ഏതു കാര്യം തുടങ്ങുമ്പോഴും ഒന്ന് പ്രാര്‍ത്ഥിച്ചിട്ട് തുടങ്ങുക എന്നുള്ളത് മിക്കവരുടേയും ഒരു പൊതുസ്വഭാവമാണ്. അപ്പോള്‍ പിന്നെ ഏറ്റവും ‘അപകട’കരമായ ജോലി ചെയ്യുന്ന ഒരു കള്ളന്റെ കാര്യം പറയാനുണ്ടോ? ചെയ്യുന്ന കുറ്റത്തിന് സമസ്താപരാധവും ഏറ്റുപറഞ്ഞ് ദൈവത്തോട് മാപ്പു പറഞ്ഞാല്‍ പിന്നെ മന:സാക്ഷിക്കുത്തു വേണ്ടല്ലോ? മോഷ്ടിക്കുന്നതിന് മുന്‍പുള്ള ഒരു കള്ളന്റെ പ്രാര്‍ഥനയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്
മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലുള്ള ഒരു പെട്രോൾ പമ്പിലാണ് സംഭവം. പെട്രോള്‍ പമ്പിന്റെ ഓഫീസില്‍ കയറിയ കള്ളന്‍ മോഷ്ടിക്കുന്നതിനു മുന്‍പ് അവിടെയുണ്ടായിരുന്ന ദൈവങ്ങളുടെ ചിത്രങ്ങള്‍ക്ക് മുന്‍പില്‍ പ്രാര്‍ഥിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പ്രാര്‍ഥന കഴിഞ്ഞ് കൂളായി കവര്‍ന്നതാകട്ടെ ഒന്നര ലക്ഷം രൂപയും. പെട്രോള്‍ പമ്പിലെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളത്.
പമ്പിലെ റോഡിന് നേരെയുള്ള സിസിടിവികളിലൊന്നിലും തന്നെ കള്ളന്റെ ദൃശ്യം പതിഞ്ഞിട്ടില്ലാത്തതിനാല്‍ പെട്രോൾ പമ്പിന് പിന്നിലൂടെയാണ് മോഷ്ടാവ് അകത്ത് കടന്നതെന്നാണ് സൂചന. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. പ്രാര്‍ഥിച്ച ശേഷം ഇയാള്‍ മേശകളില്‍ തെരയുന്നതും അലമാര തുറക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഇതിനിടെ മുറിയിലെ സിസിടിവി ക്യാമറ കാണുന്ന മോഷ്ടാവ് അത് നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ ആ ശ്രമം ഉപേക്ഷിച്ച് നോട്ടുകെട്ടുകളുമായി സ്ഥലം വിടുന്നതിനിടയില്‍ വീണ്ടും ഭഗവാനെ വണങ്ങാനും മറന്നില്ല. പമ്പിൽ നിന്ന് 1.57 ലക്ഷം രൂപയാണ് മോഷ്ടാവ് കവര്‍ന്നത്. സംഭവത്തില്‍ മചൽപൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.