വിവാഹമോചനം ആഘോഷിക്കാൻ 40 ലിറ്റർ പാലിൽ കുളിച്ച് യുവാവ്. അസമിലെ നൽബാരി ജില്ലയിലെ ബരാലിയാപർ ഗ്രാമത്തില്‍ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലാണ്. നൽബാരി ജില്ലക്കാരനായ മാനിക് അലിയാണ് ഭാര്യയിൽ നിന്ന് നിയമപരമായി വേർപിരിഞ്ഞതിനു പിന്നാലെ പാലിൽ കുളിച്ചത്. ഇന്ന് മുതൽ താൻ സ്വതന്ത്രനാണെന്ന് പറഞ്ഞാണ് മാനിക അലി പാലിൽ കുളിക്കുന്നത്. നാലു ബക്കറ്റ് പാലാണ് ഇയാള്‍ കുളിക്കാനായി ഉപയോഗിച്ചത്.
‘അവൾ കാമുകനുമായി പലതവണ ഒളിച്ചോടിയിരുന്നു. കുടുംബ സമാധാനത്തിനുവേണ്ടി ഞാൻ മിണ്ടാതെയിരുന്നു. അഭിഭാഷകൻ വിവാഹമോചനം നിയമപരമായി പൂർത്തിയായതായി എന്നെ അറിയിച്ചു. അതിനാൽ സ്വാതന്ത്ര്യം ആഘോഷിക്കാൻ ഞാൻ പാലിൽ കുളിക്കുന്നു’ മാനിക് അലി പറഞ്ഞു.
“എന്റെ ഭാര്യ രണ്ടുതവണ കാമുകനോടൊപ്പം ഒളിച്ചോടി, ഞങ്ങളുടെ മകളെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ഞാൻ രണ്ടുതവണയും അവളോട് ക്ഷമിച്ചു. പക്ഷേ അവൾ അതേ തെറ്റ് ആവർത്തിച്ചപ്പോൾ, എനിക്ക് അത് ഇനി സഹിക്കാൻ കഴിഞ്ഞില്ല, ഒടുവിൽ നിയമപരമായ വിവാഹമോചനം തിരഞ്ഞെടുത്തു.” വീഡിയോയിൽ, മണിക് പറയുന്നു.
മകളെ ഓർത്ത് വിവാഹബന്ധം തുടരാൻ ആത്മാർഥമായി ശ്രമിച്ചിരുന്നെന്ന് മാനിക് വിഡിയോയിൽ പറയുന്നു. എന്നാൽ ഭാര്യ വിവാഹേതര ബന്ധം തുടരുകയും പലതവണ കുടുംബത്തെ ഉപേക്ഷിക്കുകയും ചെയ്തു. ആവർത്തിച്ചുള്ള അനുരഞ്ജനങ്ങൾക്കിടയിലും ബന്ധം തകർച്ചയുടെ വക്കിലെത്തി. ഒടുവിൽ, നിയമപരമായ മാർഗങ്ങളിലൂടെ വിവാഹമോചനം നേടുകയായിരുന്നെന്ന് മാനിക് പറഞ്ഞു.




