Sports

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നിര്‍ഭാഗ്യം മെസ്സിയുടെ കാലത്ത് ജനിച്ചത്; ആരാണ് ഗ്രേറ്റെന്ന് മുന്‍ സഹതാരം

എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരമെന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സമീപകാല അവകാശവാദത്തിന് മറുപടിയുമായി റയല്‍മാഡ്രിഡിലെ മുന്‍ സഹതാരമായ അര്‍ജന്റീനക്കാരന്‍ എയ്ഞ്ചല്‍ ഡി മരിയ. മറ്റാരുമല്ല താനാണ് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്നും തന്നെപ്പോലെ വേറൊരുത്തനുമില്ലെന്നുമുള്ള റൊണാള്‍ഡോയുടെ അമിത വിശ്വാസത്തെ തള്ളിക്കൊണ്ട് ഡി മരിയ രംഗത്ത് വന്നു.

ഇന്‍ഫോബീയുടെ മൈ സെലക്ഷന്‍ എന്ന പരമ്പരയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, ഡി മരിയ റൊണാള്‍ഡോയുടെ മത്സരസ്വഭാവം അംഗീകരിക്കാന്‍ തയാറായെങ്കിലും ലയണേല്‍ മെസ്സി റൊണാള്‍ഡോയെക്കാള്‍ മെച്ചപ്പെട്ട താരമാണെന്ന് പറഞ്ഞു. ലയണല്‍ മെസ്സിയുടെ നേട്ടങ്ങള്‍ സ്വയം സംസാരിക്കുന്നവയാണെന്നും ഡി മരിയ വ്യക്തമാക്കി. ”നാലു വര്‍ഷം ഞാന്‍ അദ്ദേഹത്തോടൊപ്പം (റൊണാള്‍ഡോ) ഉണ്ടായിരുന്നു.

”അദ്ദേഹം എല്ലായ്‌പ്പോഴും അത്തരം പ്രസ്താവനകള്‍ നടത്തുകയും മികച്ചവനാകാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, നിര്‍ഭാഗ്യവശാല്‍, മറ്റൊരു കളിക്കാരനെ മാന്ത്രികവടി സ്പര്‍ശിച്ച കാലഘട്ടത്തിലാണ് അദ്ദേഹം ജനിച്ചത്-മെസ്സി.” ഡി മരിയ അഭിപ്രായപ്പെട്ടു.

സ്ഥിതിവിവരക്കണക്കുകള്‍ ചൂണ്ടിക്കാണിച്ച്, രണ്ട് ഫുട്‌ബോള്‍ താരങ്ങള്‍ തമ്മിലുള്ള അകലം ഡി മരിയ ശ്രദ്ധിച്ചു. ”യാഥാര്‍ത്ഥ്യം അക്കങ്ങളിലാണ്. ഒരാള്‍ക്ക് എട്ട് ബാലണ്‍സ് ഡി ഓര്‍ ഉണ്ട്, മറ്റൊന്ന് അഞ്ച്. അതൊരു വലിയ വ്യത്യാസമാണ്. രണ്ട് കോപ്പ അമേരിക്ക കിരീടങ്ങള്‍ക്കൊപ്പം ലോകകപ്പ് ജേതാവായത് മറ്റൊരു പ്രധാന ഘടകമാണ്. നിരവധി വ്യത്യാസങ്ങളുണ്ട്, ”അദ്ദേഹം വിശദീകരിച്ചു.

മെസ്സിയുടെ സ്ഥിരതയെയും അനായാസമായ കളി ശൈലിയെയും ഡി മരിയ പ്രശംസിച്ചു. ”ഓരോ കളിയുടെയും ഓരോ മിനിറ്റിലും നിങ്ങള്‍ അത് കാണും. അവന്‍ സ്വന്തം വീട്ടുമുറ്റത്തെന്ന പോലെ കളിക്കുന്നു. അവന്‍ എപ്പോഴും സ്‌കോര്‍ ചെയ്യുന്ന അതേ രീതിയില്‍ തന്നെ സ്‌കോര്‍ ചെയ്യുന്നു. ഏകദേശം രണ്ട് പതിറ്റാണ്ടുകളായി അദ്ദേഹം അത് ചെയ്തുകൊണ്ടേയിരിക്കുന്നു.” അദ്ദേഹം പറഞ്ഞു.