Sports

തകര്‍പ്പന്‍ പ്രകടനവുമായി ഇംഗ്‌ളീഷ് ബാറ്റ്‌സ്മാന്‍ ജോ റൂട്ട് ; മറികടന്നത് തെന്‍ഡുല്‍ക്കറിന്റെ റെക്കോഡുകള്‍

ആന്‍ഡേഴ്സണ്‍-ടെണ്ടുല്‍ക്കര്‍ ട്രോഫിയുടെ മൂന്നാമത്തെതും നിര്‍ണ്ണായകവുമായ ടെസ്റ്റ് മത്സരത്തില്‍ റെക്കോഡ് പ്രകടനവുമായി ഇംഗ്‌ളീഷ് ബാറ്റ്‌സ്മാന്‍ ജോ റൂട്ട്. ഇന്ത്യയ്‌ക്കെ തിരേയുള്ള ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ച്വറി നേടിയ റൂട്ട് സജീവ കളിക്കാരില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരനായിട്ടാണ് മാറിയത്. 37 സെഞ്ച്വറി കളാണ് ഇതുവരെ റൂട്ട് കുറിച്ചത്.

ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറി ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്തിന്റെ പേരിലായിരുന്നു. 36 സെഞ്ച്വറികളായിരുന്നു സ്മിത്തിന്റെ പേരില്‍ ഉണ്ടായിരുന്നത്. ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് മത്സരങ്ങളില്‍ 3,000 റണ്‍സ് നേടുന്ന ആദ്യ താരമായും ജോ റൂട്ട് തന്റെ പ്രശസ്തമായ ടെസ്റ്റ് കരിയറില്‍ മറ്റൊരു നാഴികക്കല്ല് കൂടി കൂട്ടിച്ചേര്‍ത്തു.

ആദ്യ ടെസ്റ്റില്‍, റൂട്ട് ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരനായി. 1,575 റണ്‍സ് എന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡ് മറികടന്നു. ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റിന്റെ ആദ്യ ദിനത്തിലാണ് 34 കാരനായ അദ്ദേഹം ഈ നാഴികക്കല്ല് പിന്നിട്ടത്. ഇന്നിംഗ്സില്‍ 45-ാം റണ്‍സ് നേടിയതോടെയാണ് റൂട്ട് ഈ നാഴികക്കല്ല് പിന്നിട്ടത്.

ഈ നേട്ടത്തോടെ, ഇരു ടീമുകളും തമ്മിലുള്ള ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന റെക്കോര്‍ഡ് അദ്ദേഹം സ്വന്തമാക്കി, ഈ മത്സരങ്ങളില്‍ 2,500-ലധികം റണ്‍സ് നേടിയ ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറെ വീണ്ടും മറികടന്നു.