Health

കാലിന്മേല്‍ കാല്‍ കയറ്റിവെച്ചാണോ ഇരിപ്പ്?എങ്കില്‍ രക്തസമ്മര്‍ദ്ദത്തെവരെ തകരാറിലാക്കാം!

ശാരീരിക ആരോഗ്യത്തിന് ഇരിയ്ക്കുന്ന രീതിയ്ക്കും പ്രാധാന്യമുണ്ട്. നടുനിവര്‍ത്തിയിരിക്കണമെന്നാണ് എപ്പോഴും പറയാറുള്ളത്. അതുപോലെ തന്നെ കാലിനു മുകളില്‍ കാല്‍ കയറ്റി വെച്ചിരിക്കുന്ന രീതി. ഇന്നത്തെ തലമുറയിലുള്ളവരെല്ലാം ഈ രീതിയിലാണ് ഇരിയ്ക്കുന്നത്. എന്നാല്‍ പിണച്ചുവെച്ച കാലുകളുമായി ഇരിയ്ക്കുന്നത് രോഗം ഉണ്ടാക്കുമെന്ന് ഭയപ്പെടുത്തുകയല്ല. എങ്കിലും ഇങ്ങനെയിരിക്കുന്നത് കാലക്രമേണ നിങ്ങളുടെ രക്തസമ്മര്‍ദ്ദം, ശാരീരിക അംഗന്യാസം എന്നിവയെ സാരമായി ബാധിക്കുകയും കാല്‍മുട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുകയും ചെയ്യുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

ജേണല്‍ ഓഫ് ക്ലിനിക്കല്‍ നഴ്‌സിംഗ്, ജേണല്‍ ഓഫ് ഹൈപ്പര്‍ടെന്‍ഷന്‍ എന്നിവയില്‍ പ്രസിദ്ധീകരിച്ച രണ്ട് പഠനങ്ങള്‍ പ്രകാരം ഈയൊരു ഇരിപ്പുരീതി നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തിന്റെ നിലയില്‍ നേരിയ വര്‍ദ്ധനവിന് കാരണമാകുമെന്ന് വെളിപ്പെടുത്തി. ഈ ഗവേഷണത്തില്‍ പങ്കെടുത്തവരെല്ലാം കാലിന്മേല്‍ കാല്‍ കയറ്റിവച്ച് ഇരുന്നപ്പോള്‍ രക്തസമ്മര്‍ദ്ദത്തില്‍ നേരിയ വര്‍ദ്ധനവുണ്ടാകുന്നതായി കണ്ടെത്തി. ഗര്‍ഭിണികളായ സ്ത്രീകള്‍ ഇങ്ങനെ ഇരിയ്ക്കുന്നത് പ്രശ്‌നമാകുമെന്ന് പലരും പറയാറുണ്ട്. എന്നാല്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ ഇരിക്കുന്ന ഭാവം കുഞ്ഞിന്റെ ആരോഗ്യത്തെയും യാതൊരു രീതിയിലും ദോഷകരമായി ബാധിക്കുന്നില്ല. എന്നിരുന്നാല്‍ പോലും ഗര്‍ഭകാല നാളുകളില്‍ ചെറിയ രീതിയിലുള്ള കണങ്കാല്‍ വേദന, പേശികളുടെ ബുദ്ധിമുട്ട് അല്ലെങ്കില്‍ നടുവേദന എന്നിവയ്ക്ക് കാരണമാകുന്നു.

കൂടുതല്‍ നേരം കാലുകള്‍ പിണച്ചു വച്ചിരിക്കുന്നത് പോലും അപൂര്‍വ സന്ദര്‍ഭങ്ങളില്‍ മാത്രമേ കാല്‍മുട്ടുകളില്‍ സന്ധി വേദനയ്ക്ക് കാരണമാവുകയുള്ളൂ. നിങ്ങള്‍ ഇതിനകം ഏതെങ്കിലും തരത്തില്‍ കാല്‍മുട്ടുകളുമായി ബന്ധപ്പെട്ട് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരാണെങ്കില്‍ ദീര്‍ഘനേരം ഇത്തരം പൊസിഷനുകളില്‍ ഇരിക്കുന്നത് നിങ്ങളുടെ രോഗാവസ്ഥയെ കൂടുതല്‍ വഷളാക്കി മാറ്റുന്നു. നിങ്ങളുടെ ഇരിപ്പ് ഭാവത്തിന്റെ അംഗവിന്യാസം ശരിയായ രീതിയിലല്ലെങ്കില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.