Crime

‘ലോക്കപ്പില്‍ വച്ച് തല്ലിച്ചതച്ചു; ചെവികള്‍ അടിച്ചുപൊട്ടിച്ചു’; മധുബാബുവിനെതിരെ പരാതിപ്രവാഹം

ആലപ്പുഴ ഡിവൈ.എസ്.പി മധുബാബുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി അഭിഭാഷകന്‍ പ്രശാന്ത് കുറുപ്പ് . ലോക്കപ്പില്‍വച്ച് അതിക്രൂരമായി മര്‍ദിച്ചെന്നും തന്റെ രണ്ട് ചെവിയും അടിച്ചുപൊട്ടിച്ചെന്നും അഭിഭാഷകന്‍ ആരോപിക്കുന്നു. 2014ല്‍ വിവാഹമോചനക്കേസിലാണ് പ്രശാന്തിനെ കസ്റ്റഡിയില്‍ എടുത്തത്. തനിക്കെതിരായ 14 കേസുകളില്‍ 13 കേസുകളും വ്യാജമെന്ന് കണ്ടെത്തിയെന്നും പ്രശാന്ത് പറയുന്നു. പത്തനംതിട്ട സി.ഐ ആയിരിക്കുമ്പോഴായിരുന്നു മധുബാബുവിന്റെ അതിക്രമം.

മധുബാബുവിനെതിരെ കൂടുതല്‍ ഗുരുതരമായ പരാതികള്‍ പുറത്തുവരുന്നുണ്ട്. മധുബാബു 22കള്ളക്കേസുകളില്‍ കുടുക്കി ജീവിതം തകര്‍ത്തെന്നും മര്‍ദിച്ചെന്നും പത്തനംതിട്ടയിലെ മുന്‍ ജ്വല്ലറി ഉടമ വിജയന്‍ ആചാരി. മധുബാബു സ്ഥിരം കുറ്റവാളിയെന്ന് 2016ല്‍ പത്തനംതിട്ട എസ്പി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ഇതേ മധുബാബു തന്നെയാണ് രണ്ടാഴ്ചമുമ്പ് മുഖ്യമന്ത്രിയെ കണ്ട് പൊലീസിനെ നന്നാക്കാനുള്ള നിര്‍ദേശവും സമര്‍പ്പിച്ചതെന്നുള്ളതാണ് വിരോധാഭാസം.

പത്തനംതിട്ട സ്വദേശി വിജയന്‍ ആചാരിയുടെ സ്വര്‍ണക്കടയില്‍ 2012ല്‍ കോന്നി സിഐ മധുബാബു മൂന്ന് കള്ളന്‍മാരുമായി എത്തി. മോഷണ സ്വര്‍ണം വാങ്ങിയെന്ന് ഭീഷണിപ്പെടുത്തി. പണമോ സ്വര്‍ണമോ നല്‍കിയാല്‍ പ്രശ്നം പരിഹരിക്കാം എന്ന് പൊലീസ് ഡ്രൈവര്‍ പറഞ്ഞു. തെറ്റുചെയ്യാത്തതിനാല്‍ വഴങ്ങിയില്ല. മൂന്നാം ദിവസം അറസ്റ്റ് ചെയ്ത് തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെത്തിച്ച് മര്‍ദിക്കുകയും കണ്ണിലും മുഖത്തും കുരുമുളക് സ്പ്രേ അടിക്കുകയും ചെയ്തു. ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞയാളെന്ന് പറഞ്ഞിട്ടും ഉപദ്രവിച്ചു. പത്തനംതിട്ടയില്‍ തന്നെ 18 കേസുകളില്‍ പ്രതിയാക്കി. കൊല്ലത്ത് മറ്റ് ആറ് കേസുകളും. പത്ത് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ഏല്ലാ കേസുകളിലും നിരപരാധിയെന്ന വിധി നേടി. അപ്പോഴേക്കും ജ്വല്ലറി പൂട്ടി. ഉള്ള സ്ഥലവും വിറ്റു.മക്കളുടെ കല്യാണവും മുടങ്ങി.

ഡിവൈഎസ്പി മധു ബാബു തൊടുപുഴ സ്വദേശി മുരളിധരനെ മർദ്ദിക്കുന്നതിൻ്റെയും അസഭ്യം പറയുന്നതിൻ്റെ ശബ്ദരേഖയും പുറത്തുവന്നു. 2022 ഡിസംബറിൽ നടന്ന സംഭവത്തിന്റെ തെളിവാണ് പരാതിക്കാരൻ പുറത്ത് വിട്ടത്. അസഭ്യം പറയുന്നതും ആക്രാശിക്കുന്നതും ശബ്ദരേഖയിൽ വ്യക്തമാണ്. മർദ്ദനത്തെ തുടർന്ന് മുരളീധരൻ നിലവിളിക്കുന്നത് കേൾക്കാം. തെറ്റ് ചെയ്തില്ലെന്ന് മുരളീധരൻ പറയുമ്പോഴാണ് മധുബാബു കേട്ടാൽ അറയ്ക്കുന്ന അസഭ്യവർഷം നടത്തിയിരിക്കുന്നത്. പരാതി പറയാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ വയർലെസ് എടുത്ത് മുരളീധരന് നേരെ എറിയുകയായിരുന്നു. കസേരയിലിരുന്ന മുരളീധരനെ ചവിട്ടിവീഴ്ത്തി. രണ്ട് കൈകൾ ചേർത്ത് മുഖത്തും ചെവിക്കും അടിക്കുകയും ചെയ്തു. നിയന്ത്രണം നഷ്ടമായ മുരളീധരൻ അലറിവിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നു. ക്ഷമിക്കണം സാറേ എന്ന് മുരളീധരൻ പറയുന്നതും ശബ്ദ രേഖയിലുണ്ട്.

അതേസമയം എസ് ഐ ആയിരുന്നപ്പോൾ മധുബാബു മുൻ ബി എസ് എഫ് ജവാനെയും പൊലീസ് സ്റ്റേഷനിൽ മർദ്ദിച്ചതായും പരാതി.
ചേർത്തല സ്വദേശി സുബൈറാണ് പരാതിക്കാരൻ. 2006 ജനുവരിയിൽ ചേർത്തല പൊലീസ് സ്റ്റേഷനിൽവെച്ചാണ് മർദ്ദനമേറ്റത്. ഭാര്യയുടെയും ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെയും മുന്നിൽ വച്ച് അസഭ്യം പറഞ്ഞതായും സുബൈർ പറയുന്നു

കോന്നി എസ് ഐ ആയിരുന്ന സമയത്ത് മധുബാബു മർദിച്ചതായി ജയകൃഷ്ണൻ തണ്ണിത്തോട് വെളിപ്പെടുത്തിയിരുന്നു. മധുബാബു തന്നെ ലോക്കപ്പ് മർദ്ദനത്തിനും മൂന്നാംമുറക്കും വിധേയമാക്കി. കാലിന്റെ വെള്ള അടിച്ച് പൊട്ടിച്ചു, ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു, കണ്ണിലും ദേഹത്തും മുളക് സ്പ്രേ ചെയ്തുവെന്നും ജയകൃഷ്ണൻ ആരോപിച്ചിരുന്നു. ഈ സംഭവത്തിൽ മധുബാബുവിനെതിരെ നടപടി ആവശ്യപ്പെട്ട് മുൻ എസ്പി ഹരിശങ്കർ സമർപ്പിച്ച റിപ്പോർട്ട് പുറത്തുവന്നിരുന്നു. പത്തനംതിട്ട എസ്പിയായിരിക്കെ ഹരിശങ്കർ ഡിജിപിക്ക് അയച്ച റിപ്പോർട്ടാണ് പുറത്തുവന്നത്.

അതേസമയം എസ്എഫ്ഐ നേതാവിനെ മര്‍ദിച്ച മധുബാബു സ്ഥിരം കുറ്റവാളിയെന്നാണ് 2016ല്‍ എസ്.പി.ഹരിശങ്കര്‍ ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. 9 വര്‍ഷമായിട്ടും അതില്‍ നടപടി ഉണ്ടായില്ല. കടുത്ത അച്ചടക്കനടപടിക്ക് ഹൈക്കോടതി അടക്കം ഉത്തരവിട്ട മധുബാബു ഇപ്പോള്‍ ആലപ്പുഴ ഡിവൈഎസ്പിയാണെന്ന് മാത്രമല്ല ഡിവൈഎസ്പിമാരുടെ സംഘടനയുടെ സംസ്ഥാന ട്രഷററും ആണ്.