Crime

ബലാത്സംഗം ചെയ്തത് നൂറോളം സ്‌കൂള്‍ വിദ്യാര്‍ഥിനികളെ, സിനിമയ്ക്കുവരെ വിഷയമായ അജ്മീര്‍ ലൈംഗികാതിക്രമ കേസ്

മൂന്നു പതിറ്റാണ്ടു മുമ്പ് നൂറോളം സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി ചൂഷണംചെയ്ത രാജ്യം ഞെട്ടിച്ച അജ്മീര്‍ ലൈംഗികാരോപണക്കേസ് വീണ്ടു വാര്‍ത്തകളില്‍. രാജസ്ഥാനിലെ പോക്‌സോ കോടതി പ്രതികളായ ആറുപേര്‍ക്കു കൂടി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.

സമൂഹത്തില്‍ വന്‍ സ്വാധീനമുള്ള പ്രതികള്‍ നിരവധി സ്‌കൂള്‍ വിദ്യാര്‍ഥിനികളെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന്റെ വീഡിയോകളും ഇവര്‍ ചിത്രീകരിക്കുകയും നഗ്നചിത്രങ്ങള്‍ എടുക്കുകയു ചെയ്തു. പിന്നീട് ഈ വീഡിയോയും ഫോട്ടോകളും ഉപയോഗിച്ച് ഇരകളെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്തുകയായിരുന്നു.

1992 ല്‍ നടന്ന അജ്മീര്‍ കൂട്ടബലാത്സംഗ കേസ് ‘ദൈനിക് നവജ്യോതി’ എന്ന പ്രാദേശിക പത്രത്തിലൂടെ സന്തോഷ് ഗുപ്ത എന്ന പത്രപ്രവര്‍ത്തകനാണു പുറത്തു കൊണ്ടുവന്നത്. ഇതോടെ അജ്മീറില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. കടുത്ത ജനരോഷത്തിനിടെ സ്ഥലത്തുനിന്നു രക്ഷപ്പെട്ടവരെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ലായിരുന്നു. ഇരകളാക്കപ്പെട്ടവരില്‍ മിക്കവരും ഇടത്തരം സര്‍ക്കാര്‍ ജീവനക്കാരുടെ കുടുംബങ്ങളില്‍ നിന്നുള്ളവരായിരുന്നു. ആഘാതത്തില്‍ നിന്നും രക്ഷനേടാന്‍ നിരവധി കുടുംബങ്ങള്‍ അജ്മീറില്‍നിന്ന് പലായനം ചെയ്തു. 30 വര്‍ഷത്തിലധികം കോടതി നടപടികളുമായി മുന്നോട്ടു പോകേണ്ടി വന്നതിന്റെ കഥയും ഇരകള്‍ക്കു പറയാനുണ്ട്.

30 വര്‍ഷത്തോളം ഇവരില്‍ പലരും കോടതികള്‍ കയറിയിറങ്ങി. കേസും കോടതിസന്ദര്‍ശനങ്ങളും അവരെ മാനസികമായി തളര്‍ത്തുന്നതായിരുന്നു. കേസ് നീണ്ടുപോകുന്നതില്‍ പോലീസും അസ്വസ്ഥരായിരുന്നു. ഇക്കാലത്തിനിടയ്ക്ക് മാനസികാഘാതം താങ്ങാനാവാതെ ജീവനൊടുക്കിയ അതിജീവിതരുമുണ്ട്. പ്രതികളിലുള്‍പ്പെട്ട ഫറൂഖും നഫീസും അജ്മീര്‍ ഷരീഫ് ദര്‍ഗ നടത്തിപ്പുമായി ബന്ധമുള്ള ഖാദിം കുടുംബത്തിലെ അംഗങ്ങളായിരുന്നു. ഇവര്‍ക്ക് കോണ്‍ഗ്രസിലെ ഉന്നതരുമായും അടുത്ത ബന്ധമുണ്ടായിരുന്നു.

2023ല്‍ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രം ‘അജ്മീര്‍ 92’ കുപ്രസിദ്ധമായ ഈ ബലാത്സംഗ കേസിനെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു.