ജപ്പാനിലെ ടോക്കിയോയിലുള്ള ഒരു ദേശി റെസ്റ്റോറന്റ് അതിന്റെ ആധികാരികമായ ഉത്തരേന്ത്യൻ-ബിഹാരി വിഭവങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ ജനപ്രീതി നേടുകയാണ്. ബിഹാറിലെ പട്ന സ്വദേശിയായ ഒരാൾ നടത്തുന്ന ‘ജഗ്ഗു ധാബ’ ജപ്പാനിൽ താമസിക്കുന്ന നിരവധി ഇന്ത്യക്കാരുടെയും വിദേശ വിനോദസഞ്ചാരികളുടെയും പ്രിയപ്പെട്ട ഇടമായി മാറിയിരിക്കുന്നു. ഈ റെസ്റ്റോറന്റിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ‘ജപ്പാൻ വാലാ ബിഹാരി’ എന്ന അക്കൗണ്ടിൽ പങ്കുവെച്ച വീഡിയോയിൽ റെസ്റ്റോറന്റ് ഉടമ സ്വയം പരിചയപ്പെടുത്തുകയും തന്റെ കടയെക്കുറിച്ച് വിവരങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.
പരമ്പരാഗത ബിഹാരി വിഭവങ്ങൾക്കൊപ്പം ഉത്തരേന്ത്യൻ വിഭവങ്ങളുടെ ഒരു മിശ്രണമാണ് ജഗ്ഗു ധാബയിൽ വിളമ്പുന്നത്. “ജപ്പാനിലെ പട്നക്കാരന്റെ ഹോട്ടൽ” എന്ന് വിശേഷിപ്പിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പിൽ, ജഗ്ഗു ധാബ ഉത്തരേന്ത്യയുടെ യഥാർത്ഥ രുചികൾ ജപ്പാനിൽ എത്തിക്കുന്നുവെന്നും, ഉത്തരേന്ത്യൻ വിഭവങ്ങൾ മുതൽ ബിഹാറിന്റെ സ്വന്തം വിഭവങ്ങൾ വരെ ഓരോരുത്തർക്കും സ്വന്തം നാട്ടിലെ അനുഭവം സമ്മാനിക്കുന്നുവെന്നും പറയുന്നു.
സമോസ ചാട്ട്, പാനിപൂരി, സേവ് പൂരി, ദഹി ഭല്ല, മസാല പപ്പടം, വിവിധതരം പക്കോഡകൾ തുടങ്ങിയ ഇന്ത്യൻ പലഹാരങ്ങളാണ് ഈ റെസ്റ്റോറന്റിലെ ഏറ്റവും ജനപ്രിയമായ വിഭവങ്ങൾ. ലഘുഭക്ഷണങ്ങൾക്ക് പുറമെ ബട്ടർ ചിക്കൻ, ജീരക റൈസ്, പനീർ ടിക്ക, മട്ടൻ കറി, നാൻ, വിവിധ മധുരപലഹാരങ്ങൾ തുടങ്ങിയ പരമ്പരാഗത ഉത്തരേന്ത്യൻ വിഭവങ്ങളും ഇവിടെ ലഭ്യമാണ്. ജപ്പാനിൽ യഥാർത്ഥ ഇന്ത്യൻ വിഭവങ്ങൾ, പ്രത്യേകിച്ച് സ്ട്രീറ്റ് ഫുഡ് ശൈലിയിലുള്ള പലഹാരങ്ങൾ കണ്ടെത്തുക എന്നത് പലപ്പോഴും ബുദ്ധിമുട്ടേറിയ കാര്യമാണ്. അത്തരം പരിചിതമായ രുചികൾ ജപ്പാനിലുള്ള ഇന്ത്യക്കാരിലേക്കും വിനോദസഞ്ചാരികളിലേക്കും എത്തിക്കുകയാണ് ജഗ്ഗു ധാബ ലക്ഷ്യമിടുന്നത്.
ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടുകയും നിരവധി ആളുകൾ തങ്ങളുടെ സന്തോഷം കമന്റുകളിലൂടെ പങ്കുവെക്കുകയും ചെയ്തു. ബിഹാറിന്റെ പരമ്പരാഗത വിഭവമായ ലിറ്റി ചോഖ ഇവിടെ കിട്ടുമോ എന്ന് പലരും കമന്റുകളിലൂടെ ചോദിക്കുന്നുണ്ട്. “അടുത്ത ആഴ്ച ഞാൻ വരുന്നുണ്ട്, അവിടെ ലിറ്റി ചോഖ കിട്ടുമോ?” എന്ന് ഒരാൾ ചോദിച്ചപ്പോൾ, “ബിഹാരികൾ എല്ലാ സ്ഥലത്തുമുണ്ട് ഭായ്” എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. പട്നയിൽ നിന്നുള്ള ഈ ഉടമയ്ക്ക് വലിയൊരു ഫാൻസ് ഗ്രൂപ്പ് തന്നെ സോഷ്യൽ മീഡിയയിൽ രൂപപ്പെടുന്നുണ്ട്.




