ആഗ്ര: പങ്കാളിയെ കൊലപ്പെടുത്തി വഴിയോരത്തു തള്ളിയ യുവാവിനെ എഐ(നിര്‍മിത ബുദ്ധി) കുടുക്കി. ആഗ്രയിലെ യമുനാ എക്‌സ്‌പ്രസ് വേയുടെ ഓരത്ത് പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ ഈ മാസം ആറിനു യുവതിയുടെ മൃതദേഹം കണ്ടെത്തിയതോടെയാണു സംഭവങ്ങള്‍ക്കു തുടക്കം. എ.ഐ. സഹായത്തോടെ 24 മണിക്കൂറിനുള്ളില്‍ പ്രതിയെ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞു.
യുവതിയുടെ കഴുത്തിലും മുഖത്തും മുറിവുകളുണ്ടായിരുന്നു. മൃതദേഹം ഇവിടെ ഉപേക്ഷിക്കുന്നതിന് മുമ്പ് മറ്റെവിടെയോവച്ചാണു കൊലപാതകം നടന്നതെന്നു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.സംഭവസ്‌ഥലത്ത് ഡോഗ് സ്‌ക്വാഡിനെയും ഫോറന്‍സിക് സംഘത്തെയും എത്തിച്ചു പരിശോധന നടത്തി. മരിച്ച യുവതിയെ തിരിച്ചറിയുക എന്നതായിരുന്നു പ്രധാന വെല്ലുവിളി.
മൃതദേഹത്തില്‍നിന്നും തിരിച്ചറിയല്‍ രേഖകളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍, കൈയില്‍ ‘ആര്‍.എസ്.’ എന്നും ‘സണ്ണി’ എന്നും എഴുതിയത് പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ചിത്രങ്ങള്‍ സമീപ പോലീസ് സ്‌റ്റേഷനുകളിലേക്ക് അയക്കുകയും കാണാതായവരുടെ പട്ടികയുമായി താരതമ്യം ചെയ്യുകയും ചെയ്‌തു. എന്നാല്‍, ഈ ശ്രമങ്ങളൊന്നും ഫലം കണ്ടില്ല.സാധാരണ രീതിയിലുള്ള അന്വേഷണങ്ങള്‍ പരാജയപ്പെട്ടതോടെ, പോലീസ് എഐ സഹായം തേടുകയായിരുന്നു.
യുവതിയുടെ മുഖം പുനഃസൃഷ്‌ടിക്കാന്‍ എഐ ടൂളുകള്‍ ഉപയോഗിച്ചു. മൃതദേഹത്തിന്റെ ചിത്രം ഡിജിറ്റലായി മാറ്റി എഴുതി. കണ്ണുകള്‍ ഡിജിറ്റലായി തുറന്ന് കൂടുതല്‍ വ്യക്‌തതയോടെയുള്ള മുഖം പുനഃസൃഷ്‌ടിക്കാന്‍ ശ്രമിച്ചു. അങ്ങനെ തയാറാക്കിയ ചിത്രത്തിന്റെ സഹായത്തോടെ കൊല്ലപ്പെട്ടത് മഹോബ സ്വദേശിനി സൊനാലി(25)യാണെന്നു കണ്ടെത്തി.
തുടരന്വേഷണം ‘സണ്ണി’ എന്ന പേരിലേക്കെത്തി. സൊനാലി തന്നോടൊപ്പം ജീവിക്കാന്‍ ഓടിപ്പോന്നതാണെന്നു പോലീസിനോട് സണ്ണി സമ്മതിച്ചു. ഇരുവരും ഒരുമിച്ച് താമസിക്കുകയായിരുന്നു. സൊനാലിയെ ഒഴിവാക്കാനായിരുന്നു കൊലപാതകം. സൊനാലിയെ കൊലപ്പെടുത്തിയ ശേഷം, പ്രതി മൃതദേഹം പുതപ്പില്‍ പൊതിഞ്ഞ് യമുനാ എക്‌സ്‌പ്രസ് വേയുടെ ഓരത്ത് ഖണ്ഡൗളിക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു.




