ന്യൂഡൽഹി: തന്റെ ഭാര്യയെ മറ്റൊരാൾക്കൊപ്പം ഹോട്ടൽ മുറിയിൽ വെച്ച് പിടികൂടിയെന്ന അമൃത്സർ സ്വദേശിയായ യുവാവിന്റെ ആരോപണം വലിയ ചർച്ചയാകുന്നു. 15 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇത്തരമൊരു സംഭവം പുറത്തുവരുന്നത്. ഇത് ആദ്യത്തെ സംഭവമല്ലെന്നും ഭർത്താവ് ആരോപിക്കുന്നു. 2010 ഏപ്രിൽ 25-നായിരുന്നു രവി ഗുലാത്തിയും ഹിമാനിയും തമ്മിലുള്ള വിവാഹം. 2018-ലും സമാനമായ രീതിയിൽ ഭാര്യയെ മറ്റൊരു പുരുഷനൊപ്പം ഹോട്ടലിൽ വെച്ച് പിടികൂടിയിരുന്നതായി രവി പറഞ്ഞു. അന്ന് ഭാര്യയുടെ മാതാപിതാക്കളെ വിവരമറിയിക്കുകയും, അവർ മകളോട് സംസാരിക്കുകയും മാപ്പ് പറയുകയും ചെയ്തിരുന്നു.
ചെറിയ കുട്ടികളുള്ളതിനാലും കുടുംബജീവിതം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലും അന്ന് താൻ അവൾക്ക് മാപ്പ് നൽകുകയായിരുന്നുവെന്ന് രവി പറഞ്ഞു.
കഴിഞ്ഞ ഒരു വർഷമായി സംശയം
കഴിഞ്ഞ ഒരു വർഷമായി ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് അവളുടെ സ്കൂട്ടറിൽ താൻ ജിപിഎസ് (GPS) ട്രാക്കർ ഘടിപ്പിച്ചിരുന്നതായി രവി അവകാശപ്പെട്ടു.
അടുത്തിടെ നടന്ന സംഭവത്തെക്കുറിച്ച് രവി പറയുന്നത് ഇങ്ങനെ: ഉച്ചയ്ക്ക് 3:00-നും 3:30-നും ഇടയിൽ വീട്ടിൽ നിന്ന് പോയ ഭാര്യയെ 15-20 തവണ ഫോണിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ പരിഭ്രാന്തനായ അദ്ദേഹം ജിപിഎസ് ലൊക്കേഷൻ പരിശോധിക്കുകയും തന്റെ കട അടച്ച് അവിടെയെത്തുകയുമായിരുന്നു. സിഗ്നൽ പിന്തുടർന്ന് എത്തിയ ഹോട്ടലിൽ വെച്ചാണ് ഭാര്യയെ മറ്റൊരാൾക്കൊപ്പം കണ്ടെത്തിയതെന്ന് അദ്ദേഹം ആരോപിക്കുന്നു.
വർഷങ്ങളായി തുടരുന്ന പ്രശ്നമെന്ന് കുടുംബം
കുടുംബത്തെ വർഷങ്ങളായി ഈ പ്രശ്നം അലട്ടുന്നുണ്ടെന്ന് രവിയുടെ പിതാവ് പർവേസ് ഗുലാത്തി പറഞ്ഞു. അഞ്ചാറ് വർഷം മുമ്പും ഇതേ സാഹചര്യം ഉണ്ടായപ്പോൾ ഇരു കുടുംബങ്ങളും ചേർന്ന് വിഷയം സമാധാനപരമായി പരിഹരിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കി.
പ്രാദേശിക എംഎൽഎയുടെ സാന്നിധ്യത്തിലായിരുന്നു അന്ന് ചർച്ച നടന്നതെന്നും പ്രശ്നങ്ങൾ അവസാനിച്ചുവെന്നാണ് കരുതിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ഇപ്പോഴത്തെ സംഭവത്തിന് ശേഷം ഇനി വിവാഹബന്ധം തുടരാൻ താല്പര്യമില്ലെന്നും സ്വന്തം വീട്ടിലേക്ക് മടങ്ങണമെന്നും മരുമകൾ വ്യക്തമാക്കിയതായി പർവേസ് പറഞ്ഞു.
കൂടാതെ, ഹോട്ടലിൽ വെച്ച് ഒപ്പമുണ്ടായിരുന്ന യുവാവിനെ മുൻപ് ‘സഹോദരൻ’ എന്ന രീതിയിലാണ് കുടുംബത്തിന് പരിചയപ്പെടുത്തിയിരുന്നതെന്നും അയാൾ സ്ഥിരമായി വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും പർവേസ് വെളിപ്പെടുത്തി. നിലവിലെ സാഹചര്യം ചർച്ച ചെയ്യാൻ യുവതിയുടെ മാതാപിതാക്കളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് ഗുലാത്തി കുടുംബം അറിയിച്ചു.




