേൽക്കൂരയിൽ നിന്ന് വീഴുമോ എന്ന ഭയം വർദ്ധിക്കുകയും ചെയ്തതോടെ സ്ഥിതി കൂടുതൽ ഗുരുതരമായി.
ഒടുവിൽ, കുടുങ്ങിയ പോത്തിനെ രക്ഷിക്കാൻ ഗ്രാമവാസികൾ ഒരു ഹൈഡ്രോളിക് ക്രെയിൻ വിളിക്കാൻ തീരുമാനിച്ചു. പോത്തിനെ മേൽക്കൂരയിൽ നിന്ന് സുരക്ഷിതമായി താഴെയിറക്കി.
രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്, ഇത് നെറ്റിസൺസിൽ നിന്ന് നിരവധി പ്രതികരണങ്ങൾ നേടുന്നുണ്ട്.




