Healthy Food

ദിവസവും ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കാമോ? രക്തസമ്മര്‍ദ്ദം കുറയ്ക്കാം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പ്രായമായവര്‍ മാത്രമല്ല, ചെറുപ്പക്കാരും നേരിടുന്ന ഒരു പ്രശ്‌നമാണ്. തെറ്റായ ഭക്ഷണക്രമം, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം, വിട്ടുമാറാത്ത സമ്മര്‍ദ്ദം, അമിതമായ മദ്യപാനം, ജനിതക പ്രശ്‌നങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ രക്ത സമ്മര്‍ദ്ദം വര്‍ധിച്ചു വരുന്നതിന് കാരണമാകുന്നു.

ഉദാസീനമായ ജീവിതശൈലികളും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും മറ്റൊരു പ്രധാന കാരണമാണ് . എന്നാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒരു മാസത്തിനുള്ളില്‍ സാധാരണ നിലയിലാക്കാന്‍ ബീറ്റ്‌റൂട്ട് സഹായകമെന്ന് കണ്ടെത്തിയിരിക്കുകയാണ് വിദഗ്ദ്ധര്‍.

ദിവസവും ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ഒരു ലളിതമായ മാര്‍ഗ്ഗമാണെന്ന് ആരോഗ്യ വിദഗ്ധര്‍ കണ്ടെത്തി .

എന്നാല്‍ അത് കുടിക്കുന്നത് നിര്‍ത്തിയ പങ്കെടുത്തവരില്‍ രക്തസമ്മര്‍ദ്ദം വീണ്ടും ഉയരുകയാണ് ഉണ്ടായത് . ലണ്ടനിലെ ക്വീന്‍ മേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഈ ഗവേഷണം സൂചിപ്പിക്കുന്നത് ബീറ്റ്‌റൂട്ട് ജ്യൂസ് ഹൈപ്പര്‍ടെന്‍ഷന്‍ നിയന്ത്രിക്കുന്നതിനുള്ള ഒരു സ്വാഭാവിക മാര്‍ഗമാണെന്നാണ് .

ക്യൂന്‍ മേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഈ പഠനത്തില്‍, ബീറ്റ്‌റൂട്ട് ജ്യൂസ് എങ്ങനെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്ന് ഗവേഷകര്‍ കണ്ടെത്തി . ബീറ്റ്‌റൂറ്റിലെ നൈട്രേറ്റുകളെ ശരീരം നൈട്രിക് ഓക്‌സൈഡാക്കി മാറ്റുന്നു, ഇത് രക്തക്കുഴലുകള്‍ വിശ്രമിക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുന്നു.
ബീറ്റ്‌റൂട്ട് ജ്യൂസ് – ഹൃദയാരോഗ്യത്തിന് ഒരു പ്രകൃതിദത്ത സഹായമാണ്.

64 സന്നദ്ധപ്രവര്‍ത്തകരുമായി നടത്തിയ ഒരു പഠനത്തില്‍, ബീറ്റ്റൂട്ട് ജ്യൂസില്‍ കാണപ്പെടുന്നത് പോലെയുള്ള ഡയറ്ററി നൈട്രേറ്റുകള്‍ ചേര്‍ക്കുന്നത് ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളവര്‍ക്ക് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിന് കാരണമാകുമെന്ന് കണ്ടെത്തി.

ബീറ്റ്റൂട്ടും മറ്റ് ഇലക്കറികളും മികച്ച നൈട്രേറ്റുകളുടെ സ്രോതസ്സുകളാണ് അതിനാല്‍ ദിവസവും നൈട്രേറ്റ് അടങ്ങിയവ കഴിക്കുന്നത് വൈദ്യചികിത്സ പോലെ ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്ന് ഈ പഠന ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫസര്‍ അമൃത അലുവാലിയ അഭിപ്രായപ്പെട്ടു.

പഠനങ്ങള്‍ വ്യക്തമാക്കുന്നത് പോലെ നിങ്ങളുടെ ദിനചര്യയില്‍ ബീറ്റ്‌റൂട്ട് ജ്യൂസ് ഉള്‍പ്പെടുത്തുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനുള്ള സ്വാഭാവികവും ഫലപ്രദവുമായ പരിഹാരമായേക്കാം . പ്രതിദിനം ഒരു ഗ്ലാസ് കുടിക്കുന്നത് പാര്‍ശ്വഫലങ്ങളില്ലാതെ ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാന്‍ സഹായകമാകും .