Oddly News

85 ലക്ഷം ശമ്പളം, എന്നിട്ടും കയ്യിൽ മിച്ചം വെറും 1 ലക്ഷം! ചർച്ചയായി പ്രവാസിയുടെ ബംഗളൂരു ജീവിതച്ചെലവ്

15 വർഷത്തെ പ്രവാസജീവിതത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങാനിരിക്കുന്ന ഒരു എൻആർഐ ബെംഗളൂരുവിലെ തന്റെ ജീവിതച്ചെലവ് കണക്കാക്കാൻ സോഷ്യൽ മീഡിയയുടെ സഹായം തേടിയത് വലിയ ചർച്ചയായിരിക്കുകയാണ്. “എന്റെ ബഡ്ജറ്റ് പ്രായോഗികമാണോ അതോ എനിക്ക് പൂർണ്ണമായും തെറ്റ് പറ്റിയതാണോ?” എന്ന തലക്കെട്ടോടെ പങ്കുവെച്ച പോസ്റ്റിലാണ് ഇദ്ദേഹം വിവരങ്ങൾ വ്യക്തമാക്കിയത്.

നോർത്ത് ബെംഗളൂരുവിൽ പുതിയ ജോലി ലഭിച്ച ഇദ്ദേഹത്തിന് പ്രതിവർഷം 85 ലക്ഷം രൂപയാണ് ശമ്പളം. നികുതിയെല്ലാം കഴിഞ്ഞ് മാസം തോറും ഏകദേശം 4.6 ലക്ഷം രൂപ കയ്യിൽ കിട്ടും. ബെംഗളൂരുവിലെ ജീവിതച്ചെലവുകളെക്കുറിച്ചുള്ള വലിയൊരു ഓൺലൈൻ ചർച്ചയ്ക്കാണ് ഈ പോസ്റ്റ് വഴിതുറന്നത്. നോർത്ത് ബെംഗളൂരുവിലെ തന്റെ കണക്കുകൂട്ടലുകൾ കൃത്യമാണോ അതോ പ്രധാനപ്പെട്ട എന്തെങ്കിലും വിട്ടുപോയിട്ടുണ്ടോ എന്ന് അറിയാനാണ് റെഡ്ഡിറ്റിൽ (Reddit) ഇദ്ദേഹം കുറിപ്പിട്ടത്.

ഇന്ത്യയിൽ തിരിച്ചെത്തിയാൽ ഏറ്റവും വലിയ ചെലവ് വീട്ടുവാടകയ്ക്കായിരിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. 3 അല്ലെങ്കിൽ 4 കിടപ്പുമുറികളുള്ള ഫ്ലാറ്റിനായി 70,000 മുതൽ 90,000 രൂപ വരെ വാടക വരും. ഇതുകൂടാതെ വില്ലയുടെ ലോൺ അടവിലേക്ക് 35,000 രൂപയും, കറന്റ്, വെള്ളം തുടങ്ങിയ മറ്റ് ആവശ്യങ്ങൾക്ക് 10,000 രൂപയും, കാർ ലീസിന് 25,000 മുതൽ 35,000 രൂപ വരെയും മാസം ചെലവാകും. വീട്ടിലെ ജോലിക്കാർക്ക് 25,000 രൂപ, കുട്ടിയുടെ സ്കൂൾ ചെലവുകൾക്കും മറ്റ് പരിപാടികൾക്കുമായി 20,000 രൂപ, പലചരക്ക് സാധനങ്ങൾക്കും പുറത്തുനിന്നുള്ള ഭക്ഷണത്തിനുമായി 30,000 രൂപ വീതവും മാറ്റിവെച്ചിട്ടുണ്ട്. ഷോപ്പിംഗിനും മറ്റ് ചെലവുകൾക്കുമായി 40,000 രൂപയും, യാത്രകൾക്കായി 25,000 രൂപയും, കുട്ടിയുടെ ഉപരിപഠനത്തിനായുള്ള സമ്പാദ്യത്തിലേക്ക് 20,000 രൂപയും അദ്ദേഹം കണക്കാക്കുന്നു.

ഇത്രയും വലിയൊരു തുക ചെലവാക്കിയ ശേഷം സാധാരണ സമ്പാദ്യത്തിലേക്കോ നിക്ഷേപങ്ങളിലേക്കോ മാറ്റിവെക്കാൻ ഒരു ലക്ഷത്തിൽപ്പരം രൂപ മാത്രമാണ് ബാക്കിയുണ്ടാവുകയെന്നും, ഇത് പ്രായോഗികമായ ഒന്നാണോ എന്നും അദ്ദേഹം ചോദിക്കുന്നു. വാടക, ജോലിക്കാർ, സ്കൂൾ, പലചരക്ക് സാധനങ്ങൾ എന്നിവയ്ക്ക് മാത്രമായി വെറുതെ ജീവിക്കാൻ തന്നെ മാസം ഒന്നര ലക്ഷത്തോളം രൂപയാകുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി ആളുകൾ പ്രതികരണങ്ങളുമായി എത്തി. ഇദ്ദേഹം തയ്യാറാക്കിയത് വളരെ കൂടിയ ഒരു ബഡ്ജറ്റാണെന്നും അത് കുറയ്ക്കേണ്ടതുണ്ടെന്നുമാണ് പലരും അഭിപ്രായപ്പെട്ടത്.

ഒരു വലിയ തുക വാടകയായും ലോണായും അടയ്ക്കുന്നതാണ് ചെലവ് കൂടാൻ കാരണമെന്നും പലചരക്ക് സാധനങ്ങൾ വാങ്ങിയ ശേഷവും ഷോപ്പിംഗിനായി വലിയൊരു തുക മാറ്റിവെച്ചിട്ടുണ്ടെന്നും ഒരാൾ ചൂണ്ടിക്കാട്ടി. ഇത് സാധാരണക്കാരുടെ ജീവിതരീതിയല്ലെന്നും ഉയർന്ന സാമ്പത്തിക ശേഷിയുള്ളവർ പോലും ഇത്രയും ചെലവാക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കുട്ടികളുടെ വിദ്യാഭ്യാസത്തിന് 20,000 രൂപ എന്നത് കുറവാണെന്നും ഇവിടെ പഠനച്ചെലവ് കൂടുതലായതിനാൽ ചുരുങ്ങിയത് 30,000 രൂപയെങ്കിലും കരുതണമെന്നും വീട്ടിലെ ജോലിക്കാർക്കായി മാറ്റിവെച്ച തുക കൂടുതലാണെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു. നല്ല രീതിയിൽ ജോലി ചെയ്യുന്ന സഹായക്കാരെ 15,000 രൂപയ്ക്ക് കിട്ടുമെന്നും പാചകക്കാർ ഭക്ഷണം ഉണ്ടാക്കുമെങ്കിലും പാത്രം കഴുകുകയോ വീട് വൃത്തിയാക്കുകയോ ചെയ്യില്ലെന്ന് ഓർക്കണമെന്നും മൂന്നാമതൊരാൾ കുറിച്ചു. ഒരു വ്യക്തിക്ക് മാസം ഒരു ലക്ഷം രൂപ വെച്ച് കണക്കാക്കിയാൽ നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിലുള്ള ആഡംബര ജീവിതം നയിക്കാൻ സാധിക്കുമെന്നും, നാലംഗ കുടുംബത്തിന് മാസം നാല് ലക്ഷം രൂപ സുഖമായി ജീവിക്കാൻ ധാരാളമാണെന്നും മറ്റൊരാൾ മറുപടി നൽകി.

Leave a Reply

Your email address will not be published. Required fields are marked *