രോഹിത് ശര്‍മയുടെയും വിരാട് കോഹ്ലിയുടെയും വിരമിക്കല്‍ സംബന്ധിച്ചു തീരുമാനങ്ങളെടുത്തിട്ടില്ലെന്ന് ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ഇന്ത്യ (ബി.സി.സി.ഐ.). രോഹിതും കോഹ്ലിയും ടെസ്‌റ്റ്, ട്വന്റി20 ഫോര്‍മാറ്റുകളില്‍നിന്നു വിരമിച്ചിരുന്നു. താരങ്ങളുടെ മനസില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അവര്‍ അത് തങ്ങളെ അറിയിക്കുമെന്നും വരാനിരിക്കുന്ന ഏഷ്യാ കപ്പ് ടൂര്‍ണമെന്റിലാണ് ബോര്‍ഡിന്റെ ശ്രദ്ധയെന്നും അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഒക്‌ടോബറില്‍ നടക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയോടെ ഇരുവരും രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് പൂര്‍ണമായും വിരമിച്ചേക്കുമെന്ന റിപ്പോര്‍ട്ടിലാണു ബി.സി.സി.ഐയുടെ പ്രതികരണം. 2027 ലെ ഏകദിന ലോകകപ്പിന് ഇരുവരെയും ബി.സി.സി.ഐ. പരിഗണിക്കുന്നില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. അതോടെയാണ് ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര ഇരുവരുടെയും അവസാന മത്സരമായേക്കുമെന്ന പ്രചാരണമുണ്ടായത്.
ലോകകപ്പില്‍ കളിക്കാന്‍ ഇവരും ആഗ്രഹിക്കുന്ന പക്ഷം ആഭ്യന്തര ക്രിക്കറ്റില്‍ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കേണ്ടി വരുമെന്നാണു വിവരം. വിജയ് ഹസാരെ ട്രോഫി ഡിസംബറിലാണു നടക്കുക. ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായി മുതിര്‍ന്ന താരങ്ങള്‍ക്ക് ഉള്‍പ്പെടെ രഞ്‌ജി ട്രോഫിയില്‍ കളിക്കേണ്ടി വന്നതിനു സമാനമായ സാഹചര്യമാണിത്.
നിലവില്‍ 2027ലെ ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് ടീമിനെ ഒരുക്കാനാണ് ബി.സി.സി.ഐ. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ദയനീയ പ്രകടനത്തിന്റെ പശ്‌ചാത്തലത്തില്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്‌ക്കു മുന്നോടിയായി കോഹ്ലിയും രോഹിതും ഉള്‍പ്പെടെയുള്ള താരങ്ങള്‍ രഞ്‌ജി ട്രോഫിയില്‍ കളിക്കാന്‍ നിര്‍ബന്ധിതരായി. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീം പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ഇരുവരും ടെസ്‌റ്റില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ആദ്യം രോഹിത് ശര്‍മയും പിന്നാലെ വിരാട് കോഹ്ലിയും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യ ലോകകപ്പ് നേടിയതിനു പിന്നാലെ ഇരുവരും ട്വന്റി20 യില്‍നിന്നു വിരമിച്ചിരുന്നു.
2027 ലോകകപ്പ് ആകുമ്പോഴേക്ക് കോഹ്ലിക്ക് 39 വയസും രോഹിതിന് 40 വയസും പൂര്‍ത്തിയാകും. ഒക്ടോബറില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത ഏകദിന പരമ്പര. ഈ പരമ്പരയോടെ ഇരുവരുടെയും അന്താരാഷ്ട്ര കരിയര്‍ തന്നെ അവസാനിച്ചേക്കാമെന്നും അതിനാല്‍ ആഭ്യന്തര ക്രിക്കറ്റിലേക്ക് ഇനിയൊരു തിരിച്ചുവരവ് ഉണ്ടായേക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പിന്നാലെയാണ് ബിസിസിഐയുടെ പ്രതികരണം.




