Oddly News

“ഇവിടെ വീട് പൂട്ടേണ്ട ആവശ്യമില്ല, കള്ളന്മാരെ പേടിക്കേണ്ട, ഐഫോണ്‍ പോലും ആരും തൊടില്ല!”; രാജ്യത്തെ അത്ഭുതപ്പെടുത്തുന്ന സുരക്ഷ, കുറിപ്പ്

ദക്ഷിണ കൊറിയയിലെ സുരക്ഷിതത്വത്തെയും പരസ്പര വിശ്വാസത്തെയും കുറിച്ച് ഒരു വ്യക്തി പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. തന്റെ ഭാര്യയ്ക്കും മകൾക്കുമൊപ്പം കഴിഞ്ഞ ഒരു മാസമായി ദക്ഷിണ കൊറിയയിൽ താമസിക്കുന്ന അദ്ദേഹം, ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ ചില അനുഭവങ്ങളാണ് തന്റെ എക്സ് പോസ്റ്റിലൂടെ പങ്കുവെച്ചത്.

അവിടെയുള്ള ആളുകൾ തങ്ങളുടെ സാധനങ്ങൾ യാതൊരു ഭയവുമില്ലാതെ എവിടെ വേണമെങ്കിലും വെച്ചുപോകാറുണ്ടെന്ന് അദ്ദേഹം പറയുന്നു. തങ്ങൾ എവിടെയെങ്കിലും പോകുമ്പോൾ കുട്ടികളുടെ സ്ട്രോളർ (നടത്തവണ്ടി) പുറത്തുതന്നെയാണ് വെക്കാറുള്ളതെന്നും അത് ആരും മോഷ്ടിക്കില്ലെന്ന ഉറപ്പുണ്ടെന്നും അദ്ദേഹം എഴുതി. മറ്റൊരിക്കൽ തന്റെ സുഹൃത്ത് ഒരു ഹോട്ടലിന് പുറത്ത് സൈക്കിൾ പൂട്ടി വെക്കാതെ പോയെന്നും, രണ്ട് മണിക്കൂർ കഴിഞ്ഞ് വന്നിട്ടും അത് അവിടെത്തന്നെയുണ്ടായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു. മറ്റൊരു സുഹൃത്തിന്റെ ഐഫോൺ അബദ്ധത്തിൽ ഒരു പാർക്കിലെ ബെഞ്ചിൽ മറന്നുവെച്ചുപോയെങ്കിലും, നാല് മണിക്കൂറിന് ശേഷം തിരികെ വന്ന് നോക്കിയപ്പോഴും ഫോൺ അവിടെത്തന്നെയുണ്ടായിരുന്നു.

ഒരു കെ-പോപ്പ് സംഗീത പരിപാടിക്കിടെ, ദൂരസ്ഥലങ്ങളിൽ നിന്നും വന്ന ആരാധകർ തങ്ങളുടെ വലിയ പെട്ടികളും ബാഗുകളും യാതൊരു സുരക്ഷയുമില്ലാതെ മെട്രോ സ്റ്റേഷന് പുറത്ത് വെച്ചിരിക്കുന്നത് കണ്ടതായും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് ആളുകൾ മറ്റുള്ളവരുടെ സാധനങ്ങൾ എടുക്കാത്തത് എന്ന് നാട്ടുകാരോട് ചോദിച്ചപ്പോൾ, “മറ്റുള്ളവരുടെ സാധനങ്ങൾ നമ്മൾ എന്തിനാണ് എടുക്കുന്നത്?” എന്ന ലളിതമായ ചോദ്യമാണ് അവർ തിരിച്ചു ചോദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകത്തിലെ ഭൂരിഭാഗം നഗരങ്ങളിലും ചിന്തിക്കാൻ പോലും കഴിയാത്ത കാര്യങ്ങളാണ് ഇതെന്നും, നിയമങ്ങളും സാമൂഹിക മൂല്യങ്ങളും കർശനമായി പാലിക്കുന്ന ഇത്തരം സമൂഹങ്ങളിൽ മോഷ്ടിക്കപ്പെടുന്ന സാധനത്തിന്റെ വില നോക്കാതെ തന്നെ കുറ്റകൃത്യങ്ങളെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ആളുകൾക്കിടയിൽ ചർച്ചയാകുകയും ചെയ്തു. വിസ്കോൺസിനിലെ ഒരു ചെറിയ ടൗണിലാണ് താൻ ജീവിക്കുന്നതെന്നും അവിടെയും ഇതുപോലെ ഉയർന്ന പരസ്പര വിശ്വാസമുണ്ടെന്നും ഒരു ഉപയോക്താവ് കമന്റ് ചെയ്തു. നമ്മളും ഈയൊരു നിലവാരത്തിലേക്ക് മാറേണ്ടതുണ്ടെന്ന് മറ്റൊരാൾ കുറിച്ചപ്പോൾ, അമേരിക്കയിലെ പല ചെറിയ പട്ടണങ്ങളിലും ഇതേ സുരക്ഷിതത്വം അനുഭവിക്കാൻ കഴിയുമെന്ന് മൂന്നാമതൊരാളും അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *