നീന്തൽക്കുളത്തിൽ കുളിച്ചുകൊണ്ടിരുന്ന യുവാവിന്റെ അടിവസ്ത്രത്തിനുള്ളിൽ പാമ്പ് കയറി. ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ആളുകൾ കണ്ട ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്. സംഭവം അവിടെയുണ്ടായിരുന്നവരെയെല്ലാം പരിഭ്രാന്തിയിലാഴ്ത്തിയെങ്കിലും കൂടുതൽ അപകടം ഉണ്ടാക്കാത്ത ഭയന്നുവിറച്ച യുവാവിനെ സഹായിക്കാൻ സുഹൃത്തുക്കൾ വേഗത്തിൽ മുന്നോട്ടുവന്നു.
യുവാവ് നീന്തൽക്കുളത്തിൽ വല്ലാതെ പരിഭ്രാന്തിപ്പെട്ട് നിൽക്കുന്നതും സുഹൃത്തുക്കൾ സാഹചര്യം ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതും വൈറലായ ദൃശ്യങ്ങളിൽ കാണാം. ഒരു സുഹൃത്ത് അടിവസ്ത്രത്തിന്റെ ഇലാസ്റ്റിക്കുചേര്‍ത്ത് പിടിച്ചുനിര്‍ത്തിയ സമയത്ത് യുവാവ് ടൗവല്‍ ഉടുത്തുകൊണ്ട് അടിവസ്ത്രം ഊരിയെറിഞ്ഞു.
വസ്ത്രം നിലത്തു വീണയുടൻ അതിൽ നിന്നും വലിപ്പമുള്ള ഒരു പാമ്പ് പുറത്തേക്ക് ഇഴഞ്ഞു നീങ്ങിയത് അവിടെയുണ്ടായിരുന്നവരെ മുഴുവൻ ഞെട്ടിച്ചു. തുടർന്ന് കുറച്ചുപേർ വടി ഉപയോഗിച്ച് വസ്ത്രങ്ങളിൽ നിന്നും പാമ്പിനെ സുരക്ഷിതമായ അകലത്തിലേക്ക് മാറ്റി.
വീഡിയോയ്‌ക്കൊപ്പം പ്രചരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം, ഇത് വിഷമില്ലാത്ത ഒരു നീർക്കോലി (വാട്ടർ സ്നേക്ക്) ആണെന്നാണ് കരുതപ്പെടുന്നത്. സാധാരണയായി കുളങ്ങൾ, തടാകങ്ങൾ, തോടുകൾ തുടങ്ങിയ ജലാശയങ്ങൾക്ക് സമീപമാണ് ഇവയെ കാണാറുള്ളത്. മിക്കപ്പോഴും ഇവ ഉപദ്രവകാരികളല്ലെങ്കിലും, വിഷമുള്ള പാമ്പുകളുമായുള്ള സാദൃശ്യം ആരെയും ഭയപ്പെടുത്തുന്നതാണ്. എന്തായാലും ഈ സംഭവത്തിൽ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടെന്നുമാണ് വിവരം.
ഈ അപൂർവ്വ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഞെട്ടലും ഒപ്പം തമാശയും നിറഞ്ഞ കമന്റുകളാണ് ആളുകൾ പങ്കുവെക്കുന്നത്. ഒരു നീന്തൽക്കുളത്തിൽ വെച്ച് തങ്ങൾ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഭയപ്പെടുത്തുന്ന നിമിഷമാണിതെന്നാണ് പലരും കുറിച്ചത്. അതോടൊപ്പം തന്നെ, പാമ്പ് ആരെയും ഉപദ്രവിക്കാതിരുന്ന സാഹചര്യത്തിൽ അതിനെ വടികൊണ്ട് അടിക്കേണ്ടതുണ്ടായിരുന്നോ എന്ന് ചോദിച്ചുകൊണ്ട് വന്യജീവി സംരക്ഷണത്തെക്കുറിച്ചുള്ള ചർച്ചകളും ചില ഉപയോക്താക്കൾ ഉയർത്തുന്നുണ്ട്.




