Good News

കാൽവിരലിലെ കാലിഗ്രാഫി; കൈകളില്ലെങ്കിൽ എന്താ, കാൽവിരലിൽ വിപ്ലവം തീർത്ത് ബ്രജീഷ് കുമാർ

വൈകല്യങ്ങളോട് പൊരുതി ജയിച്ച്, കാലുകൾ കൊണ്ട് മനോഹരമായി എഴുതി അറിവിന്റെ വെളിച്ചം പരത്തുകയാണ് ഗയയിലെ ഒരു യുവാവ്. ഇരു കൈകൾക്കും വൈകല്യമുള്ള ഗയയിലെ കേന്ദുവ ഗ്രാമവാസിയായ ബ്രിജേഷ് കുമാർ പ്രതിസന്ധികളിൽ തളരാത്തവനാണ്. കൈകളുടെ ചലനശേഷി നഷ്ടപ്പെട്ടിട്ടും തന്റെ നിശ്ചയദാർഢ്യവും ആത്മവിശ്വാസവും കൊണ്ട് അയാൾ ജീവിതത്തെ ധീരമായി നേരിടുന്നു.

കാലുകൾ ഉപയോഗിച്ചാണ് ബ്രിജേഷ് തന്റെ ചിന്തകൾ എഴുതി ഫലിപ്പിക്കുന്നത്. ആ എഴുത്താകട്ടെ ഏതൊരു കാലിഗ്രാഫി കലാകാരനെയും അത്ഭുതപ്പെടുത്തുന്നതുമാണ്. ഒരു അപകടത്തെ തുടർന്ന് രണ്ട് കൈകളും മുറിച്ചുമാറ്റേണ്ടി വന്നതോടെയാണ് ബ്രിജേഷിന്റെ ജീവിതം മാറിമറിഞ്ഞത്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി തന്റെ ഗ്രാമത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനൊപ്പം പതിനഞ്ചോളം കുട്ടികളെ ഇയാൾ ദിവസവും പഠിപ്പിക്കുന്നുമുണ്ട്.

ചെറിയ പ്രതിസന്ധികളിൽ പോലും തളർന്നുപോകുന്ന സമൂഹത്തിലെ പലർക്കും ബ്രിജേഷിന്റെ ധീരത ഒരു വലിയ മാതൃകയാണ്. വൈകല്യങ്ങളുള്ള ആയിരക്കണക്കിന് ആളുകൾക്ക് ഒരു സ്വപ്നമായി തോന്നാവുന്ന നേട്ടങ്ങൾ സ്വന്തമാക്കിയ ഈ യുവാവ് അവർക്കെല്ലാം ഒരു വലിയ പ്രചോദനമാണ്. എഴുതുന്നതിന് പുറമെ രണ്ട് കാലുകളും ഉപയോഗിച്ച് മൊബൈൽ ഫോൺ പ്രവർത്തിപ്പിക്കാനും ഇയാൾക്ക് സാധിക്കും. കൂടാതെ മുറിച്ചുമാറ്റപ്പെട്ട കൈയുടെ ഭാഗം ഉപയോഗിച്ച് വൈറ്റ്ബോർഡിൽ എഴുതാനും ഇയാൾക്ക് കഴിയും. “മനസ്സുണ്ടെങ്കിൽ മാർഗ്ഗമുണ്ട്” എന്ന പഴഞ്ചൊല്ലിനെ അന്വർത്ഥമാക്കുന്നതാണ് ബ്രിജേഷിന്റെ ഓരോ നീക്കങ്ങളും.

കാലുകൾ കൊണ്ട് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനൊപ്പം, വായയും കൈയുടെ മുറിഞ്ഞ ഭാഗവും ഉപയോഗിച്ച് ഫോൺ കോളുകൾ വിളിക്കാനും ആപ്ലിക്കേഷനുകൾ ഉപയോഗിക്കാനും ഇയാൾക്ക് സാധിക്കുന്നുണ്ട്. വൈറ്റ്ബോർഡിന്റെ സഹായത്തോടെ നൂറുകണക്കിന് പാവപ്പെട്ട കുട്ടികൾക്കാണ് ബ്രിജേഷ് സൗജന്യ വിദ്യാഭ്യാസം നൽകുന്നത്. കൈയുടെ മുറിഞ്ഞ ഭാഗത്ത് റബ്ബർ ബാൻഡ് ഉപയോഗിച്ച് മാർക്കർ ഘടിപ്പിച്ചാണ് ഇയാൾ ബോർഡിൽ എഴുതുന്നത്. ബ്രിജേഷ് കഠിനമായ കണക്കുകൾ എളുപ്പത്തിൽ പരിഹരിക്കുന്നത് കാണുന്നത് തന്നെ ഒരു അത്ഭുതമാണ്. ഒന്നു മുതൽ പത്താം ക്ലാസ് വരെയുള്ള ഇവിടുത്തെ വിദ്യാർത്ഥികൾ തങ്ങളുടെ പഠന മികവിന് പിന്നിൽ ബ്രിജേഷിന്റെ മികച്ച മാർഗ്ഗനിർദ്ദേശമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.

പഠിക്കാൻ മിടുക്കനായിരുന്ന ബ്രിജേഷിന് ഒരു എഞ്ചിനീയർ ആകാനായിരുന്നു ആഗ്രഹം. എന്നാൽ 2015-ൽ 11,000 വോൾട്ട് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റതോടെ ഇയാളുടെ ജീവിതം മാറിമറിഞ്ഞു. ശരീരമാകെ ഗുരുതരമായി പൊള്ളലേറ്റ ബ്രിജേഷ് അഞ്ച് വർഷത്തോളം ചികിത്സയിലായിരുന്നു. ഈ കാലയളവിലാണ് കൈകൾ മുറിച്ചുമാറ്റേണ്ടി വന്നത്. കാലുകൾക്കും തലയ്ക്കും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

അപകടം കവർന്ന ജീവിതത്തിലും ബ്രിജേഷ് ഒട്ടും തളർന്നില്ല. ഇന്ന് വൈകല്യത്തിന്റെ പേരിലല്ല, മറിച്ച് തന്റെ ധീരതയുടെ പേരിലാണ് ഇയാൾ അറിയപ്പെടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ഒരു ജോലിക്കായുള്ള തീവ്ര ശ്രമത്തിലാണ് ഈ യുവാവ്. സ്വന്തം ഭാവി സുരക്ഷിതമാക്കുന്നതിനൊപ്പം പാവപ്പെട്ട കുട്ടികളുടെ ഭാവി കെട്ടിപ്പടുക്കാൻ കൂടിയാണ് താൻ സൗജന്യ വിദ്യാഭ്യാസം നൽകുന്നതെന്ന് ബ്രിജേഷ് പറയുന്നു. പ്രതിസന്ധികൾക്കിടയിലും മറ്റുള്ളവരെ സഹായിക്കാനാണ് ഇയാൾക്ക് താല്പര്യം.

ബ്രിജേഷിന്റെ അച്ഛൻ ഒരു സാധാരണ കർഷകനാണ്. കുടുംബം പുലർത്താനായി അദ്ദേഹം കൂലിപ്പണിക്കും പോകുന്നുണ്ട്. അപകടത്തിൽ നിന്നും നീണ്ട നാളത്തെ ചികിത്സയിൽ നിന്നും മുക്തനായ ശേഷം, 2023-ൽ ബ്രിജേഷ് പ്ലസ് ടു പാസാവുകയും ഇപ്പോൾ ബിരുദ പഠനം തുടരുകയും ചെയ്യുകയാണ്. അമ്മയുടെ വിയോഗമായിരുന്നു ഈ കുടുംബത്തിന് ഏറ്റവുമ വലിയ ആഘാതം. നാല് സഹോദരന്മാരും അച്ഛനുമടങ്ങുന്നതാണ് ഇയാളുടെ കുടുംബം. പ്രതികൂല സാഹചര്യങ്ങളെല്ലാം തരണം ചെയ്ത് എഞ്ചിനീയർ ആകുക എന്ന തന്റെ സ്വപ്നം നെഞ്ചിലേറ്റിയാണ് ബ്രിജേഷ് പഠനം മുന്നോട്ട് കൊണ്ടുപോകുന്നത്.

ഫോൺ ഉപയോഗിക്കുന്നത് മുതൽ എഴുതുന്നതും വായിക്കുന്നതും വരെയുള്ള എല്ലാ കാര്യങ്ങളും തനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ ചെയ്യാൻ സാധിക്കുമെന്നും എന്നാൽ അമ്മയെ രക്ഷിക്കാൻ കഴിയാത്തതിൽ വിഷമമുണ്ടെന്നും ബ്രിജേഷ് പറയുന്നു. ഒരു ചെറിയ ജോലിക്കായി ഇയാൾ ആഗ്രഹിക്കുന്നുണ്ടെങ്കിലും അപേക്ഷകളെല്ലാം നിരസിക്കപ്പെടുകയാണ്. ഇരു കൈകളുമില്ലാത്തതിനാൽ ജോലി ചെയ്യാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്.

തന്റെ കൂടെ ആര് നിൽക്കുമെന്നും എങ്ങനെ ജോലി ചെയ്യുമെന്നുമാണ് എല്ലാവരും ചോദിക്കുന്നത്. അതുകൊണ്ടാണ് അപേക്ഷകൾ നിരസിക്കപ്പെടുന്നത്. എന്നാൽ തങ്ങളെപ്പോലെയുള്ളവർക്ക് വിചാരിച്ചാൽ ചരിത്രം സൃഷ്ടിക്കാൻ കഴിയുമെന്ന് അവർക്കറിയില്ലെന്ന് ബ്രിജേഷ് ആത്മവിശ്വാസത്തോടെ പറയുന്നു. പ്രതിബന്ധങ്ങൾ ഏറെയുണ്ടെങ്കിലും ഇയാളുടെ പ്രതീക്ഷകൾ ഇപ്പോഴും ഉയർന്നതാണ്. ഭക്ഷണം പാകം ചെയ്യുന്നത് ഒഴികെ മറ്റെല്ലാ കാര്യങ്ങളും തനിക്ക് സ്വന്തമായി ചെയ്യാൻ കഴിയുമെന്ന് ഇയാൾ വ്യക്തമാക്കുന്നു. നിരന്തരമായ പരിശീലനത്തിലൂടെയാണ് കാലുകളെ കൈകൾ പോലെ ഉപയോഗിക്കാൻ ബ്രിജേഷ് ശീലിച്ചത്. തന്റെ സ്വപ്നങ്ങൾ എന്നെങ്കിലും യാഥാർത്ഥ്യമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ യുവാവ്. തന്റെ അവസ്ഥ സർക്കാർ അധികൃതർ പരിഗണിക്കുമെന്നാണ് ഇയാൾ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *