Celebrity

54-ാം വയസ്സിലും അസൂയാവഹമായ സ്റ്റൈലും ഫിറ്റ്നസും അഭിയവുമായി മനീഷ കൊയ്‌രാള

ബോളിവുഡിന്റെ പ്രിയപ്പെട്ട നായികയായിരുന്ന മനീഷ കൊയ്രാള വിവാഹത്തിനു ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. പിന്നീട് കാന്‍സര്‍ ബാധിതയായെങ്കിലും രോഗവിമുക്തി നേടി സിനിമയിലേയ്ക്കും ജീവിതത്തിലേയ്ക്കും ശക്തമായി തിരിച്ചെത്തുകയായിരുന്നു താരം. 30 വര്‍ഷത്തിലേറെ നീണ്ട കരിയറില്‍, 1989-ലെ നേപ്പാളി ചിത്രമായ ഫെരി ഭേതൗളയിലൂടെയാണ് അവര്‍ അഭിനയരംഗത്തേക്ക് കടന്നു വന്നത്. മനീഷ കൊയ്രാളയുടേത് ഒരു രാഷ്ട്രീയ കുടുംബമാണ്. ഒരു പരീക്ഷണമെന്ന നിലയില്‍, ബോര്‍ഡ് പരീക്ഷയ്ക്ക് ശേഷമുള്ള ഇടവേളയിലാണ് താരം ഫെരി ഭേതൗളയില്‍ അഭിനയിച്ചത്.

ഡോക്ടറാകാന്‍ ആഗ്രഹിച്ച മനീഷ തുടര്‍ന്ന് ഡല്‍ഹിയില്‍ സെറ്റില്‍ ആകുകയും മോഡലിംഗിലും പിന്നീട് അഭിനയത്തിലേക്കും തിരിയുകയായിരുന്നു. സുഭാഷ് ഘായിയുടെ സൗദാഗര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ആദ്യ ബോളിവുഡ് അരങ്ങേറ്റം. ഈ ചിത്രം ബോക്സ് ഓഫീസ് ഹിറ്റായതോടെ താരത്തെ തേടി നിരവധി അവസരങ്ങള്‍ എത്തുകയായിരുന്നു. 1942 എ ലവ് സ്റ്റോറിയിലൂടെ മനീഷ താരപദവി ഉറപ്പിയ്ക്കുകയായിരുന്നു.
1942 എ ലവ് സ്റ്റോറി എന്ന ചിത്രത്തിനായി വിധു വിനോദ് ചോപ്ര ആദ്യം തിരഞ്ഞെടുത്തത് മനീഷ ആയിരുന്നില്ല. മാധുരി ദീക്ഷിതും അനില്‍ കപൂറും ഹിറ്റ് ജോഡികളായതിനാല്‍ അദ്ദേഹം അവരെയായിരുന്നു ആദ്യം തിരഞ്ഞെടുത്തത്. അവളുടെ ആദ്യ സ്‌ക്രീന്‍ ടെസ്റ്റ് നിരസിച്ച ശേഷം, രണ്ടാമത്തെ ഓഡിഷന്റെ അടിസ്ഥാനത്തില്‍ സംവിധായകന്‍ മനീഷയിലേക്ക് എത്തുകയായിരുന്നു.

ഹിന്ദി അല്ലാതെ മറ്റ് ഭാഷകളില്‍ സിനിമകള്‍ ചെയ്യരുതെന്ന് സമകാലികര്‍ ഉപദേശിച്ച സമയത്താണ് 1995-ല്‍ മനീഷ തന്റെ ആദ്യ തമിഴ് ചിത്രമായ ബോംബെ ചെയ്തത്. 1996-ല്‍ അഗ്‌നിസാക്ഷി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നാനാ പടേക്കറുമായി അവര്‍ പ്രണയത്തിലായി, എന്നാല്‍ 2003-ല്‍ അവര്‍ വേര്‍പിരിഞ്ഞു. അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായ ശാരീരിക പീഡനം മൂലമായിരുന്നു ഈ വേര്‍പിരിയലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 1996ല്‍ കമല്‍ഹാസനൊപ്പമുള്ള ‘ഇന്ത്യന്‍’ ആയിരുന്നു മനീഷയുടെ രണ്ടാമത്തെ തമിഴ് ചിത്രം. മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാര്‍ഡിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു ഈ ചിത്രം.

സഞ്ജയ് ലീല ബന്‍സാലിയുടെ ഒടിടി അരങ്ങേറ്റം ‘ഹീരമാണ്ഡി: ദി ഡയമണ്ട് ബസാര്‍’ എന്ന ചിത്രത്തിലാണ് മനീഷ അവസാനമായി അഭിനയിച്ചത്. ഷാഹി മഹലിന്റെ രാജ്ഞിയായ മല്ലികജാന്‍ എന്ന കഥാപാത്രത്തെയാണ് മനീഷ ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. അഭിനയത്തില്‍ മാത്രമല്ല, 54-ാം വയസ്സിലും മനീഷ കൊയ്രാളയുടെ സ്റ്റൈലും ഫിറ്റ്നസും അസൂയാവഹമാണെന്ന് തന്നെ പറയാം.