സ്ത്രീകൾക്ക് നല്ല രീതിയിൽ ജോലി ചെയ്യാന്‍ സാധിക്കണമെങ്കിൽ അവർക്ക് അതിന് അനുസരിച്ചുള്ള സാഹചര്യങ്ങളും ചുറ്റുപാടും ഒരുക്കിനൽകണം. ഇത്തരത്തിൽ ജോലിചെയ്യുന്നതിന് ആവശ്യമായ സാഹചര്യം ഉണ്ടാക്കി നൽകുന്ന കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഇന്ത്യൻ നഗരങ്ങളാണ് ബംഗ്ലൂർ, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങൾ. അവ്താർ ഇന്റർനാഷണൽ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തല്‍.
ലിംഗതുല്യതയെ സഹായിക്കുന്ന പരിസ്ഥിതികള്‍ എത്ര മാത്രം ഒരുക്കി നല്കുന്നുണ്ടെന്നറിയാനായി ഇന്ത്യയിലെ 120 നഗരങ്ങളെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. ഒരോ നഗരത്തിനും ഇതിന്റെ അടിസ്ഥാനത്തില്‍ സ്കോറുകളും നല്കി. ഹൈദരാബാദ്, പുണെ, കൊല്‍ക്കത്ത, അഹമ്മദാബാദ്, ഡല്‍ഹി, ഗുരുഗ്രാം, കോയമ്പത്തൂര്‍ എന്നിവയാണ് ആദ്യ പത്തില്‍ ഇടംപിടിച്ച മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍.
കൊച്ചി പതിനാന്നാമതായും തിരുവനന്തപുരം പതിമൂന്നാമതായും പട്ടികയില്‍ ഇടം പിടിച്ചു. ചെന്നൈയ്ക്കും കോയമ്പത്തൂരിനും പുറമേ തമിഴ്നാട്ടിലെ മറ്റ് നഗരങ്ങളായ തിരുച്ചിറപ്പള്ളി, വെല്ലൂര്‍, മധുരൈ, സേലം, ഈറോഡ് , തിരുപ്പൂര്‍ എന്നിവയും ആദ്യ 20 സ്ഥാനങ്ങളില്‍ ഇടം നേടിയിരുന്നു.
ആദ്യ 245-ല്‍ 16 ഉം ദക്ഷിണേന്ത്യന്‍ നഗരങ്ങളാണ്. ഒരു നഗരം സ്ത്രീകള്‍ക്ക് എത്രത്തോളം സുരക്ഷ നല്കുന്നു, തൊഴിലിലെ പങ്കാളിത്തം, സ്ത്രീകളുടെ ശാക്തീകരണം തുടങ്ങിയ ഘടകങ്ങളായിരുന്നു സര്‍വേയില്‍ പരിഗണിച്ചത്.