Crime

തകര്‍ന്നുവീണ വിമാനത്തില്‍ 200 കിലോ കൊക്കെയ്ൻ; പാക്കേജില്‍ സ്‌പേസ് എക്‌സ് ലോഗോ!

ബ്രസീലില്‍ പൈലറ്റിന്റെ മരണത്തില്‍ കലാശിച്ച വിമാനാപകടസ്ഥലത്ത് കണ്ടെത്തിയത് 200 കിലോഗ്രാം കൊക്കെയിന്‍. ശതകോടീശ്വരന്‍ എലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ സാങ്കേതിക കമ്പനിയായ സ്പേസ്എക്സിന്റെ വ്യാജപാക്കേജിങ്ങിലായിരുന്നു കൊക്കെയിന്‍.

ബ്രസീലിയന്‍ ഉഷ്ണമേഖലാ തീരദേശമായ കൊറുറൈപ്പിലെ അലാഗൊവാസ് മേഖലയിലാണു വിമാനം തകര്‍ന്നത്. അപകടത്തില്‍ ഓസ്ട്രേലിയന്‍ സ്വദേശിയായ പൈലറ്റ് തിമോത്തി ജെ. ക്ലാര്‍ക്ക് കൊല്ലപ്പെട്ടു. വിമാനത്തില്‍ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്.
വിമാനം രജിസ്റ്റര്‍ ചെയ്തിരുന്നത് സാംബിയയിലാണ്. എന്നാല്‍, രണ്ടുവര്‍ഷമായി ബ്രസീല്‍ കേന്ദ്രീകരിച്ചായിരുന്നു സര്‍വീസ്. വിമാനം പുറപ്പെട്ടത് എവിടെനിന്നാണെന്നോ ലക്ഷ്യസക്കഥാനം ഏതാണെന്നോ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, വന്‍തോതില്‍ ഇന്ധനം സംഭരിച്ചിരുന്നു. ഇത് ദീര്‍ഘദൂരയാത്രയിലേക്കാണു വിരല്‍ചൂണ്ടുന്നത്.

കണ്ടെടുത്ത കൊക്കെയിന് രാജ്യാന്തര വിപണിയില്‍ 16 ദശലക്ഷം ഡോളര്‍ വില കണക്കാക്കുന്നു. രാജ്യാന്തര മയക്കുമരുന്നു സംഘങ്ങളാണ് കൊക്കെയ്ന്‍ കടത്തിനു പിന്നിലെന്നാണു സംശയം. ബ്രസീലില്‍ കൊക്കെയിന്‍ ഉത്പാദനം നാമമാത്രമാണ്.
എന്നാല്‍, വന്‍തോതില്‍ ഉത്പാദിപ്പിക്കുന്ന കൊളംബിയയില്‍നിന്ന് അലാഗൊവാസ് ഇടത്താവളമാക്കി മറ്റിടങ്ങളിലേക്കു കൊക്കെയിന്‍ കടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്ക് കൊക്കെയിന്‍ കയറ്റുമതി ചെയ്യുന്ന കേന്ദ്രങ്ങളില്‍ കൊളംബിയയ്ക്കക്കു പിന്നില്‍ രണ്ടാമതു ബ്രസീലാണെന്ന 2016-ലെ ഐക്യരാഷ്ട്ര സംഘടനാ റിപ്പോര്‍ട്ട് ഈ സംശയത്തിനു ബലംപകരുന്നു.