പത്തനംതിട്ട: രണ്ടു ദിവസത്തോളം ഡിജിറ്റല്‍ അറസ്‌റ്റിലായിരുന്ന വീട്ടമ്മയുടെ 21 ലക്ഷം രൂപ ബാങ്ക് ഉദ്യോഗസ്‌ഥരുടെ ജാഗ്രത മൂലം നഷ്‌ടമായില്ല. തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്കു തുക കൈമാറുന്നതിനു തൊട്ടുമുമ്പാണ് ബാങ്ക് അധികൃതര്‍ തട്ടിപ്പു കണ്ടെത്തിയത്.
വിദേശജോലിക്കു ശേഷം നാട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന 68 വയസുകാരിയെയാണ് രണ്ടു ദിവസത്തോളം ഡിജിറ്റല്‍ അറസ്‌റ്റിലാക്കിയത്. കഴിഞ്ഞ രണ്ടിന് ഉച്ചയ്‌ക്കാണ് ഇവരുടെ ഫോണിലേക്ക് ആദ്യം വീഡിയോ കോള്‍ വരുന്നത്. മുംബൈ ക്രൈം ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് വിളിക്കുന്നതെന്നും കാനറ ബാങ്കിലെ അക്കൗണ്ട് ആധാര്‍ കാര്‍ഡില്‍ തിരിമറി നടത്തിയെന്നും ഇതേപ്പറ്റി അറിയാനാണു വിളിക്കുന്നതെന്നും പറഞ്ഞു. തനിക്ക് ബാങ്ക് ഓഫ് ബറോഡയില്‍ മാത്രമേ അക്കൗണ്ട് ഉള്ളുവെന്നു പറഞ്ഞപ്പോള്‍ അതിന്റെ വിശദാംശങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. മറ്റാരോടും പറയരുതെന്നും നിര്‍ദേശിച്ചു. രാത്രി 11.30 ആയപ്പോള്‍ ഫോണ്‍ ചൂടായി എന്നു പറഞ്ഞപ്പോഴാണ് നിര്‍ത്തിയത്. മൂന്നിനു പുലര്‍ച്ചെ അഞ്ചിന് വീണ്ടും വിളിച്ചു. അക്കൗണ്ടിലെ പണം മുഴുവന്‍ അയച്ചു കൊടുത്താല്‍ കേസില്‍ നിന്ന് ഒഴിവാക്കി കൊടുക്കാമെന്ന് അറിയിച്ചു.
ഇതിനു ശേഷം നാലിനു രാവിലെ ഇവര്‍ ബാങ്കിലെത്തി. ഇവരുടെ പേരിലുള്ള മൂന്നു സ്‌ഥിര നിക്ഷേപങ്ങള്‍ പിന്‍വലിക്കണമെന്ന് ജീവനക്കാരോട് പറഞ്ഞു.
അക്കൗണ്ടില്‍ 21.5 ലക്ഷം രൂപയാണുണ്ടായിരുന്നത്. ബാങ്കുകാര്‍ വിവരം ചോദിച്ചപ്പോള്‍ മക്കള്‍ക്ക് കൊടുക്കാനാണെനന്നായിരുന്നു മറുപടി . നിക്ഷേപം പിന്‍വലിച്ച് അക്കൗണ്ടിലേക്ക് മാറ്റി. തുടര്‍ന്ന് തുക ട്രാന്‍സ്‌ഫര്‍ ചെയ്‌തു കൊടുക്കാനാവശ്യപ്പെട്ടു. ഇതിനായി ഇവര്‍ നല്‍കിയ അക്കൗണ്ട് ൈപ്രവറ്റ് കമ്പനിയുടെ പേരിലായിരുന്നു. ഇതിലാണ് ബാങ്കിലെ ഉദ്യോഗസ്‌ഥന് സംശയം തോന്നിയത്. ഈ സമയത്തെല്ലാം ഇവരുടെ ഫോണിലേക്ക് ഡിജിറ്റല്‍ അറസ്‌റ്റ് നടത്തിയവര്‍ സന്ദേശങ്ങള്‍ അയയ്‌ക്കുന്നുണ്ടായിരുന്നു. ഫോണില്‍ വന്ന സന്ദേശം കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ആദ്യം ഇവര്‍ വിസമ്മതിച്ചെങ്കിലും പിന്നീട് നല്‍കി. സുപ്രീം കോര്‍ട്ട് ഓഫ് ഇന്ത്യ എന്ന് മുകളില്‍ എഴുതിയിരിക്കുന്നതു കണ്ടതോടെ തട്ടിപ്പാണെന്നു മനസിലായി. തുടര്‍ന്ന് ഇവരുടെ ഫോണ്‍ വാങ്ങി വിളിച്ച നമ്പര്‍ ബ്ലോക്ക് ചെയ്‌തു.




